ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ഖത്തറിന്റെ മണ്ണിൽ നിന്നും കൊടിയിറങ്ങുമ്പോൾ മുൻ ചാമ്പ്യൻമാരായ ഫ്രാൻസിനെ തോൽപ്പിച്ച് ലോക കിരീടം സ്വന്തമാക്കിയിരിക്കുകയാണ് അർജന്റീന.
1978നും 1986നും ശേഷം നീണ്ട 36 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് കിരീടം സ്വന്തമാക്കിയ അർജന്റൈൻ ടീം മെസിയുടെ തോളിലേറിയാണ് ആ സ്വപ്നകിരീടത്തിൽ മുത്തമിട്ടത്.
ലോകകപ്പ് കിരീടം കൂടി സ്വന്തമാക്കാൻ സാധിച്ചതോടെ സാക്ഷാൽ മിശിഹയുടെ കരിയർ സമ്പൂർണമായിരിക്കുകയാണ്. ലോകകപ്പ് നേട്ടത്തോടെ ക്ലബ്ബ്,ഇന്റർനാഷണൽ കരിയറിലെ പ്രധാനപ്പെട്ട ടൈറ്റിലുകളെല്ലാം മെസി സ്വന്തം പേരിലാക്കിയിരിക്കുകയാണ്.
ഖത്തർ ലോകകപ്പിൽ നിന്നും ഏഴ് ഗോളുകളും അഞ്ച് അസിസ്റ്റുകളും അടക്കം സ്വന്തമാക്കി മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരത്തിന് അർഹനായിരിക്കുകയാണ് മെസി. ഖത്തറിൽ ഗോൾഡൻ ബോൾ നേടാൻ സാധിച്ചതോടെ രണ്ട് ഗോൾഡൻ ബോൾ പുരസ്കാരങ്ങൾ തന്റെ പേരിൽ കരസ്ഥമാക്കാൻ മെസിക്കായി.
എന്നാൽ ലോകകപ്പിൽ ആകെ ഒരു മത്സരത്തിൽ മാത്രമാണ് മെസിക്ക് ഗോളടിക്കാൻ സാധിക്കാതിരുന്നത്. ഗോളടിക്കാൻ സാധിച്ചില്ല എന്നത് മാത്രമല്ല പോളണ്ടിനെതിരെ മെസിക്ക് അസിസ്റ്റും നൽകാൻ സാധിച്ചില്ല. മെസിയെ സമ്പൂർണമായി പൂട്ടാൻ പോളണ്ട് പ്രതിരോധനിരക്ക് സാധിച്ചെങ്കിലും മാക്ക് അലിസ്റ്റർ, ജൂലിയൻ അൽവാരസ് എന്നിവരിലൂടെ ഗോളുകൾ സ്കോർ ചെയ്യാനും മത്സരത്തിൽ വിജയിക്കാനും അർജന്റീനക്ക് സാധിച്ചു.
സീരിഎയിൽ യുവന്റസ് ക്ലബ്ബിന് വേണ്ടി കളിക്കുന്ന താരമാണ് വോയിഷ്നിഹ് സ്റ്റാൻസെ. ലോകകപ്പിൽ മെസിയെ പൂട്ടാൻ സാധിച്ചെങ്കിലും നാല് ലോകകപ്പ് മത്സരങ്ങളിൽ നിന്നും അഞ്ച് ഗോളുകളാണ് സ്റ്റാൻസെ വഴങ്ങിയത്.
നാലിൽ രണ്ട് മത്സരങ്ങളും ക്ലീൻഷീറ്റ് ചെയ്യാൻ സാധിച്ചെങ്കിലും ബാക്കി രണ്ട് മത്സരങ്ങളിൽ നിന്നും അദ്ദേഹത്തിന് അഞ്ച് ഗോളുകൾ വഴങ്ങേണ്ടി വന്നു. ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഫ്രാൻസിനോട് തോറ്റാണ് പോളണ്ട് ലോകകപ്പിൽ നിന്നും പുറത്താകുന്നത്.
എന്നാൽ പോളണ്ടിനെതിരെ ഗോളുകളൊന്നും നേടാൻ സാധിച്ചിരുന്നില്ലെങ്കിലും ബാക്കിയുള്ള ആറ് ലോകകപ്പ് മത്സരങ്ങളിൽ നിന്നും ഗോളുകളും അസിസ്റ്റുകളും നേടാൻ മെസിക്കായി. സൗദി അറേബ്യക്കെതിരെയുള്ള അർജന്റീന പരാജയപ്പെട്ട മത്സരത്തിൽ പെനാൽട്ടിയിലൂടെ ഒരു ഗോളാണ് മെസി സ്വന്തമാക്കിയത്.
മെക്സിക്കോക്കെതിരെയുള്ള മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റുമാണ് മെസി കരസ്ഥമാക്കിയത്. ഓസ്ട്രേലിയക്കെതിരെയുള്ള പ്രീ ക്വാർട്ടർ മത്സരത്തിലും ഒരു ഗോൾ നേടാൻ മെസിക്കായി. നെതർലൻഡ്സിനെതിരെയുള്ള മത്സരത്തിൽ ഒരു പെനാൽറ്റി ഗോളും അസിസ്റ്റുമാണ് മെസി സ്വന്തമാക്കിയത്.
ക്രൊയേഷ്യക്കെതിരെയും ഒരു പെനാൽട്ടി ഗോളും ഒരു അസിസ്റ്റും മെസി നേടി. ലോകകപ്പ് ഫൈനലിൽ മെസി രണ്ട് ഗോളുകളാണ് ഫ്രാൻസിനെതിരെ നേടിയത്. അതിലൊന്ന് പെനാൽട്ടി ഗോളായിരുന്നു.
ലോകകപ്പിൽ നേടിയ മൊത്തം ഏഴ് ഗോളിൽ നാലും മെസി പെനാൽട്ടി വഴിയാണ് സ്വന്തമാക്കിയത്. അതേസമയം ലോകകപ്പ് വിജയിക്കാൻ സാധിച്ചതോടെ നീണ്ട 20 വർഷങ്ങൾക്ക് ശേഷം ലോകകിരീടം ലാറ്റിനമേരിക്കയിലേക്ക് എത്തിയിരിക്കുകയാണ്. അവസാനമായി ബ്രസീലാണ് 2002ൽ ലാറ്റിനമേരിക്കയിൽ കിരീടമെത്തിച്ചത്.
Content Highlights:Seven matches, seven goals, the only goalkeeper to stop Messi