| Sunday, 1st December 2024, 11:35 am

തെലങ്കാനയില്‍ പൊലീസ് ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തെലങ്കാനയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മുളുഗു ജില്ലയിലെ വനമേഖലയിലായിരുന്നു ഏറ്റുമുട്ടല്‍. മാവോയിസ്റ്റ് നേതാവായ പാപ്പണ്ണ എന്ന ബദ്രുവും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ആന്ധ്ര-തെലങ്കാന പൊലീസ് യൂണിറ്റുകളുടെ സംയുക്ത മാവോയിസ്റ്റ് എന്‍കൗണ്ടര്‍ ഗ്രൂപ്പായ ഗ്രേ ഹൗസ് നടത്തിയ ഓപ്പറേഷനിലൂടെയാണ് മാവോയിസ്റ്റുകളെ വധിച്ചത്. മുളുഗു ജില്ലയിലെ എട്ടൂരു നഗരം മണ്ഡല്‍ എന്ന സ്ഥലത്ത് വെച്ചാണ് പൊലീസും മാവോവാദികളും ഏറ്റുമുട്ടിയത്. അടുത്തകാലത്തായി നടന്ന ഏറ്റവും വലിയ ഏറ്റുമുട്ടലാണിത്.

അടുത്തിടെ ഛത്തീസ്ഗഢിലെ സുഗ്മയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു . കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവായ ബദ്രു സംഘടനയുടെ ഏരിയ സെക്രട്ടറിയാണ്. കുറച്ച് കാലമായി പൊലീസിന്റെ വാണ്ടഡ് ലിസ്റ്റില്‍ ഉള്ള ആളായിരുന്നു ഇയാള്‍.

പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായിരുന്നു എന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പ്രദേശത്ത് നിന്ന് വലിയ ആയുധശേഖരവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ രണ്ട് എ.കെ. 47 തോക്കുകളും ഉള്‍പ്പെടുന്നു. കഴിഞ്ഞ ദിവസം കര്‍ണാടകയിലും സമാനമായ രീതിയില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു.

Content Highlight: Seven Maoists killed in police encounter in Telangana

We use cookies to give you the best possible experience. Learn more