| Thursday, 9th November 2017, 7:29 am

ഐ.എസ് പ്രചാരകരായ 'ബഹ്‌റൈന്‍ ഗ്രൂപ്പില്‍' മലയാളികളും; മുജാഹിദ് നേതാവുള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പ്രചാരണത്തിനായി ബഹ്റൈനില്‍ രൂപംകൊണ്ട ഗ്രൂപ്പില്‍ ഏഴു മലയാളികള്‍ ഉള്‍പ്പെട്ടതായി പൊലീസ്. കഴിഞ്ഞയാഴ്ച കണ്ണൂരില്‍ പിടിയിലായ യു.കെ. ഹംസയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ വണ്ടൂര്‍ പൊലീസ് കേസെടുത്തു.


Also Read: ഒടുവില്‍ അന്വേഷണം; തോമസ് ചാണ്ടിക്കെതിരായ ആരോപണം വിജിലന്‍സ് എസ്.പി അന്വേഷിക്കും


വാണിയമ്പലം സ്വദേശിയും സലഫി നേതാവുമായ മനയില്‍ അശ്റഫ് മൗലവി, കൊണ്ടോട്ടി സ്വദേശി മന്‍സൂര്‍, താമരശ്ശേരി സ്വദേശി ഷൈബുനിഹാര്‍, വടകര സ്വദേശി മന്‍സൂര്‍, കണ്ണൂര്‍ ചാലാട് സ്വദേശി ഷഹനാദ്, കൊയിലാണ്ടി ഫാജിദ്, വാണിയമ്പലം സ്വദേശി മുഹദ്ദിസ് എന്നിവരുടെ പേരിലാണ് കേസെടുത്തത്. യു.എ.പി.എ. പ്രകാരമാണ് വണ്ടൂരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് അന്വേഷണ സംഘത്തലവന്‍ എം.പി. മോഹനചന്ദ്രന്‍ പറഞ്ഞു.

നേരത്തെ കണ്ണൂരില്‍ പിടിയിലായ ബിരിയാണി ഹംസയെന്ന യു.കെ ഹംസ ഐസിന്റെ മുഖ്യപരിശീലകരില്‍ ഒരാളാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ അറസ്റ്റിനെത്തുടര്‍ന്നാണ് ഐ.എസുമായി ബന്ധമുള്ള കൂടുതല്‍പ്പേരുടെ വിവരങ്ങള്‍ പുറത്തുവന്നത്.

ബഹ്റൈനിലെ അല്‍ അന്‍സാര്‍ സെന്ററില്‍ ഐ.എസ്. അനുകൂലികളായ മലയാളികളാണ് പ്രത്യേകസംഘമായി യോഗം ചേര്‍ന്നത്. ഇതിനെയാണ് “ബഹ്റൈന്‍ ഗ്രൂപ്പ്” എന്ന് പൊലീസ് വിശേഷിപ്പിക്കുന്നത്. ഇവര്‍ ഐ.എസ്. ആശയങ്ങള്‍ ഉള്‍ക്കൊന്‍ പരിശീലനം നടത്തിയെന്നും പൊലീസ് പറയുന്നു.

അതേസമയം, അന്‍സാര്‍ സെന്റര്‍ ഇക്കാര്യം നിഷേധിച്ചു. തീവ്രവാദപ്രചാരണത്തിനെതിരേ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് അന്‍സാര്‍ സെന്റര്‍ എന്നാണ് വിശദീകരണം. സെന്ററിന്റെ വിശദീകരണം പൊലീസും ശരിവയ്ക്കുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്ഥാപനത്തിന്റെ അറിവില്ലാതെയുള്ള രഹസ്യ കൂടിച്ചേരലാണ് നടന്നതെന്നാണ് പൊലീസ് പറയുന്നത്.


Dont Miss: ഇന്ത്യയില്‍ മതസ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ അമേരിക്കയുടെ 3.25 കോടി രൂപ സഹായം


പെരിന്തല്‍മണ്ണയില്‍ പ്രത്യേകയോഗം ചേര്‍ന്നാണ് ഇവര്‍ സിറിയയിലേക്ക് പോകാനുള്ള തീരുമാനമെടുത്തതെന്നാണ് പൊലീസ് പറയുന്നത്. ഹംസയുടെ നിര്‍ദേശമനുസരിച്ചായിരുന്നു യോഗം. ഉത്തരമേഖലാ ഡി.ജി.പി. രാജേഷ് ദിവാന്റെ നിര്‍ദേശപ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

ബഹ്റൈന്‍, പെരിന്തല്‍മണ്ണ, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ ഇവര്‍ യോഗം ചേര്‍ന്നതുസംബന്ധിച്ച വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് കണ്ണൂര്‍ ഡിവൈ.എസ്.പി. പി.പി. സദാനന്ദന്‍ ഡി.ജി.പി.ക്ക് കൈമാറിയിരുന്നു. ഹംസയുടെ മൊഴിയും റിപ്പോര്‍ട്ടിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സിറിയയിലേക്ക് പോകുന്നതുസംബന്ധിച്ച് ചില ആശയക്കുഴപ്പമുണ്ടായിരുന്നു. ഇതില്‍ വ്യക്തത വരുത്താന്‍ ബഹ്റൈന്‍ ഗ്രൂപ്പ് കേരളത്തിലെത്തി തലശ്ശേരിയിലെ ബിരിയാണി ഹംസ എന്നുവിളിക്കുന്ന യു.കെ. ഹംസയുടെ ഉപദേശം തേടി. ഇതിനുശേഷമാണ് പെരിന്തല്‍മണ്ണയിലും പെരുമ്പാവൂരിലും സംഘാംഗങ്ങളുടെ വീടുകളില്‍ ഒത്തുകൂടിയത്. പിന്നീട് സിറിയയിലേക്ക് പോയി.

വാണിയമ്പലം സ്വദേശിയുള്‍പ്പെടെ നാലുപേര്‍ മാസങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടതായും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബഹ്‌റൈനില്‍ ജോലി ചെയ്തിരുന്ന ഇവര്‍ ഇവിടെ നിന്നാണ് സിറിയയിലേക്ക് കടന്നതെന്നാണ് വിവരങ്ങള്‍.

We use cookies to give you the best possible experience. Learn more