| Monday, 14th March 2022, 8:37 pm

ഇതുവരെ നേടിയത് ഏഴ് ഗോള്‍; ആരാധകരില്‍ നിന്നുള്ള അപമാനം; പി.എസ്.ജിയില്‍ നില്‍ക്കകള്ളിയില്ലാതെ മെസി

സ്പോര്‍ട്സ് ഡെസ്‌ക്

നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ബാഴ്സ വിട്ട അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസി പി.എസ്.ജിക്കു വേണ്ടി ഇതുവരെ നേടിയത് ഏഴ് ഗോള്‍. പത്ത് ഗോളുകള്‍ക്ക് വഴിയൊരുക്കി ഫ്രഞ്ച് ക്ലബ്ബില്‍ തന്റെ പ്ലേമേക്കിങ് വൈദഗ്ധ്യം മെസി പ്രകടമാക്കുന്നുണ്ടെങ്കിലും ഈ ഫോമില്‍ താരവും ആരാധകരും തൃപ്തരല്ല.

ചാമ്പ്യന്‍സ് ലീഗില്‍ ആദ്യപാദം ജയിച്ചതിന് ശേഷം റയല്‍ മാഡ്രിഡിനോട് തോറ്റ് പുറത്താവുക കൂടി ചെയ്തത് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസക്കിയിരിക്കുകയാണ്.

കഴിഞ്ഞ മത്സരത്തില്‍ മെസിയെ ഒരോ ടച്ചിലും കൂവി വിളിച്ച് പി.എസ്.ജിയുടെ ആരാധകര്‍ രംഗത്തെത്തിയതും താരത്തിന്റെ കരിയറിലെ അപൂര്‍വം സന്ദര്‍ഭങ്ങളിലൊന്നായിരുന്നു.

ചാമ്പ്യന്‍സ് ലീഗിലെ തോല്‍വിയുടെ നിരാശയ്ക്ക് ശേഷമുള്ള പി.എസ്.ജിയുടെ ആദ്യ മത്സരത്തിലാണ് ആരാധകര്‍ മെസിക്കും ബ്രസീലിയന്‍ സഹ താരം നെയ്മറിനും എതിരെ കൂവി വിളിച്ചത്.

മെസിയായിരുന്നു കൂടുതല്‍ സമയം കൂവലിന് ഇരയായത്. ബുധനാഴ്ച രാത്രി റയല്‍ മാഡ്രിഡിനെതിരെ തോറ്റു കൊണ്ട് ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പി.എസ്.ജി പുറത്തായിരുന്നു.

വന്‍ സൈനിങ്ങുകള്‍ നടത്തിയിട്ടും പി.എസ്.ജിയുടെ യൂറോപ്പിലെ റെക്കോര്‍ഡ് മോശമായി തുടരുന്നത് ആരാധകരെ ഏറെ വേദനിപ്പിക്കുന്നുണ്ട്. മെസിയുടെ ജീവിതത്തില്‍ ഇതാദ്യമായാണ് സ്വന്തം ആരാധകരുടെ കൂവല്‍ നേരിടേണ്ടി വരുന്നത്. എന്നാല്‍ എമ്പാപ്പെ അടക്കമുള്ള മറ്റു പി.എസ്.ജി താരങ്ങള്‍ യാതൊരു പ്രതിഷേധവും നേരിട്ടില്ല.

അതേസമയം, മത്സരത്തില്‍ മികച്ച പ്രകടനം മെസിയും നെയ്മറും നടത്തിയത്. നെയ്മര്‍ ഒരു ഗോള്‍ നേടിയപ്പോള്‍ പി.എസ്.ജി നേടിയ മൂന്നു ഗോളുകളുടെയും പിന്നില്‍ മെസി ഉണ്ടായിരുന്നു. വിജയത്തോടെ ലീഗ് ടേബിളിലെ ലീഡ് പതിനഞ്ചായി വര്‍ധിപ്പിക്കാനും പി.എസ്.ജിക്കു കഴിഞ്ഞു.

മെസിയുടെ ഭാവി

മെസി തന്റെ പഴയ തട്ടകമായ ബാഴ്സലോണയിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സ്ഥിരീകരണമില്ല.

പി.എസ്.ജിയില്‍ പ്രയാസപ്പെടുന്ന അര്‍ജന്റീനാ താരം ചുവടുമാറ്റത്തെക്കുറിച്ച് ആലോചിക്കുന്നതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി ബാഴ്സലോണയുമായി പ്രാഥമികഘട്ട ചര്‍ച്ച ആരംഭിച്ചുവെന്നും വരും ആഴ്ചകളില്‍ ഇക്കാര്യത്തില്‍ പുതിയ സംഭവവികാസങ്ങള്‍ ഉണ്ടാകുമെന്നും ഫുട്ബോള്‍ റിപ്പോര്‍ട്ടറായ ജെറാര്‍ഡ് റൊമേറോ പറഞ്ഞു.

2022-23 സീസണ്‍ അവസാനത്തോടെ ഫ്രീ ഏജന്റാവുന്ന മെസിയെ അപ്പോള്‍ ബാഴ്സലോണ സ്വന്തമാക്കിയേക്കുമെന്ന സൂചന നേരത്തെയുണ്ട്.

ഒരു സീസണ്‍ ബാഴ്സയില്‍ കളിച്ച ശേഷം മെസി അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറിലേക്ക് കൂടുമാറുമെന്നും ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള മയാമി എഫ്.സി, മെസിക്കു വേണ്ടി ഇപ്പോഴേ ചരടുവലി നടത്തുന്നുണ്ടെന്നും മറ്റു ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

CONTENT HIGHLIGHTS: Seven goals scored so far; Insults from fans; Messi Not satisfied in PSG

We use cookies to give you the best possible experience. Learn more