50ാം വയസിലും മിന്നല്‍ വേഗവുമായി കാളികാവിന്റെ സെവന്‍സ് താരങ്ങള്‍
സഫ്‌വാന്‍ കാളികാവ്

ഒരു കാലത്ത് സെവന്‍സ് ഫുട്‌ബോളിലെ ഒഴിച്ചുകൂടാനാകാത്ത പേരായിരുന്നു കെ.എഫ്.സി. കാളികാവ്. കളിക്കളം തങ്ങള്‍ക്ക് നഷ്ടങ്ങള്‍ മാത്രമേ സമ്മാനിച്ചുള്ളുവെങ്കിലും ഫുട്‌ബോളിന്റെ ആവേശം ഇന്നും ഈ 50 പിന്നിട്ട ‘ചെറുപ്പക്കാര്‍’ കെടാതെ സൂക്ഷിക്കുന്നു. ഒരിക്കല്‍ കൂടി കാളികാവിനെ കേരള ഫുട്‌ബോള്‍ ഭൂപടത്തില്‍ എഴുതിച്ചേര്‍ക്കാനായി പന്ത് തട്ടുകയാണിവര്‍.

കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോ ഉണ്ടായായിരുന്നു. അത്യാവശ്യം പ്രായമായ ഒരാള്‍ ചെറുപ്പക്കാര്‍ക്കിടയില്‍ അതിമനോഹരമായി പന്ത് തട്ടുന്ന ഒരു വീഡിയോ. ഇന്‍സ്റ്റഗ്രാമിലെ പ്രമുഖ കായിക പേജുകളും ഈ വീഡിയോ പങ്കുവെച്ചിരുന്നു.

ഒരു കാലത്ത് അഖിലേന്ത്യാ സെവന്‍സ് ഫുട്ബോളില്‍ അതികായന്‍മാരായിരുന്ന കെ.എഫ്.സി കാളികാവ് എന്ന ഫുട്‌ബോള്‍ ക്ലബ്ബിലെ മുന്‍ താരം കെ.ടി അഷ്റഫാണ് ആ വൈറല്‍ താരം.

കെ.ടി അഷ്‌റഫ് ഒരു പ്രതീകം മാത്രമാണ്. ഫുട്‌ബോളിനെ ഒരു പാഷനായി, തങ്ങളുടെ ജീവനായി കൊണ്ടുനടക്കുന്ന സാധാരണക്കാരായ കുറേയധികം ഫുട്‌ബോള്‍ പ്രേമികളും കളിക്കാരുമുള്ള കാളികാവ് എന്ന മലയോര ഗ്രാമത്തിന്റെ പ്രതീകം.

90കളില്‍ കളിക്കളങ്ങളില്‍ ജീവിച്ച അഷ്റഫിനെ കൂടാതെ നസീര്‍, ഷാജി, മുജീബ്, രാജന്‍, പിന്നീട് വന്ന ജംഷീര്‍ എന്നിവരെല്ലാം തങ്ങളുടെ ഫുട്‌ബോള്‍ പ്രണയം പുതുതലമുറക്ക് പകര്‍ന്നുനല്‍കുകയാണ്.

പ്രദേശത്തിന്റെ പിന്നാക്കാവസ്ഥ കൊണ്ടും ഫുട്‌ബോളിന്റെ പ്രൊഫഷണല്‍ സാധ്യതകളെക്കുറിച്ച് പറഞ്ഞുനല്‍കാന്‍ ആരുമില്ലാതിരുന്നത് കൊണ്ടും ഫുട്‌ബോള്‍ തങ്ങള്‍ക്കെക്കാലവും നല്‍കിയത് നഷ്ടങ്ങള്‍ മാത്രമാണെന്നിവര്‍ പറയുന്നു.

തങ്ങള്‍ക്ക് നഷ്ടമായ കായിക ഭാവി നാടിന്റെ പുതിയ തലമുറയ്ക്കെങ്കിലും ലഭിക്കണം എന്ന ആഗ്രഹത്തിലാണിവരിന്ന് ജീവിക്കുന്നത്. തങ്ങള്‍ കളിച്ചിരുന്ന കാലത്തെ പരിമിതികള്‍ക്ക് അവര്‍ പരിഹാരവും കാണുന്നു. പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ സ്വന്തമായി ഒരു സ്പോര്‍ട്സ് ഷോപ്പ് നടത്തുകയാണിന്ന് അഷ്റഫ്.

പണ്ടുകാലത്ത് ഇവര്‍ക്കൊപ്പം ജില്ലാ തല മത്സരങ്ങളില്‍ കളിച്ച പല താരങ്ങളും പ്രൊഫഷണല്‍ ഫുട്‌ബോളിന്റെ ഭാഗമായി പിന്നീട് സര്‍ക്കാര്‍ സര്‍വീസുകളിലെത്തിയപ്പോള്‍ തങ്ങള്‍ സെവന്‍സില്‍ മാത്രമായി ഒതുങ്ങിപ്പോയെന്നും ഇവര്‍ ഓര്‍ത്തെടുക്കുന്നു.

പ്രായഭേദമന്യേ ഒരു നാടൊന്നിച്ച് കളിക്കളത്തിലിറങ്ങുന്ന കാഴ്ചയാണ് കാളികാവില്‍. ഫുട്‌ബോളിനെ ജീവന് തുല്യം സ്‌നേഹിച്ചിട്ടും പ്രാദേശിക സ്വീകാര്യതകള്‍ക്കപ്പുറം ഒന്നും നേടാന്‍ കഴിയാതെ പോയവര്‍ അവരുടെ മക്കള്‍ക്കൊപ്പം സ്വപ്നങ്ങളുടെ പന്ത് തട്ടുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Famous Sevens Football team of Kalikavu, Malappuram and viral old football player Asharaf

സഫ്‌വാന്‍ കാളികാവ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.