| Monday, 5th December 2022, 8:51 pm

2022 മലയാള സിനിമ കോടതി കയറിയ വര്‍ഷം | D Movies

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊവിഡ് ലോക്ഡൗണ്‍ ഏല്‍പിച്ച ആഘാതത്തില്‍ നിന്നും മലയാള സിനിമ കര കയറിയ വര്‍ഷമായിരുന്നു 2022. തിയേറ്ററുകളിലേക്ക് വരാന്‍ മടിച്ചിരുന്ന ജനത്തെ മികച്ച സിനിമകളിലൂടെ മോളിവുഡ് തിയേറ്ററുകളിലേക്ക് തിരികെ എത്തിച്ചു. ഒരുപിടി കോര്‍ട്ട് റൂം ഡ്രാമകളും തിയേറ്ററുകളിലെത്തിയ വര്‍ഷമാണ് 2022. ഏഴ് സിനിമകളാണ് കോടതിയുമായി ബന്ധപ്പെട്ട് ഈ വര്‍ഷം തിയേറ്ററുകളിലെത്തിയത്.

സൈക്കോ ത്രില്ലര്‍ ഴോണറില്‍ ചുറ്റിക്കൊണ്ടിരുന്ന മലയാള സിനിമയില്‍ ഈ വര്‍ഷം ആഞ്ഞടിച്ച തരംഗം കോര്‍ട്ട് റൂം ഡ്രാമകളായിരുന്നു. അഞ്ചാം പാതിരക്ക് ശേഷം പിന്നീട് വ്യാപകമായി വന്ന സൈക്കോ ത്രില്ലര്‍ വേവില്‍ നിന്നും കോര്‍ട്ട് റൂം ഡ്രാമകളിലേക്ക് മലയാള സിനിമ മാറുകയായിരുന്നു.

ടൊവിനോ-ആഷിക് ആബു കൂട്ടുകെട്ടിലെത്തിയ നാരദനാണ് ആദ്യം വന്നത്. ചിത്രത്തിന്റെ രണ്ടാം പകുതി ഏതാണ്ട് മുഴുവനായും കോടതിക്കുള്ളിലായിരുന്നു. തിയേറ്ററില്‍ പരാജയപ്പെട്ട ചിത്രത്തില്‍ ഏറ്റവും വിരസമായതും ഈ കോടതി രംഗങ്ങളായിരുന്നു. മാധ്യമപ്രവര്‍ത്തനത്തിനെ പറ്റിയും മാധ്യമപ്രവര്‍ത്തനത്തിലെ എത്തിക്‌സിനെ പറ്റിയുമുള്ള ഒരു പ്രീച്ചിങ്ങായിരുന്നു ചിത്രം. 2022ലെ കോടതി ബേസ് ചെയ്ത സിനിമകള്‍ക്ക് തുടക്കമിട്ട നാരദന്‍ പരാജയപ്പെട്ടുവെങ്കിലും പിന്നാലെ വന്ന ജന ഗണ മന വലിയ തരംഗം തന്നെയാണ് ഉണ്ടാക്കിയത്.

ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ഏപ്രില്‍ 28നാണ് തിയേറ്ററുകളില്‍ എത്തിയത്. ഇന്ത്യയിലെ ജാതി-മത-രാഷ്ട്രീയ സമവാക്യങ്ങളെ നിശിതമായി വിമര്‍ശിച്ച സിനിമ കേരളത്തിന് പുറത്തേക്കും സ്വീകരിക്കപ്പെട്ടു. കോടതി മുറിയിലെ അരവിന്ദ് സ്വാമിനാഥന്റെ മാസ് പൊളിറ്റിക്കല്‍ ഡയലോഗുകള്‍ ഇന്നത്തെ ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹിക ഉച്ഛനീചത്വങ്ങളുടെ തുറന്നുകാട്ടലായിരുന്നു. പൊളിടിക്‌സിനൊപ്പം കേസിലെ ഓരോ ഇഴയും അഴിയുന്നതിനാല്‍ ഒരു ത്രില്ലിറിന്റെ സ്വഭാവവും കൂടി ജന ഗണ മനക്കുണ്ടായിരുന്നു.

ജന ഗണ മനക്ക് ശേഷം വീണ്ടും കോര്‍ട്ട് റൂം ഡ്രാമയുമായി വന്നത് ടൊവിനോയും കീര്‍ത്തി സുരേഷുമായിരുന്നു. വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്ത വാശി ഒരു സെക്ഷ്വല്‍ ഹരാസ്‌മെന്റ് കേസിനെ ഗ്രേ ഷേഡില്‍ സമീപിക്കുകയായിരുന്നു. അതിജീവിതയുടെയോ പ്രതിയുടെയോ പക്ഷം പിടിക്കാതെ രണ്ട് ഭാഗത്തേയും സൂക്ഷമതലങ്ങള്‍ ഇഴകീറി പരിശോധിച്ച ചിത്രം തിയേറ്ററുകളില്‍ ഒരു ചലനവും ഉണ്ടാക്കിയില്ല.

വാശിക്ക് ശേഷം വന്ന കോര്‍ട്ട് റൂം ഡ്രാം കുഞ്ചാക്കോ ബോബന്റെ ന്നാ താന്‍ കേസ് കൊട് ആയിരുന്നു. കാസര്‍ഗോഡിന്റെ പശ്ചാത്തലത്തില്‍ വേറിട്ട ശൈലിയില്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ അണിയിച്ചൊരുക്കിയ ചിത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. വഴിയിലെ കുഴി പോസ്റ്റര്‍ വിവാദത്തില്‍ റിലീസ് ദിനത്തില്‍ തന്നെ ചിത്രം ചര്‍ച്ചകളിലേക്ക് ഉയര്‍ന്നിരുന്നു.

തനിക്ക് കിട്ടേണ്ട നീതിക്കും അവകാശങ്ങള്‍ക്കും വേണ്ടിയുള്ള സാധാരണക്കാരന്റെ പോരാട്ടം പ്രേക്ഷകര്‍ക്ക് വളരെ വേഗം കണക്ടായി. ഒപ്പം കാസര്‍ഗോട്ടെ ഒരു കോടതി മുറിയും അവിടുത്തെ സംഭവവികാസങ്ങളും റിയലിസ്റ്റിക്കായി പറഞ്ഞുപോകുന്നതും ചിത്രത്തെ വേറിട്ട് നിര്‍ത്തി. ഒപ്പം സിറ്റുവേഷണല്‍ കോമഡികളും ഈ ചിത്രത്തിലെ കോര്‍ട്ട് റൂമിന് ഒരു ഹ്യൂമര്‍ എലമെന്റ് നല്‍കി.

ആസിഫ് അലി, നിവിന്‍ പോളി എന്നിവര്‍ ഒന്നിച്ച എബ്രിഡ് ഷൈന്‍ ചിത്രം മഹാവീര്യറായിരുന്നു അടുത്തതായി കോടതി പശ്ചാത്തലത്തില്‍ ഒരുങ്ങിയത്.
മാജിക്കല്‍ റിയലിസത്തിനൊപ്പം പറഞ്ഞ കോര്‍ട്ട് റൂം ഡ്രാമയായിരുന്നു മഹാവീര്യര്‍. രാജവാഴ്ചയേയും ജനാധിപത്യ കാലത്തേയും ഒന്നിപ്പിച്ച ചിത്രം ചര്‍ച്ചകള്‍ക്ക് വഴിവെച്ചെങ്കിലും വമ്പന്‍ വിജയമായില്ല.

നവംബറിലാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സുമായി വിനീത് ശ്രീനിവാസന്‍ വരുന്നത്. നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ചിത്രം ഒരുപക്ഷേ ഡാര്‍ക് ഹ്യൂമര്‍ ഴോണറിനെ ഏറ്റവും നന്നായി ഉപയോഗിച്ച മലയാള ചിത്രമായിരിക്കാം. കോടതി രംഗങ്ങള്‍ അധികം ചിത്രത്തിലില്ലെങ്കിലും കോടതിയും കേസുകളും കേസുകള്‍ക്കുള്ളിലെ പഴുതുകളും ചിത്രത്തിലെ നിര്‍ണായക ഘടകങ്ങളായിരുന്നു. വലിയ പ്രേക്ഷകസ്വീകാര്യതയാണ് ഈ ചിത്രവും നേടിയത്.

2022ലെ കോര്‍ട്ട് റൂം ഡ്രാമകളില്‍ ഏറ്റവും ഒടുവില്‍ എത്തിയത് തരുണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളക്കയാണ്. ഓപ്പറേഷന്‍ ജാവക്ക് ശേഷം എത്തുന്ന തരുണ്‍ മൂര്‍ത്തി ചിത്രം എന്ന ഹൈപ്പും സൗദി വെള്ളക്കക്ക് ഉണ്ടായിരുന്നു. പ്രേക്ഷക പ്രതീക്ഷകളെ കാത്ത തരുണ്‍ പ്രേക്ഷകരുടെ മനസ് നിറച്ചാണ് തിയേറ്ററുകളില്‍ നിന്നും മടക്കി അയച്ചത്. സോഷ്യല്‍ ഡ്രാമ എന്ന ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ നിയമ വ്യവസ്ഥതിയില്‍ കേസുകളിലെ കാലതാമസം മനുഷ്യജീവിതങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് കൂടിയാണ് ചിത്രം കാണിച്ചു തന്നത്.

Content Highlight: Seven films related to the court hit the theaters in 2022 video story 

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്