| Saturday, 27th May 2023, 12:57 pm

ലൊക്കേഷൻ ഇഷ്ടമായില്ല, അദ്ദേഹം പാക്ക് അപ്പ് പറഞ്ഞു, മോഹൻലാൽ വരെ അവിടെ ഉണ്ടായിരുന്നു: സെവൻ ആർട്സ് മോഹൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രൊഡക്ഷൻ കൺട്രോളർ ആയി തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാവുകയും പിന്നീട് നിർമാതാവായി മാറുകയും ചെയ്തയാളാണ് സെവൻ ആർട്സ് മോഹനൻ. സംവിധായകൻ ജോഷിയെപ്പറ്റിയും സിനിമാജീവിതത്തെപ്പറ്റിയും മാസ്റ്റർബിൻ ഒഫീഷ്യലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് അദ്ദേഹം.

നാടുവാഴികൾ എന്ന ചിത്രത്തിലാണ്‌ ആദ്യമായി ജോഷിയുടെ കൂടെ ജോലി ചെയ്യുന്നതെന്നും പിന്നീട് ഒരു സിനിമയിലും തന്നെ ഒഴിവാക്കിയിട്ടില്ലെന്നും മോഹൻ പറഞ്ഞു. എത്ര വലിയ താരങ്ങൾ ഉണ്ടെങ്കിലും ക്രമീകരണങ്ങൾ ഇഷ്ട്ടമാകാതെ വന്നാലോ ലൊക്കേഷൻ ഇഷ്ടമാകാതെ വന്നാലോ ജോഷി പാക്ക് അപ്പ് പറയുമെന്നും അദ്ദേഹം പറഞ്ഞു.

”നാടുവാഴികൾ’ ആണ് ഞാൻ ആദ്യമായി ജോഷി സാറിന്റെ കൂടെ ചെയ്യുന്ന ചിത്രം. ആ സിനിമ ചെയ്തതിനു ശേഷം അദ്ദേഹം എന്നെ വിട്ടിട്ടില്ല. പിന്നെ അദ്ദേഹത്തിന്റെ ഏത് സിനിമ വന്നാലും എന്നെ വിളിക്കും. നാടുവാഴികൾക്ക് ശേഷം അദ്ദേഹത്തിന്റെ മൂന്നോ നാലോ ചിത്രങ്ങൾ മാത്രമാണ് ഞാൻ ചെയ്യാതിരുന്നിട്ടുള്ളു. ബാക്കി എല്ലാ ചിത്രങ്ങളും ഞാൻ ആണ് ചെയ്തത്. പ്രൊഡക്ഷൻ കാരണങ്ങൾകൊണ്ടും എന്റെ ചില കുഴപ്പങ്ങൾകൊണ്ടും ചെയ്യാൻ പറ്റാതിരുന്നതാണ്. എനിക്ക് അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യാൻ വളരെ ഇഷ്ടമാണ്. ചെയ്യുന്ന പണി കൃത്യമായിട്ട് ചെയ്തില്ലെങ്കിൽ അദ്ദേഹം വഴക്ക് പറയും. എനിക്ക് ഇതുവരെ അങ്ങനെ വഴക്ക് കേൾക്കേണ്ടി വന്നിട്ടില്ല,’ മോഹൻ പറഞ്ഞു.

ഉദ്ദേശിക്കുന്ന രീതിയിൽ സജീകരണങ്ങൾ ചെയ്തിട്ടില്ലെങ്കിൽ ജോഷി സിനിമ ഷൂട്ട് ചെയ്യില്ലെന്നും, പ്രജ എന്ന ചിത്രത്തിന്റെ ലൊക്കേഷൻ ഇഷ്ടമാകാതെ വന്നതുകൊണ്ട് ഷൂട്ടിങ് അദ്ദേഹം പാക്ക് അപ്പ് ചെയ്തിട്ടുണ്ടെന്നും മോഹൻ പറഞ്ഞു.

‘ജോഷി സാർ പറയുന്ന കാര്യങ്ങൾ ഞാൻ ക്രമീകരിച്ച് കൊടുക്കുമെന്ന് സാറിന് നല്ല ഉറപ്പുണ്ട്. എന്നെക്കൊണ്ട് അത് കഴിയുമെന്നുള്ള വിശ്വാസം എനിക്കും ഉണ്ട്. ഇതുവരെ അദ്ദേഹത്തിന്റെ ആവശ്യപ്രകാരമുള്ള കാര്യങ്ങൾ ഞാൻ സജീകരിച്ച് കൊടുക്കാതിരുന്നിട്ടില്ല. ജോഷി സാർ തന്നെ പ്രൊഡ്യൂസ് ചെയ്ത സിനിമയാണ്‌ പ്രജ. സ്വയം പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രമായതുകൊണ്ട് എന്തും ചെയ്യാമെന്ന് അദ്ദേഹം വിചാരിച്ചിട്ടില്ല. സിനിമക്ക് വേണ്ടി അദ്ദേഹം ഒരു വിട്ടുവീഴ്ചയും ചെയ്യില്ല.

ഒരിക്കൽ അദ്ദേഹം പ്രൊഡ്യൂസ് ചെയ്ത ചിത്രത്തിന്റെ ഔട്ഡോർ ഷൂട്ട് നടക്കുകയായിരുന്നു. ആയിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ ഉണ്ടായിരുന്നു. മറ്റ് ആർട്ടിസ്റ്റുകൾ വന്നിട്ടും ഉണ്ടായിരുന്നു. സാർ രാവിലെ ഷൂട്ട് ചെയ്യാൻ എത്തിയപ്പോൾ അദ്ദേഹത്തിന് ലൊക്കേഷൻ ഇഷ്ടപ്പെട്ടില്ല. മോഹൻലാൽ അടക്കമുള്ള ആർട്ടിസ്റ്റുകൾ ഉണ്ടായിരുന്നു. അദ്ദേഹം അവിടെ വെച്ച് പാക്ക് അപ്പ് പറഞ്ഞു. സ്വയം പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രമാണെന്നോ പണം നഷ്ടമാകുമെന്നോ അദ്ദേഹം വിചാരിക്കില്ല. സിനിമയുടെ കാര്യത്തിൽ അദ്ദേഹം ഒരു വിട്ടുവീഴ്ചയും ചെയ്യില്ല,’ മോഹൻ പറഞ്ഞു.

Content Highlights: Seven Arts Mohan on Joshi

We use cookies to give you the best possible experience. Learn more