| Friday, 6th January 2017, 7:36 am

ബംഗളൂരുവിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ പ്രതികരണവുമായി സെവാഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരുവിലെ പ്രശസ്തമായ എംജി, ബ്രിഗേഡ് റോഡുകളില്‍ 1500 ഓളം പോലീസുകാര്‍ നോക്കി നില്‍ക്കെയാണ് സ്ത്രീകള്‍ അപമാനിക്കപ്പെട്ടത്.


ന്യൂദല്‍ഹി: പുതുവത്സര രാത്രിയില്‍ ബംഗളൂരുവില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമത്തിനെതിരെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരേന്ദര്‍ സെവാഗ്. വസ്ത്രങ്ങള്‍ ധരിക്കുന്നത് എന്തിനുമുള്ള അനുവാദമല്ലെന്ന് സെവാഗ് ട്വിറ്ററില്‍ കുറിച്ചു. ബംഗളൂരുവിലെ സംഭവത്തില്‍ തനിക്ക് അതിയായ നിരാശയും ദുഃഖവുമുണ്ട്. ഇത്തരം സംഭവങ്ങള്‍ അവസാനിപ്പിക്കണമെന്നും സെവാഗ് ട്വീറ്റില്‍ പറയുന്നു. പുതുവത്സരരാത്രിയില്‍ ബംഗളൂരുവിലെ കമ്മനഹള്ളിയിലാണ് സ്ത്രീകള്‍ക്കു നേരെ അതിക്രമണം ഉണ്ടായത്.


Also read കമലിന്റെ സിനിമയില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞിട്ടില്ല: വിദ്യാബാലന്‍


ഇത്തരം അതിക്രമങ്ങള്‍ ബംഗളൂരുവില്‍ പതിവുള്ളതാണെന്നു ഇതിനു കാരണം പാശ്ചാത്യ വസ്ത്രധാരണമാണെന്നുമുള്ള കര്‍ണ്ണാടക ആഭ്യന്തര  മന്ത്രി ജി. പരമേശ്വരയുടെ പരാമര്‍ശം വന്‍  വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.  ബംഗളൂരുവിലെ പ്രശസ്തമായ എംജി, ബ്രിഗേഡ് റോഡുകളില്‍ 1500 ഓളം പോലീസുകാര്‍ നോക്കി നില്‍ക്കെയാണ് സ്ത്രീകള്‍ അപമാനിക്കപ്പെട്ടത്.

സംഭവത്തില്‍ പൊലീസിനെ ന്യായീകരിച്ച് സ്വകാര്യ ടെലിവിഷന്‍ ചാനലിലാണ് മന്ത്രി സംസാരിച്ചത്. അവര്‍ പാശ്ചാത്യരുടെ മനസ് മാത്രമല്ല, വേഷവും അനുകരിക്കാന്‍ ശ്രമിക്കുകയാണ്. അതുകൊണ്ടാണ് പ്രശ്‌നമുണ്ടായത്. നിങ്ങള്‍ക്കറിയമല്ലോ ഈ പരിതസ്ഥിതയില്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പൊലീസിന് എല്ലാവരേയും നിയന്ത്രിക്കാന്‍ കഴിയണമെന്നില്ലന്നും മന്ത്രി പറഞ്ഞിരുന്നു.

അതിക്രമണങ്ങള്‍ക്കും മന്ത്രിയുടെ പ്രതികരണത്തിനുമെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു. ബോളിവുഡ് താരങ്ങളായ ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍, ഫര്‍ഹാന്‍ അക്തര്‍,  ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സെവാഗിന്റെ ട്വീറ്റും.

We use cookies to give you the best possible experience. Learn more