ന്യൂദല്‍ഹി: സേവാഭാരതിയുടെ പ്രളയാനന്തര വ്യാജ സേവന പ്രചരണങ്ങളെ പൊളിച്ച് ആള്‍ട്ട് ന്യൂസ്.ഇന്‍ വെബ്‌സൈറ്റ്. കാക്കി ട്രൗസറും കാവി മുണ്ടുമുടുത്ത് ക്യാമ്പില്‍ ഭക്ഷണമൊരുക്കുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ചിത്രം കേരളത്തിലെ പ്രളയാനന്തര പ്രവര്‍ത്തനങ്ങളെന്ന രീതിയില്‍ അരബിന്ദ് കുമാര്‍ ഗുപ്ത എന്നയാളാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 2700 ആളുകള്‍ ഇത് ഷെയര്‍ ചെയ്തിട്ടുണ്ട്.
2014 ഡിസംബറില്‍ പാലക്കാട് തിരുവില്ല്വാമലയിലെ വാര്‍ഷിക പുനര്‍ജനി നൂഴല്‍ ചടങ്ങില്‍ പെങ്കടുക്കാനെത്തിയ ഭക്തര്‍ക്ക് ഭക്ഷണമൊരുക്കുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ക്യാമ്പിലെ ദൃശ്യങ്ങളാണ് 2018 ആഗസ്റ്റിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് എന്ന പേരില്‍ കൊടുത്തിരിക്കുന്നത്.
കാക്കി ട്രൗസര്‍ മാറ്റി ആര്‍.സ്.എസിന്റെ യൂണിഫോം പാന്റ്‌സ് ആക്കിയതുപോലും ഓര്‍ക്കാതെയാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. മാത്രമല്ല, samvada.org എന്ന സംഘപരിവാര്‍ വെബ്‌സൈറ്റില്‍ 2014ല്‍ ആര്‍.എസ്.എസുകാര്‍ പുനര്‍ജനി ഗുഹ നൂഴാനെത്തിയ ഭക്തരെ സഹായിച്ച വാര്‍ത്തയ്‌ക്കൊപ്പം ഈ ചിത്രം നല്‍കിയിട്ടുമുണ്ട്.
സന്ദീപ് ഖരത്, ആര്‍.ജെ. പ്രമോദ് ഗുപ്ത എന്നിവരുടെ പോസ്റ്റില്‍ നിന്നും 1650 ഷെയറുകളും ഈ വ്യാജ പ്രചാരണത്തിന് കിട്ടിയിട്ടുണ്ട്. ഫേസ്ബുക്ക് കൂടാതെ ട്വിറ്ററിലും സേവാഭാരതിയുടെ മഹത്വം വര്‍ണിക്കുന്ന കുറിപ്പുകളും പലരും പങ്കുവെച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ ഓഫീസ് പിന്തുടരുന്ന ഒരു ട്വിറ്റര്‍ അക്കൗണ്ടും ഇതിലുണ്ട്.
പ്രളയത്തില്‍ മുങ്ങിയ കേരളത്തില്‍ 3800 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന സേവാഭാരതി ഏഴു ലക്ഷം ദുരിതബാധിതര്‍ക്ക് സഹായം എത്തിച്ചു എന്ന വ്യാജ ഫേസ്ബുക്ക് പ്രചാരണത്തിലെ കള്ളക്കളി കണ്ടെത്തിയതും ആള്‍ട്ട് ന്യൂസ്.ഇന്‍ വെബ്‌സൈറ്റായിരുന്നു. വടക്കേ ഇന്ത്യയിലാണ് ഇത്തരം വ്യാജ പ്രചാരനങ്ങള്‍ കൂടുതലും നടക്കുന്നത്.
രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന മന്ത്രി സുനില്‍ കുമാറിനെയും രക്ഷാ ബോട്ടില്‍ കയറാന്‍ പ്രളയബാധിതര്‍ക്ക് സ്വന്തം മുതുക് ചവിട്ടുപടിയാക്കി കൊടുത്ത മത്സ്യത്തൊഴിലാളി ജൈസലിന്റെ ചിത്രവും സേവാഭാരതിയുടെ പ്രളയാനന്തര സേവന പ്രവര്‍ത്തനങ്ങളായി സംഘപരിവാര്‍ പ്രചരിപ്പിച്ചിരുന്നു.