തിരുവനന്തപുരം: അന്തര്‍ദേശീയ ഗാര്‍ഹിക തൊഴിലാളി ദിനചാരണത്തിന്റെ ഭാഗമായി സേവാ യൂണിയന്റെ നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ സമഗ്രമായ നിയമ നിര്‍മാണം നടപ്പിലാക്കുക, സാമൂഹ്യ സുരക്ഷ പദ്ധതികള്‍ നടപ്പിലാക്കുക എന്നീ മുദ്രാവാക്യങ്ങളുമായാണ് സേവ യൂണിയന്റെ നേതൃത്വത്തില്‍ ഗാര്‍ഹിക തൊഴിലാളി ദിനം ആചരിച്ചത്.
തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന പൊതുസമ്മേളനം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്തു. വീടുകള്‍ തൊഴിലിടങ്ങളായി അംഗീകരിക്കപ്പെടണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രേമചന്ദ്രന്‍ എം.പി ആവശ്യമുന്നയിച്ചു.
സേവാ യൂണിയന്‍ പ്രസിഡന്റ് സരോജം എസ്. അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി സോണിയ ജോര്‍ജ്, സംസ്ഥാന കമ്മിറ്റിയംഗം സീറ്റ ദാസന്‍, ഷീന ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വിവിധ റെസിഡന്‍സ് ഏരിയകള്‍ കേന്ദ്രീകരിച്ച് ‘എന്റെ വീട് അന്തസാര്‍ന്ന വീട്’ പ്രചരണ പരിപാടിയുടെ ഭാഗമായി തൊഴില്‍ ദാതാക്കളില്‍ ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് അവബോധം സൃഷ്ടിച്ചു.
ഗാര്‍ഹിക തൊഴില്‍ അന്തസുള്ള തൊഴില്‍ എന്ന അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ നിലവില്‍ വന്ന ജൂണ്‍ 16നാണ് ലോകമെമ്പാടുമുള്ള ഗാര്‍ഹിക തൊഴിലാളികള്‍ തങ്ങളുടെ അവകാശ ദിനമായി ആചരിക്കുന്നത്.