ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രതിപക്ഷ ഐക്യത്തിനായുള്ള യോഗം ജൂണ്‍ 12ന് പട്‌നയില്‍ വെച്ച് ചേരുമെന്ന് റിപ്പോര്‍ട്ട്. 2024ല്‍ നടക്കാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ വേണ്ടിയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ചര്‍ച്ചകള്‍ നടത്താനാണ് യോഗം ചേരുന്നത്. ഏകദേശം 18ല്‍ കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുമെന്നാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്.
നടക്കാന്‍ പോകുന്നത് തയ്യാറെടുപ്പ് യോഗമാണെന്ന് പ്രതിപക്ഷ പാര്‍ട്ടിയിലെ ഒരു നേതാവ് പറഞ്ഞതായും എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ യഥാര്‍ത്ഥ യോഗം പിന്നീട് ചേരുമെന്നും അദ്ദേഹം പറഞ്ഞു.
20 പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റ് മന്ദിരോദ്ഘാടനം ബഹിഷ്‌കരിച്ച് മാറി നിന്ന അതേ ദിവസമാണ് യോഗത്തിന്റെ തിയ്യതിയും പുറത്ത് വന്നിരിക്കുന്നത്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ദ്രാവിഡ മുന്നേറ്റ കഴകം, ജനതാദള്‍ (യുണൈറ്റഡ്), ആം ആദ്മി പാര്‍ട്ടി, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, ശിവസേന (യു.ബി.ടി), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്), സമാജ്വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, നാഷണല്‍ കോണ്‍ഫറന്‍സ്, കേരളാ കോണ്‍ഗ്രസ് (മാണി), റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി, വിടുതലൈ ചിരുതൈകള്‍ കച്ചി, എം.ഡി.എം.കെ, രാഷ്ട്രീയ ലോക്ദള്‍ തുടങ്ങിയ പാര്‍ട്ടികളാണ് പാര്‍ലമെന്റ് മന്ദിരോദ്ഘാടനം ബഹിഷ്‌കരിച്ചത്.
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് പ്രതിപക്ഷ ഐക്യത്തിന്റെ ഇടനിലക്കാരനെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നേരത്തെ നിതീഷ് കുമാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയേയും രാഹുല്‍ ഗാന്ധിയെയും സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി, ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍, സമാജ്‌വാദി പാര്‍ട്ടി നോതാവ് അഖിലേഷ് യാദവ്, എന്‍.സി.പി നേതാവ് ശരദ് പവാര്‍, ബി.ജെ.ഡി നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക് എന്നിവരെയും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.
ദല്‍ഹി ഓര്‍ഡിനന്‍സിനെതിരെ കെജ്‌രിവാളിന് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കുന്ന പിന്തുണയും പ്രതിപക്ഷ ഐക്യവുമായി ബന്ധപ്പെട്ട് ശുഭപ്രതീക്ഷ നല്‍കുന്നതാണ്.
അതേസമയം എല്ലാ ബി.ജെ.പി മുഖ്യമന്ത്രിമാരുടെയും യോഗം ദല്‍ഹിയില്‍ മോദിയുടെ നേതൃത്വത്തില്‍ ചേരുന്നുണ്ട്.
ബി.ജെ.പി ദേശീയ നേതാവ് ജെ.പി. നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടാര്‍, അസം മുഖ്യമന്ത്രി ഹിമന്ത്വ ബിശ്വ ശര്‍മ, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
content highlight: Setting the stage for opposition unity; 18 opposition parties to meet in Patna on 12th; Report