മലയാളത്തിൽ ശ്രദ്ധേയമായ ചിത്രങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടാണ് സച്ചി – സേതു എന്നിവരുടേത്. ഷാഫി സംവിധാനം ചെയ്ത ചോക്ലേറ്റ് എന്ന ചിത്രത്തിലൂടെ കരിയർ തുടങ്ങിയ ഇരുവരും അവസാനമായി ഒന്നിച്ചത് ഡബിൾസ് എന്ന മമ്മൂട്ടി ചിത്രത്തിൽ ആയിരുന്നു. ശേഷം രണ്ടുപേരും സ്വതന്ത്ര തിരക്കഥാകൃത്തുക്കളായി മാറി.
വൈശാഖിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഹിറ്റ് ചിത്രമായിരുന്നു സീനീയേഴ്സ്. ജയറാം, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, മനോജ്. കെ. ജയൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ക്യാമ്പസ് പശ്ചാത്തലത്തിലായിരുന്നു കഥ പറഞ്ഞത്.
നൂലിന്മേൽ കളിയെന്ന് തോന്നിയ ക്ലൈമാക്സ് ആയിരുന്നു സീനീയേഴ്സിന്റെതെന്നും എവിടെയെങ്കിലും ഒരു സ്ഥലത്ത് പോയി കഴിഞ്ഞാൽ ആ സിനിമ കയ്യിൽ നിൽക്കില്ലായിരുന്നുവെന്നും സേതു പറയുന്നു. ഒരു ഘട്ടത്തിൽ ഉപേക്ഷിച്ച ചിത്രമായിരുന്നു അതെന്നും പിന്നീട് സിനിമയിലെ സൈക്കോ ട്രാക്ക് ചേർന്നപ്പോഴാണ് മുന്നോട്ട് പോവാൻ തീരുമാനിച്ചതെന്നും സേതു കൂട്ടിച്ചേർത്തു.
‘സീനീയേഴ്സിന്റെ ക്ലൈമാക്സ് ഒരു രണ്ടു ദിവസം എഴുതിയിരുന്നു. ഷൂട്ടിങ് നടക്കുമ്പോൾ പോലും പരസ്പരം ഞങ്ങൾക്ക് നൂലിന്മേൽ കളിയെന്ന് തോന്നിയ ക്ലൈമാക്സ് ആയിരുന്നു സിനിയേഴ്സിന്റേത്. എവിടെയെങ്കിലും ഒരു സ്ഥലത്ത് പോയി കഴിഞ്ഞാൽ ആ സിനിമ കയ്യിൽ നിൽക്കില്ല.
ചാക്കോച്ചൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെ ആദ്യം തന്നെ സംശയിച്ചു കഴിഞ്ഞാൽ നമുക്ക് ആ സിനിമ ക്ലൈമാക്സ് വരെ എത്തിക്കാൻ കഴിയില്ല. അതുകൊണ്ട് ഏത് സമയത്ത് വേണമെങ്കിലും കയ്യിൽ നിന്ന് പോകാവുന്ന ഒരു നൂലിന്മേൽ കളി തന്നെയായിരുന്നു സീനീയേഴ്‌സ് എന്ന സിനിമ.
ഒരു ഘട്ടത്തിൽ ഉപേക്ഷിച്ച ചിത്രമായിരുന്നു സീനീയേഴ്‌സ്. ഈ സബ്ജക്ട് വേണ്ടായെന്ന് തീരുമാനിച്ച് ഞങ്ങൾ മറ്റൊരു സ്ക്രിപ്റ്റ് തുടങ്ങിയിരുന്നു. പിന്നീട് സൈക്കോ പാത്തിന്റെ ട്രാക്കൊക്കെ വന്നുകഴിഞ്ഞപ്പോൾ അതുമായി മുന്നോട്ട് പോവുകയായിരുന്നു. ഒരു ക്യാമ്പസ് പശ്ചാത്തലത്തിൽ കഥ പറയുമ്പോൾ എത്രത്തോളം അത് വർക്കാവുമെന്ന് ഡൗട്ട് ആയിരുന്നു. തിരക്കഥയിലുള്ള പോലെ തന്നെ അത് സ്‌ക്രീനിൽ വരുമോ എന്നായിരുന്നു സംശയം,’സേതു പറയുന്നു.
Content Highlight: Sethu About Seniors Movie Climax