| Wednesday, 30th October 2024, 8:38 pm

ആ നടന്റെ ഡേറ്റ് പ്രശ്നം കാരണമാണ് ആ സൈക്കോ കഥാപാത്രം ചാക്കോച്ചന് കിട്ടിയത്: സേതു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ ശ്രദ്ധേയമായ ചിത്രങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടാണ് സച്ചി – സേതു. ഷാഫി സംവിധാനം ചെയ്ത ചോക്ലേറ്റ് എന്ന ചിത്രത്തിലൂടെ കരിയർ തുടങ്ങിയ ഇരുവരും അവസാനമായി ഒന്നിച്ചത് ഡബിൾസ് എന്ന മമ്മൂട്ടി ചിത്രത്തിൽ ആയിരുന്നു. ശേഷം രണ്ടുപേരും സ്വതന്ത്ര തിരക്കഥാകൃത്തുക്കളായി മാറി.

വൈശാഖിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഹിറ്റ്‌ ചിത്രമായിരുന്നു സീനീയേർസ്. ജയറാം, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, മനോജ്‌. കെ. ജയൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ക്യാമ്പസ് പശ്ചാത്തലത്തിലായിരുന്നു കഥ പറഞ്ഞത്.

ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ വേഷത്തിലേക്ക് ആദ്യം നിശ്ചയിച്ചത് ഇന്ദ്രജിത്തിനെയായിരുന്നുവെന്നും എന്നാൽ ഡേറ്റിന്റെ പ്രശ്നം കാരണം അത് നടക്കാതെ പോവുകയായിരുന്നുവെന്നും സേതു പറയുന്നു. കുഞ്ചാക്കോ ബോബൻ അത്രയും നാൾ ചോക്ലേറ്റ് ഇമേജ് കഥാപാത്രങ്ങളാണ് ചെയ്തിരുന്നതെന്നും അത് ബ്രേക്ക് ചെയ്യണമെന്ന് തോന്നിയെന്നും അദ്ദേഹം പറഞ്ഞു. മാസ്റ്റർ ബിനിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സീനിയേർസ് എന്ന പടം ആലോചിക്കുമ്പോൾ ജയറാമേട്ടൻ ഞങ്ങളുടെ മനസിൽ ഉണ്ടായിരുന്നു. ഇപ്പോഴത്തെ കാസ്റ്റിങ്ങിലേക്ക് വരുന്നതിന് മുമ്പ് ജയറാമേട്ടന്റെ കൂടെയുള്ള നടന്മാരായി ഇന്ദ്രജിത്തിനെയും അനൂപ് മേനോനിനെയുമെല്ലാം ആലോചിച്ചിരുന്നു.

ചാക്കോച്ചന്റെ കഥാപാത്രത്തിലേക്ക് ഞങ്ങൾ വേറേ ആളുകളെ കരുതിയിരുന്നു. ആ സൈക്കോപാത്ത് ആവുന്ന വേഷത്തിലേക്ക് ഇന്ദ്രജിത്തിനെയായിരുന്നു ആലോചിച്ചത്. അന്നത്തെ ഡേറ്റിന്റെ പ്രശ്നമൊക്കെ കാരണമാണ് ചാക്കോച്ചനിലേക്ക് ആ കഥാപാത്രം എത്തുന്നത്.

ചാക്കോച്ചൻ എന്ന് പറയുമ്പോൾ നമ്മുടെ മനസിലേക്ക് വരുന്നത് ഒരു ചോക്ലേറ്റ് ഹീറോ ഇമേജാണ്. ചാക്കോച്ചനെ ഒരു സൈക്കോ പാത്തായി കാണാൻ പറ്റുമോ അന്ന്. കാരണം നമ്മളെന്നും ഒരു ചോക്ലേറ്റ് ഹീറോയായാണ് അദ്ദേഹത്തെ കാണുന്നത്.

പക്ഷെ ആ ഒരു മാറ്റം വേണമെന്ന് ഞങ്ങൾ വിചാരിക്കുകയാണ്. ഇന്നത്തെ പുതിയ ആളുകളെല്ലാം നമ്മൾ പ്രതീക്ഷിക്കാത്ത ആളുകളെയാണ് നായക സ്ഥാനത്തൊക്കെ കൊണ്ടുവെക്കുന്നത്. പക്ഷെ അന്ന് അതിനുള്ള ധൈര്യം എല്ലാവർക്കും ഇല്ലായിരുന്നു,’സേതു പറയുന്നു.

Content highlight: Sethu About Kunchacko boban

We use cookies to give you the best possible experience. Learn more