പട്ന: സംസ്ഥാനത്തെ സര്‍ക്കാര്‍ ജോലികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിന്നാക്ക വിഭാഗക്കാര്‍ക്കും പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും 50% മുതല്‍ 65% വരെ സംവരണം വര്‍ധിപ്പിച്ചുകൊണ്ടുള്ള ബീഹാര്‍ സര്‍ക്കാരിന്റെ വിജ്ഞാപനം റദ്ദ് ചെയ്ത് പട്ന ഹൈക്കോടതി.
നിലവിലുള്ള സംവരണ നിയമങ്ങള്‍ ഭേദഗതി ചെയ്തുകൊണ്ട് സംസ്ഥാനത്തെ മൊത്തം സംവരണം 75% ആക്കിക്കൊണ്ടായിരുന്നു 2023 നവംബറില്‍ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.
2023 നവംബറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ വിജ്ഞാപനത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഒരു കൂട്ടം റിട്ട് ഹരജികളിലാണ് ചീഫ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇന്ദിര സാഹ്നി/യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ പാസാക്കിയ സുപ്രീം കോടതി വിധിയുടെ ലംഘനമാണ് ഭേദഗതികളെന്നും സംവരണത്തില്‍ പരമാവധി 50% പരിധി സുപ്രീം കോടതി നിശ്ചയിച്ചതാണെന്നും 14,15, 16 വകുപ്പുകള്‍ പ്രകാരം പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന തുല്യതയ്ക്ക് മേലുള്ള ലംഘനവും മൗലികാവകാശങ്ങളുടെ ലംഘനവുമാണ് ക്വാട്ടയില്‍ വരുത്തുന്ന ഈ വര്‍ധനവെന്നും ഇത് വിവേചനപരമാണെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.
കഴിഞ്ഞ വര്‍ഷം നവംബര്‍ 21നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിന്നോക്ക ജാതിക്കാര്‍ക്കുള്ള സംവരണം 50 ല്‍ നിന്ന് 65 ശതമാനമായി ഉയര്‍ത്തുന്നതിനുള്ള ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
രണ്ട് റിസര്‍വേഷന്‍ ബില്ലുകള്‍ക്കായുള്ള ഗസറ്റ് വിജ്ഞാപനമായിരുന്നു ബിഹാര്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. എസ്.സി, എസ്.ടി, ഇ.ബി.സി, ഒ.ബി.സി ഭേദഗതി ബില്ലും സംവരണ ഭേദഗതി ബില്ലുമായിരുന്നു അവതരിപ്പിച്ചത്. ഇതോടെ, സാമ്പത്തിക, ദുര്‍ബല വിഭാഗങ്ങള്‍ക്ക് (ഇ.ഡബ്ല്യു.എസ്) 10% കൂടി ചേര്‍ത്താല്‍ സംസ്ഥാനത്തെ മൊത്തം സംവരണം 75 ശതമാനത്തിലെത്തുമായിരുന്നു.
സംസ്ഥാനത്തെ ജാതി സര്‍വേയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു പുതിയ വിജ്ഞാപനം. പട്ടികജാതി (എസ്.സി) വിഭാഗത്തിന് 20%, പട്ടികവര്‍ഗ (എസ്.ടി) വിഭാഗത്തിന് 2%, ഇ.ബി.സി വിഭാഗങ്ങള്‍ക്ക് 25%, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് (ഒ.ബി.സി) 18 ശതമാനം സംവരണം എന്നിങ്ങനെയായിരുന്നു വര്‍ധനവ്.
2022-23-ലെ ജാതി അടിസ്ഥാനമാക്കിയുള്ള സര്‍വേയില്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവസരങ്ങളില്‍ തുല്യത എന്ന ഭരണഘടനയിലെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് പട്ടികജാതി, പട്ടികവര്‍ഗ പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള സംവരണം
വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്’ എന്നായിരുന്നു ഗസറ്റ് വിജ്ഞാപനത്തില്‍ സര്‍ക്കാര്‍ പറഞ്ഞത്.
Content Highlight: Setback to Nitish Kumar as Patna HC scraps Bihar govt’s quota hike to 65% in jobs, education