Advertisement
national news
നിതീഷിന് തിരിച്ചടി; ജെ.ഡി.യു ജനറൽ സെക്രട്ടറി രാജിവെച്ചു; ലാലു പ്രസാദിന്റെ ആർ.ജെ.ഡിയിലേക്കെന്ന് സൂചന
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Mar 20, 09:52 am
Wednesday, 20th March 2024, 3:22 pm

പാട്ന: ബീഹാറിൽ നിതീഷ് കുമാറിന് കനത്ത തിരിച്ചടിയായി ജെ.ഡി.യുവിലെ മുഴുവൻ സ്ഥാനങ്ങളിൽ നിന്നും രാജിവെച്ച് ദർഭങ്ക മുൻ എം.പി മുഹമ്മദ്‌ അലി അഷറഫ് ഫത്മി.
ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നിൽക്കെയാണ് ജെ.ഡി.യു ദേശീയ ജനറൽ സെക്രട്ടറിയായ മുഹമ്മദ്‌ അലി രാജിവെക്കുന്നത്.

മാർച്ച്‌ 20ന് മുഹമ്മദ്‌ അലി ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡിയിൽ ചേർന്നേക്കുമെന്നാണ് സൂചന. ആർ.ജെ.ഡിയെ പ്രതിനിധീകരിച്ച് മധുബനിയിൽ നിന്നോ ദർഭങ്കയിൽ നിന്നോ മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

മധുബനി, ദർഭങ്ക ജില്ലകൾ ഉൾപ്പെടുന്ന മിതിലാഞ്ചൽ മേഖലയിൽ വലിയ രീതിയിൽ രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണ് മുൻ കേന്ദ്ര മന്ത്രി കൂടിയായ മുഹമ്മദ്‌ അലി.

ബീഹാറിൽ എൻ.ഡി.എയുടെ സീറ്റ് വിഭജനം സംബന്ധിച്ച് പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹം പാർട്ടിയിൽ നിന്ന് രാജിവെച്ചത്.

സീറ്റ് വിഭജന ചർച്ചകൾ പ്രകാരം ബി.ജെ.പി 17 സീറ്റിലും ജെ.ഡി.യു 16 സീറ്റിലും എൽ.ജെ.പി (രാം വിലാസ്) അഞ്ച് സീറ്റിലും രാഷ്ട്രീയ ലോക് മോർച്ചയും ഹിന്ദുസ്ഥാനി അവം മോർച്ചയും ഓരോ സീറ്റിൽ വീതവും മത്സരിക്കും.

ബീഹാറിൽ പുതിയ സർക്കാർ രൂപീകരിക്കുവാൻ നിതീഷ് കുമാർ ബി.ജെ.പിയുമായി കൈകോർത്തത് മുതൽ മുഹമ്മദ്‌ അലി അതൃപ്‌തനാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു. ലോക്സഭാ സീറ്റ് ചർച്ചകളിൽ ദർഭങ്ക ബി.ജെ.പിക്ക് ലഭിക്കുകയും ചെയ്തു.

Content Highlight: Setback to JD(U), former MP quits Nitish party to join Lalu