| Thursday, 7th November 2019, 4:48 pm

'അന്തിമ തീരുമാനം പാര്‍ട്ടി അധ്യക്ഷന്റേത്'; താക്കറെയ്ക്കു കൂട്ടത്തോടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ശിവസേനാ എം.എല്‍.എമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ശിവസേനാ എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിക്കു കനത്ത തിരിച്ചടി നല്‍കി ഉദ്ധവ് താക്കറെ. താക്കറെയുടെ നേതൃത്വത്തില്‍ ഇന്നു വൈകിട്ട് നടന്ന യോഗത്തില്‍ എല്ലാ എം.എല്‍.എമാരും പങ്കെടുക്കുകയും സേനയുടെ 50:50 ഫോര്‍മുലയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തതായി മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്നുച്ചയ്ക്കു ശേഷം താക്കറെയുടെ വീട്ടില്‍ വെച്ചു നടന്ന യോഗത്തില്‍, തുടര്‍നടപടികള്‍ തീരുമാനിക്കാനുള്ള അധികാരം എം.എല്‍.എമാര്‍ അദ്ദേഹത്തിനു നല്‍കുകയും ചെയ്തു.

ബി.ജെ.പി വാഗ്ദാനങ്ങള്‍ പാലിക്കുകയാണെങ്കില്‍ മാത്രമേ സര്‍ക്കാര്‍ രൂപീകരണത്തിന് സേന പിന്തുണയ്‌ക്കേണ്ടതുള്ളൂ എന്ന കാര്യത്തിലും യോഗത്തില്‍ തീരുമാനമായി. നേരത്തേ സേനാ എം.എല്‍.എമാരെ ഹോട്ടലിലേക്കു മാറ്റിയിരുന്നു. ഇവിടെനിന്നാണ് അവര്‍ യോഗത്തിനായി എത്തിയത്.

‘സേനാ അധ്യക്ഷന് തീരുമാനമെടുക്കാനുള്ള എല്ലാ അധികാരവും ഞങ്ങള്‍ നല്‍കി. അദ്ദേഹമാണു ഞങ്ങള്‍ക്ക് അവസാന വാക്ക്. മുഖ്യമന്ത്രിപദം തുല്യമായി വീതിക്കുമെന്നു നേരത്തേ പറഞ്ഞിരുന്നതു പോലെതന്നെ ശിവസേനയില്‍ നിന്നു മുഖ്യമന്ത്രിയുണ്ടാകും.’- സില്ലോദില്‍ നിന്നുള്ള എം.എല്‍.എ അബ്ദുള്‍ സത്താര്‍ നബി പറഞ്ഞു.

ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടില്‍, കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങളായ സുധീര്‍ മുംഗട്ടിവാര്‍, ആശിഷ് ഷെലാര്‍ എന്നിവര്‍ ഗവര്‍ണറെ കാണുന്നതിനു മുന്‍പാണ് അടിയന്തരമായി സേന യോഗം ചേര്‍ന്നത്.

അതേസമയം പാര്‍ട്ടി തീരുമാനത്തില്‍ മാറ്റമില്ലെന്ന് സേനാ നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കി. ബി.ജെ.പി സര്‍ക്കാര്‍ രൂപീകരണത്തിനായി അവകാശവാദം മുഴക്കുന്നതില്‍ ഞങ്ങള്‍ക്ക് ആശങ്കയില്ല. രാഷ്ട്രീയ അസ്ഥിരതയ്ക്കു കാരണമായവര്‍ സംസ്ഥാനത്തെ നശിപ്പിക്കുകയാണ്. സേനയില്‍ നിന്നു മാത്രമേ മുഖ്യമന്ത്രിയുണ്ടാവൂ എന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയില്‍ ഏത് സാഹചര്യത്തിലായാലും ഒരു ന്യൂനപക്ഷ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി തയ്യാറല്ലെന്ന് മുംഗട്ടിവാര്‍ നേരത്തേ പറഞ്ഞിരുന്നു.

നേരത്തെ ശിവസേന ഇല്ലാതെ സര്‍ക്കാരുണ്ടാക്കണം എന്ന നിലപാടിലായിരുന്നു ബി.ജെ.പി. അതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച രാവിലെ ഗവര്‍ണറെ കാണാന്‍ തീരുമാനിച്ചത്. ഈ തീരുമാനം പെട്ടെന്ന് പിന്‍വലിക്കുകയായിരുന്നു.

ഏത് സാഹചര്യത്തിലായാലും ഒരു ന്യൂനപക്ഷ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി തയ്യാറല്ലെന്ന് സുധീര്‍ മുംഗട്ടിവാര്‍ ഉറപ്പിച്ച് പറഞ്ഞു.

We use cookies to give you the best possible experience. Learn more