| Monday, 24th January 2022, 12:50 pm

വെള്ളാപ്പള്ളിക്ക് തിരിച്ചടി; എസ്.എന്‍.ഡി.പി യോഗം തെരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എസ്.എന്‍.ഡി.പി യോഗം തെരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി. 1999ല്‍ വെള്ളാപ്പള്ളി നടേശന്‍ കൊണ്ടുവന്ന ബൈലോ ഭേദഗതിയാണ് ഹൈക്കോടതി റദ്ദാക്കിയത്.

ഇരുന്നൂറ് അംഗങ്ങള്‍ക്ക് ഒരു പ്രതിനിധി എന്ന രീതിയിലുള്ള വോട്ടവകാശമാണ് അസാധുവാക്കിയത്. യോഗത്തില്‍ സ്ഥിര അംഗത്വം ഉള്ള എല്ലാവര്‍ക്കും തെരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉണ്ടെന്ന് ഹൈക്കോടതി വിധിന്യായത്തില്‍ പറഞ്ഞു.

കമ്പനി നിയമപ്രകാരം 1974ല്‍ കേന്ദ്ര സര്‍ക്കാര്‍ യോഗത്തിനു നല്‍കിയ ഇളവും ഹൈക്കോടതി റദ്ദാക്കി. എസ്.എന്‍.ഡി.പി യോഗം തെരഞ്ഞെടുപ്പ് അടുത്ത മാസം നടക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നും സുപ്രധാനമായ ഉത്തരവ് ഉണ്ടായിരിക്കുന്നത്.

പ്രാതിനിധ്യ വോട്ടവകാശപ്രകാരമാണ് നിലവില്‍ എസ്.എന്‍.ഡി.പി തെരഞ്ഞെടുപ്പ് നടക്കുന്നത്. 200 അംഗങ്ങള്‍ ഉള്ള ഒരു ശാഖയില്‍ ഒരു അംഗത്തിന് വോട്ടവകാശം എന്ന നിലയിലാണ്. ഒരു ശാഖയില്‍ 600 അംഗങ്ങള്‍ ഉണ്ടെങ്കില്‍ 3 പേര്‍ക്ക് വോട്ടവകാശം ലഭിക്കും. നിലവില്‍ ഏതാണ്ട് 10000 അംഗങ്ങള്‍ക്കാണ് വോട്ടവകാശം ഉള്ളത്. ഈ പ്രാതിനിധ്യ വോട്ടവകാശ രീതിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരിക്കുന്നത്.

പ്രാതിനിധ്യ വോട്ടവകാശം നിയമവിരുദ്ധമാണെന്നായിരുന്നു ഹരജിക്കാരുടെ വാദം. അതംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്.

അതേസമയം വിധിയെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ജഡ്ജ്‌മെന്റ് ഞാന്‍ കണ്ടിട്ടില്ല. കഴിഞ്ഞ 25 വര്‍ഷമായി തന്നെ തെരഞ്ഞെടുക്കുന്നത് ഈ പ്രാതിനിധ്യ വോട്ടവകാശത്തിലൂടെയാണ്.
ആ പ്രാതിനിധ്യ സ്വഭാവം അനുസരിച്ചാണ് താന്‍ ഭരണം തുടര്‍ന്നുപോരുന്നത്. പിന്നെ ഇപ്പോള്‍ ഇങ്ങനെയൊരു വിധി ഉണ്ടായെങ്കില്‍ അത് പരിശോധിക്കണം. ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയാനില്ലെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more