| Friday, 11th March 2022, 2:11 pm

നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടിയില്ല; തിരിച്ചടിയില്‍ പതറി ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയമായ പ്രകടനമാണ് ശിവസേന കാഴ്ചവെച്ചത്. ഗോവ, ഉത്തര്‍പ്രദേശ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നോട്ടയ്ക്ക് ലഭിച്ചതിനേക്കാള്‍ കുറഞ്ഞ വോട്ടുകളാണ് ശിവസേനയ്ക്ക് ലഭിച്ചതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

എന്‍.സി.പിയുമായും കോണ്‍ഗ്രസുമായും സഖ്യത്തില്‍ മഹാരാഷ്ട്രയില്‍ അധികാരത്തിലുള്ള സേന മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചെങ്കിലും സീറ്റുകളൊന്നും നേടാനായില്ല.

ഗോവയില്‍ 10 സീറ്റുകളില്‍ സേന സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. ഇവര്‍ക്കെല്ലാം കെട്ടിവെച്ച പണം നഷ്ടപ്പെട്ടു.

കോര്‍ട്ടാലിമില്‍ (55 വോട്ടുകള്‍), ക്യൂപെം (66), വാസ്‌കോ-ഡ-ഗാമ (71), സാന്‍ക്വലിം (99) എന്നിവിടങ്ങളില്‍ സേന സ്ഥാനാര്‍ഥികള്‍ക്ക് 100ല്‍ താഴെ വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

ഗോവയില്‍ പോള്‍ ചെയ്ത മൊത്തം വോട്ടിന്റെ 1.12 ശതമാനം നോട്ട ഓപ്ഷന്‍ നേടിയപ്പോള്‍ സേനയ്ക്ക് വെറും 0.18 ശതമാനം വോട്ടാണ് ലഭിച്ചത്.

മണിപ്പൂരില്‍ ആറ് സീറ്റില്‍ ശിവസേന മത്സരിച്ചു. ഇവിടെ നോട്ടയ്ക്ക് 0.54 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ സേന 0.34 ശതമാനം വോട്ട് നേടി.

ഉത്തര്‍പ്രദേശില്‍ വ്യാഴാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച് സേന 0.03 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ നോട്ട 0.69 ശതമാനം വോട്ടുകള്‍ നേടി.

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നാല് സംസ്ഥാനങ്ങളിലും വിജയിച്ചത് ബി.ജെ.പിയാണ്.

Content Highlights: Setback for Uddhav? Shiv Sena bags less votes than NOTA in Goa, UP, Manipur

We use cookies to give you the best possible experience. Learn more