വാഷിങ്ടൺ: മുഹമ്മദ് യൂനുസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല ബംഗ്ലാദേശ് സർക്കാരിനുള്ള എല്ലാ സഹായങ്ങളും നിർത്താൻ തീരുമാനിച്ച് യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സർക്കാർ.
ജനുവരി 25 ശനിയാഴ്ച പുറത്തിറക്കിയ ഒരു കത്തിൽ, രാജ്യത്ത് നിലവിലുള്ള എല്ലാ കരാറുകളും ഗ്രാൻ്റുകളും സഹായ പരിപാടികളും ഉടനടി നിർത്താൻ യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇൻ്റർനാഷണൽ ഡെവലപ്‌മെൻ്റ് അതിൻ്റെ പങ്കാളികൾക്ക് നിർദേശം നൽകി.
കരാറുകൾ, വർക്ക് ഓർഡറുകൾ, ഗ്രാൻ്റുകൾ, സഹകരണ കരാറുകൾ , മറ്റ് സഹായങ്ങൾ എന്നിവ ഉടനടി അവസാനിപ്പിക്കുകയോ താത്ക്കാലികമായി നിർത്തുകയോ ചെയ്യുന്നതായി USAID പ്രഖ്യാപിച്ചു.
‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇൻ്റർനാഷണൽ ഡെവലപ്‌മെൻ്റ്, ബംഗ്ലാദേശ് കരാറുകൾക്ക് കീഴിൽ നൽകുന്ന സബ്‌സിഡികൾ, സഹകരണ കരാറുകൾ അല്ലെങ്കിൽ മറ്റ് സഹായങ്ങൾ എന്നിവ ഉടനടി നിർത്താനോ താത്ക്കാലികമായി നിർത്താനോ എല്ലാ യു.എസ്.എ.ഐ.ഡി പങ്കാളികളോടും ഉത്തരവിടുന്നു,’ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സമീപകാല എക്സിക്യൂട്ടീവ് ഉത്തരവ് പുറത്ത് വിട്ട കത്തിൽ പറയുന്നു.
ഇതിനകം തന്നെ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാപ്പരായ ബംഗ്ലാദേശ്, യു.എസിന്റെ ഈ തീരുമാനത്തെത്തുടർന്ന് വലിയ വെല്ലുവിളികൾ നേരിടേണ്ടി വരും.
ഈ പെട്ടെന്നുള്ള തീരുമാനം, ബംഗ്ലാദേശിൽ യു.എസ് ധനസഹായത്തോടെ പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനകൾ ഉൾപ്പെടെയുള്ളവരിൽ കാര്യമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. 2023 സാമ്പത്തിക വർഷത്തിൽ ബംഗ്ലാദേശിന് ഏറ്റവും കൂടുതൽ ധനസഹായം നൽകിയ രാജ്യമാണ് യു.എസ്. 72 ബില്യൺ ഡോളർ സഹായമാണ് യു.എസ് നൽകിയത്.
Content Highlight: Setback For Muhammad Yunus-Led Govt In Bangladesh As US Freezes Funding For Aid Programs