| Thursday, 20th June 2019, 6:50 pm

ചന്ദ്രബാബു നായിഡുവിന് തിരിച്ചടി; നാല് ടി.ഡി.പി എം.പിമാര്‍ ബി.ജെ.പിയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെലുങ്ക് ദേശം പാര്‍ട്ടിയ്ക്ക് ആകെയുണ്ടായിരുന്ന ആറ് രാജ്യസഭാ എം.പിമാരില്‍ നാലുപേര്‍ ബി.ജെ.പിയില്‍ ചേരുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കണ്ട നാലുപേരും ബി.ജെ.പിയ്‌ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി പറഞ്ഞു.

വൈ.എസ് ചൗധരി, സി.എം രമേശ്, ഗാരികപടി മോഹന്‍ റാവു, ടി.ജി വെങ്കടേഷ് എന്നീ എം.പിമാരാണ് ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നദ്ദയ്‌ക്കൊപ്പം എത്തി ഉപരാഷ്ട്രപതിയെ കണ്ടത്.

സി.എം രമേശ് ആദായനികുതി വെട്ടിപ്പുകേസിലും, സത്യനാരായണ ചൗധരി ബാങ്ക് തട്ടിപ്പ് കേസിലും സി.ബി.ഐ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ രണ്ടു പേരാണ് ആദ്യം ബി.ജെ.പിയിലേക്ക് പോകാന്‍ തീരുമാനമെടുത്തതെന്നും എന്നാല്‍ കൂറുമാറ്റ പരിധിയില്‍പ്പെടാതിരിക്കാന്‍ മറ്റു രണ്ട് പേരെ കൂടി കൂട്ടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് പേരെ മാത്രമാണ് ടി.ഡി.പിയ്ക്ക് പാര്‍ലമെന്റിലേക്ക് ജയിപ്പിക്കാനായിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയ്ക്ക് കനത്ത പരാജയമാണ് ഏല്‍ക്കേണ്ടി വന്നിരുന്നത്.

അതേസമയം രാജ്യസഭയില്‍ ബി.ജെ.പിയ്ക്ക് ശക്തിപകരുന്നതാണ് എം.പിമാരുടെ കൂറുമാറ്റം. 245 അംഗ സഭയില്‍ ബി.ജെ.പിയ്ക്ക് 102 അംഗങ്ങളാണുള്ളത്.

Latest Stories

We use cookies to give you the best possible experience. Learn more