[]ന്യൂദല്‍ഹി: മാധ്യമസ്ഥാപനങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. എല്ലാ മാധ്യമ സ്ഥാപനങ്ങളും ഇതിനായി കമ്മിറ്റി രൂപീകരിക്കണമെന്നും പി.സി.ഐ നിര്‍ദേശിച്ചു.
മാധ്യമസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കെതിരായുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുകയും ഇത്തരം കേസുകള്‍ പരിഗണിക്കുകയും ചെയ്യലാണ് കമ്മിറ്റിയുടെ ഉത്തരവാദിത്തം.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കെതിരെ സുപ്രീം കോടതി 1997 ല്‍ തന്നെ വിശാഖ മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചതാണ്. എന്നാല്‍ ഇത് പല മാധ്യമസ്ഥാപനങ്ങളും ഇത് പാലിക്കുന്നില്ലെന്നും പി.സി.ഐ ചെയര്‍മാന്‍ മാര്‍കണ്ഡേയ കഠ്ജു പത്രക്കുറിപ്പില്‍ പറഞ്ഞു.
എത്രയും വേഗം മാധ്യമസ്ഥാപനങ്ങള്‍ ഇത്തരം ആഭ്യന്തര കമ്മിറ്റികള്‍ രൂപീകരിക്കണമെന്നും മാര്‍കണ്ഡേയ കഠ്ജു ആവശ്യപ്പെട്ടു.
തെഹല്‍ക്ക ചീഫ് എഡിറ്ററായിരുന്ന തരുണ്‍ തേജ്പാലിനെതിരെ സഹപ്രവര്‍ത്തക ലൈംഗികാരോപണമുന്നയിച്ച സാഹചര്യത്തിലാണ് പ്രസ്‌കൗണ്‍സില്‍ നടപടി.