|

സെറ്റാണെന്ന് വിളിച്ചുപറയുന്ന ബാങ്കും ഒട്ടിച്ചുവെച്ചതുപോലെ വി.എഫ്.എക്‌സും; തുനിവിലെ പോരായ്മകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

Spoiler Alert

അജിത്തിനെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്ത തുനിവ് ജനുവരിയില്‍ പൊങ്കല്‍ റിലീസായാണ് എത്തിയത്. ഒരു കൊള്ള സംഘത്തെ കേന്ദ്രീകരിച്ച് ഒരു ദിവസം നടന്ന കഥ പറഞ്ഞ ചിത്രം പുതിയൊരു പ്രമേയമാണ് തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചത്. ചെന്നൈ നഗരത്തിലെ യുവര്‍ ബാങ്ക് കൊള്ളയടിക്കാനെത്തുന്ന ഗ്യാങ് ലീഡര്‍ ഡാര്‍ക്ക് ഡെവിളായാണ് അജിത്ത് ചിത്രത്തിലെത്തിയത്. ഡാര്‍ക്ക് ഡെവിളിന്റെ പാര്‍ട്ണര്‍ കണ്‍മണിയെ അവതരിപ്പിച്ചത് മഞ്ജു വാര്യരായിരുന്നു.

ചിത്രത്തില്‍ എടുത്ത് പറയാവുന്ന ഒരു പോരായ്മ സെറ്റാണെന്ന് വിളിച്ച് പറയുന്ന ബാങ്കും പരിസരവുമായിരുന്നു. ബാങ്കിന് മുമ്പിലുള്ള റോഡും മറ്റ് കെട്ടിടങ്ങളും കാണുമ്പോള്‍ ഇത് എടുത്തറിയുന്നുണ്ടായിരുന്നു. ബാങ്കിന് സമീപത്തുള്ള ഫ്ളൈ ഓവര്‍ എടുത്ത് ഒട്ടിച്ചുവെച്ചതുപോലെയുള്ള നിലവാരമേ പുലര്‍ത്തിയുള്ളൂ. വി.എഫ്.എക്‌സിലെ പോരായ്മകള്‍ ഇവിടെ മുഴച്ചുനില്‍ക്കുന്നുണ്ടായിരുന്നു.

ബാങ്ക് കൊള്ളയിലാണ് തുടങ്ങിയതെങ്കിലും അത് പിന്നീട് ജനനന്മയിലേക്കും സന്ദേശം നല്‍കുന്നതിലേക്കും തിരിയുന്ന തമിഴ് സിനിമകളുടെ ക്ലീഷേയും തുനിവ് ആവര്‍ത്തിക്കുന്നുണ്ട്. തുടക്കത്തിലെ വില്ലനിസം പിടിച്ച് പോവുകയായിരുന്നെങ്കില്‍ സിനിമ കുറച്ച് കൂടി രസകരമാകുമായിരുന്നു എന്ന വിലയിരുത്തലുകള്‍ വന്നിരുന്നു.

അജിത്ത് പതിവ് പോലെ തന്റെ സ്വാഗ് കൊണ്ടും മാസ് ആക്ഷന്‍ കൊണ്ടും ഡാര്‍ക്ക് ഡെവിളിനെ ഗംഭീരമാക്കിയിട്ടുണ്ട്. നായകന് പിന്നില്‍ ഒതുങ്ങാതെ മഞ്ജുവിന്റെ കണ്‍മണിയും സ്‌കോര്‍ ചെയ്യുന്നുണ്ട്.

സാധാരണ മലയാളത്തില്‍ നിന്നും ഒരു താരത്തെ ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടി വിളിക്കുമ്പോള്‍ അപ്രധാന കഥാപാത്രങ്ങളിലോ അല്ലെങ്കില്‍ നായക താരത്തിന്റെ നിഴലിലൊതുക്കുകയോ ചെയ്യുന്നു എന്ന വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ തുനിവില്‍ ആ പതിവ് രീതി മാറ്റിയിട്ടുണ്ട്. നായകനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന കഥാപാത്രമാണ് കണ്‍മണി. തുനിവിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നതെങ്കിലും മഞ്ജുവിന്റെ കണ്‍മണിക്ക് കയ്യടികള്‍ ഉയരുകയാണ്.

മഞ്ജു ഈ കഥാപാത്രത്തെ ഏറ്റവും മികച്ചതായാണ് അവതരിപ്പിച്ചത്. സമീപ കാലത്ത് മലയാളത്തില്‍ വന്ന ചിത്രങ്ങളിലെ മഞ്ജു വാര്യരുടെ പ്രകടനത്തിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കണ്‍മണി എന്ന കഥാപാത്രത്തെ വേണ്ടവിധം കറക്ട് മീറ്ററില്‍ മഞ്ജു അവതരിപ്പിച്ചിട്ടുണ്ട്.

Content Highlight: set and vfx in thunivu movie