ആലപ്പുഴ: എല്‍.എല്‍.ബി. പാസാകാതെ ആലപ്പുഴയില്‍ വ്യാജ വക്കീലായി പ്രവര്‍ത്തിച്ച സെസി സേവ്യറിന് വേണ്ടി കോടതിയില്‍ ഹാജരാകുന്നതില്‍ അഭിഭാഷകര്‍ക്ക് ആലപ്പുഴ ബാര്‍ അസോസിയേഷന്റെ വിലക്ക്. ഇന്നു ചേര്‍ന്ന അസോസിയേഷന്‍ ജനറല്‍ ബോഡി യോഗത്തിലാണ് വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
അസോസിയേഷന്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ സെസി സേവ്യറിന് വേണ്ടി വക്കാലത്ത് എടുക്കുന്നത് അച്ചടക്ക ലംഘനമായി കണക്കാക്കാനും ജനറല്‍ ബോഡി തീരുമാനിച്ചു. സെസി സേവ്യറിന്റെ അറസ്റ്റ് വൈകുന്നതില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി.
വ്യാജ അഭിഭാഷക കേസില്‍ കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങാനെത്തിയ സെസി സേവ്യര്‍, തനിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്ന വിവരം അറിഞ്ഞതോടെ നാടകീയമായി മുങ്ങിയിരുന്നു. ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞത്.
പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് രണ്ടര വര്‍ഷമായി അഭിഭാഷകയായി പ്രവര്‍ത്തിച്ച രാമങ്കരി വേഴപ്ര സ്വദേശിനി സെസി സേവ്യര്‍ ഒളിവില്‍ പോയത്.
യോഗ്യതാ രേഖകള്‍ ആവശ്യപ്പെട്ടിട്ടും നല്‍കാതിരുന്ന ഇവര്‍ക്കെതിരെ ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഭിലാഷ് സോമന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നോര്‍ത്ത് പൊലീസ് കേസെടുത്തത്.
ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് പരാതി. പരീക്ഷ ജയിക്കാതെയും എന്റോള്‍ ചെയ്യാതെയും കോടതിയെയും സഹ അഭിഭാഷകരെയും കബളിപ്പിച്ചാണ് രണ്ടരവര്‍ഷമായി സെസി ആലപ്പുഴയില്‍ പ്രാക്ടീസ് ചെയ്തിരുന്നതെന്നാണ് പരാതി.
ബാര്‍ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സെസി, അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച് ലൈബ്രേറിയനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2018ല്‍ ആണ് സെസി ബാര്‍ അസോസിയേഷനില്‍ അംഗത്വം നേടിയത്.
സെസി ഒട്ടേറെ കേസുകളില്‍ അഭിഭാഷക കമ്മീഷനായി പോകുകയും ചെയ്തിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. തിരുവനന്തപുരത്ത് നിയമപഠനം നടത്തിയതായാണ് സെസി ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ബെംഗളുരുവില്‍ പഠനം പൂര്‍ത്തിയാക്കിയതായി അറിയിച്ചിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Sesy Xavier Case Ban for Advocates