ഇന്ത്യൻ മുജാഹിദീൻ പരിശീലകൻ, ലഷ്കർ ഇ തൊയിബ നേതാവ്; 1997 റോഹ്താക് ഇരട്ട സ്ഫോടനക്കേസ് പ്രതിയെ വെറുതെവിട്ട് കോടതി
national news
ഇന്ത്യൻ മുജാഹിദീൻ പരിശീലകൻ, ലഷ്കർ ഇ തൊയിബ നേതാവ്; 1997 റോഹ്താക് ഇരട്ട സ്ഫോടനക്കേസ് പ്രതിയെ വെറുതെവിട്ട് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th February 2023, 9:10 am

ന്യൂദൽഹി: 1997 റോഹ്താക് ഇരട്ട സ്‌ഫോടനക്കേസ് പ്രതിയും ദാവൂദ് ഇബ്രാഹിമിന്റെ സഹായിയുമായ അബ്ദുൾ കരീം തുണ്ടയെ വെറുതെവിട്ട് കോടതി. ഹരിയാനയിലെ റോത്തക് സെഷൻസ് കോടതിയാണ് തുണ്ടയെ വെറുതെവിട്ടത്. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

അഡീഷനൽ സെഷൻസ് കോടതി ജഡ്ജി രാജ്കുമാർ യാദവാണ് വിധി പ്രസ്താവിച്ചത്. അജ്മീർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന തുണ്ടയെ വീഡിയോ കോൺഫറൻസിലൂടെയാണ് കോടതിയിൽ ഹാജരാക്കിയത്.

1996ൽ നടന്ന സോനിപത് സ്‌ഫോടനക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയായിരുന്നു തുണ്ട. ഈ രണ്ടു കേസുകളിലും ഇയാളെ വെറുതെവിട്ടെന്നും പൊലീസിന് മതിയായ തെളിവുകൾ നൽകാനായില്ലെന്നും കോടതി വിധി പ്രസ്താവത്തിനിടെ പറഞ്ഞു.

ന്യൂദൽഹിയിലും പാനിപതിലും സോനിപത്തിലും ലുധിയാനയിലും കാൺപൂരിലും വാരണാസിയിലും 1996നും 1998നും ഇടയിൽ ഉണ്ടായ സ്ഫോടനങ്ങളിൽ 21 പേരാണ് മരിച്ചത്. 400ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

രണ്ടായിരത്തിൽ തുണ്ട കൊല്ലപ്പെട്ടതായി അഭ്യൂഹം പടർന്നിരുന്നു. ഇതോടെ ഇയാൾക്കായുള്ള തിരച്ചിൽ ഏതാണ്ട് അവസാനിപ്പിച്ച നിലയിലായിരുന്നു.

എന്നാൽ 2005 ൽ അറസ്റ്റിലായ ലഷ്‌കർ നേതാവ് അബ്ദുൾ റസാഖ് മസൂദാണ് തുണ്ട ജീവിച്ചിരിപ്പുണ്ടെന്ന കാര്യം പൊലീസിനോട് പറയുന്നത്.

ഉത്തർപ്രദേശിൽ ജനിച്ച ഇയാൾ 1980കളിലാണ് പാകിസ്ഥാനിൽ എത്തുന്നത്. അവിടെ നിന്നും ഐ.എസ്.ഐയുടെ പരിശീലനം നേടി.

പിന്നീട് ബംഗ്ലാദേശിലേക്ക് കടന്ന് ലഷ്‌കറിന്റെ നേതാവ് സക്കി ഉർ റഹ്‌മാൻ ലാഖ്വിയെ കണ്ടു. തുടർന്ന് ലഷ്‌കർ ഇ തൊയ്ബയുടെ ബോംബ് നിർമാണ വിദഗ്ധനായും പ്രവർത്തിച്ചു.

പിന്നീട് ഇന്ത്യൻ മുജാഹിദീന്റെ പരിശീലകനായി മാറി. ജെയ്ഷ് ഇ മൊഹമ്മദ്, ജമാത്ത് ഉദ് ദാവാ എന്നീ ഭീകരസംഘടനകളുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. അന്താരാഷ്ട്ര തലത്തിലും നിരവധി കേസുകളാണ് ഇയാൾക്കെതിരെയുള്ളത്.

1997ൽ ഹരിയാനയിലെ പച്ചക്കറി മാർക്കറ്റിലായിരുന്നു ആദ്യസ്‌ഫോടനം നടന്നത്. പിന്നീട് ഖിലാ റോഡിലുള്ള ലാൽ മസ്ജിദ് പ്രദേശത്ത് രണ്ടാം സ്‌ഫോടനവും നടന്നു.

ഇന്ത്യാ-നേപ്പാൾ അതിർത്തിയിൽ നിന്നായിരുന്നു ദൽഹി പൊലീസ് ഇയാളെ പിടികൂടിയത്.

Content Highlight: Sessions court acquitted lashkar terrorist Abdul karim tunda in 1997 rohtak blast case