| Tuesday, 26th July 2016, 12:58 pm

ഹിന്ദുമതത്തെ അവഹേളിച്ചു, സ്ത്രീസ്വയംഭോഗം ചിത്രീകരിച്ചു; ജയന്‍ചെറിയാന്‍ ചിത്രം ക ബോഡിസ്‌കേപ്‌സിന് സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാപ്പിലിയോബുദ്ധയുടെ സംവിധായകന്‍ ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്യുന്ന “ക ബോഡിസ്‌കേപ്‌സി”ന് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് സെന്‍സര്‍ബോര്‍ഡ്.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ റിവൈസിംഗ് കമ്മിറ്റിയാണ് ചിത്രത്തിന് സര്‍ട്ടിഫിക്കേഷന്‍ നല്‍കാനാകില്ലെന്ന് സംവിധായകനെ അറിയിച്ചത്.

സ്ത്രീകളെ അധിക്ഷേപിക്കുന്ന രീതിയിലുള്ള പരാമര്‍ശവുംം, അയാം എ ഗേയ് എന്ന പുസ്‌കത്തിന്റെ പശ്ചാത്തലത്തില്‍ ഹനുമാനെ ചിത്രീകരിച്ചതും സ്ത്രീ സ്വയംഭോഗം ചിത്രീകരിച്ചതും സ്വവര്‍ഗലൈംഗികതയെ എടുത്ത് കാണിക്കുന്ന പോസ്റ്ററുകളും ചിത്രത്തിന് അനുമതി നിഷേധിക്കാന്‍ കാരണമായതായി റീജനല്‍ സെന്‍സര്‍ ഓഫീസര്‍ ഡോ.പ്രതിഭാ എ സംവിധായകന് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.

ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ വിവിധ ഗൈഡ്‌ലൈനുകളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് അനുമതി നിഷേധിച്ചിരിക്കുന്നത്. ക ബോഡിസ്‌കേപ് ഹിന്ദുമതത്തെ അവഹേളിക്കുന്നതും ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നതുമാണെന്നും ബോര്‍ഡ് സംവിധായകന് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

കേരളത്തിലെ റീജനല്‍ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ഏപ്രിലില്‍ സെന്‍സറിംഗിനായി ചിത്രം കണ്ട ശേഷം സര്‍ട്ടിഫിക്കേഷനില്‍ തീരുമാനമെടുക്കാതെ റിവൈസിംഗ് കമ്മിറ്റ് വിടുകയായിരുന്നു. ചിത്രം കണ്ടശേഷം റിവൈസിങ് കമ്മിറ്റിയാണ് ഇപ്പോള്‍ പ്രദര്‍ശനനാനുമതി നിഷേധിച്ചിരിക്കുന്നത്.

കേരളത്തിലെ ജനകീയ സമരങ്ങളെ കുറിച്ചും ലിംഗ പ്രശ്‌നങ്ങളെ കുറിച്ചുമാണ് പ്രധാനമായും സിനിമ ചര്‍ച്ച ചെയ്യുന്നത്. കേരളത്തിലെ മുഖ്യധാരാ സമരത്തിനു പുറത്ത് നടക്കുന്ന ജനകീയ സമരങ്ങളില്‍ പങ്കെടുക്കുന്ന സാമൂഹ്യമനുഷ്യാവകാശ പ്രവര്‍ത്തകര്‍ നേരിട്ട് അഭിനേതാക്കളാകുന്ന ചിത്രമെന്ന സവിശേഷതയും ഈ ജയന്‍ ചെറിയാന്‍ ചിത്രത്തിനുണ്ട്.

സ്വവര്‍ഗാനുരാഗികളായ 2 യുവാക്കളുടേയും മുസ്‌ലീം പശ്ചാത്തലത്തില്‍ വളര്‍ന്ന ഒരു പെണ്‍കുട്ടിയുടേയും കഥയാണ് ചിത്രം പറയുന്നത്. ഇവര്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.

കേരളത്തിലെ യുവത ഇന്ന് നേരിടുന്ന അരക്ഷിതാവസ്ഥയും സമൂഹത്തിന്റെ ഫാസിസ്റ്റ് ചിന്തകളുമാണ് സിനിമയുടെ വിഷയമാകുന്നത്്. മധ്യവര്‍ഗ ആധിപത്യമുള്ള സമൂഹത്തെ പുതിയ ഉയരങ്ങളിലെത്തിക്കാനുള്ള ഒരു ശ്രമം കൂടിയാണ് ചിത്രം. യുവാക്കളുടേയും സ്ത്രീകളുടേയും അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ചോദ്യം ചെയ്യപ്പെടുന്ന ഇന്നത്തെ സമൂഹത്തില്‍ അതിനായുള്ള ചെറുത്തുനില്‍പ്പ് കൂടിയാണ് ക ബോഡിസ്‌കേപ്‌സ്.

ഇന്ത്യയില്‍ ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുന്ന നവഹിന്ദുത്വ ഫാസിസത്തിന്റെ ഫശ്ചാത്തലത്തില്‍ ശരീരത്തിന്റെ രാഷ്ട്രീയം പറയുകയാണ് ചിത്രം.

ഹനുമാന്‍ സേനയെ ചിത്രീകരിക്കുന്ന ഭാഗം ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് കടുത്ത വിമര്‍ശനം വിളിച്ചുവരുത്തിയിരുന്നു. നിയമസംഹിതകളും ചുമന്നുകൊണ്ട് പറക്കുന്ന ഹനുമാനെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

“സ്ത്രീ ശരീരത്തേയും ശരീരത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയത്തെയും അവരുടെ പ്രത്യേക അവസ്ഥകളേയും സമൂഹം എങ്ങനെ നോക്കിക്കാണുന്നു എന്നതും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലവും നില്‍പ്ഇരിപ്പ് സമരവും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഇന്നത്തെ നവസമരങ്ങളുടെ ഭാഗമാകുന്ന യുവാക്കളും യുവതികളുമാണ് യഥാര്‍ത്ഥത്തില്‍ സിനിമയിലെ കഥാപാത്രങ്ങള്‍.”

ആശയ ആവിഷ്‌ക്കാരത്തിനെതിരെ നിലനില്‍ക്കുന്ന നയങ്ങളെയാണ് സിനിമ ചോദ്യം ചെയ്യുന്നത്. സ്ത്രീവിരുദ്ധ മനുഷ്യവിരുദ്ധമായ ഇന്നത്തെ സമൂഹത്തെ അതിന്റെ കെട്ടുപാടുകളില്‍ നിന്നും മോചിപ്പിച്ചെടുക്കാനുള്ള ശ്രമം കൂടിയായ ക ബോഡിസ്‌കേപ്‌സ് തികച്ചും ഒരു രാഷ്ട്രീയസിനിമയാണെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more