| Thursday, 26th April 2018, 4:41 pm

ബാങ്കിംഗ് മേഖലയില്‍ സേവനങ്ങള്‍ക്കും ഇനി നികുതി; അഞ്ച് വര്‍ഷത്തെ മുന്‍കാലപ്രാബല്യത്തോടെ വരുന്ന നികുതി സംവിധാനത്തില്‍ പ്രതിസന്ധിയിലാകുന്നത് ഉപഭോക്താക്കളും ബാങ്കുകളും

ഗോപിക

ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. രാജ്യത്തെ ബാങ്കിംഗ് സേവനങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയുമായി കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ തിരിച്ചുവരുന്നുവെന്നതാണ് നിലവിലെ പ്രധാന വാര്‍ത്തകളില്‍ ഒന്ന്. മിനിമം ബാലന്‍സ് സൂക്ഷിക്കുന്ന അക്കൗണ്ട് ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ നടപടി ഇപ്പോള്‍ പ്രാബല്യത്തില്‍ വരുന്നത്.

അക്കൗണ്ടില്‍ എപ്പോഴും നിശ്ചിത തുകയുള്ള ഉപഭോക്താക്കള്‍ക്ക് കാലങ്ങളായി ബാങ്ക് വാഗ്ദാനം ചെയ്യുന്ന സൗജന്യ സേവനങ്ങള്‍ക്കാണ് ഇപ്പോള്‍ നികുതി ചുമത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ രേഖ സ്റ്റേറ്റ് ബാങ്ക് ഉള്‍പ്പടെയുള്ള അഞ്ച് ബാങ്കുകള്‍ക്ക് അയച്ചതായി ഡയറക്ട്‌റേറ്റ് ജനറല്‍ ഓഫ് ഗുഡ്‌സ് ആന്റ് സര്‍വ്വീസസ് ടാക്‌സസ് അറിയിച്ചിരിക്കുകയാണ്. ഉപഭോക്താക്കളെ വലയ്ക്കുന്ന ഈ തീരുമാനത്തിനെതിരെ നിരവധി ബാങ്കിംഗ് സംഘടനകള്‍ തങ്ങളുടെ അതൃപ്തി അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ ഈ നിയന്ത്രണത്തിനെതിരെ ബാങ്ക് മാനേജ്‌മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ രംഗത്തുവന്നിരിക്കയാണ് ഇപ്പോള്‍. ഉപഭോക്താക്കളുടെ മിനിമം ബാലന്‍സ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അവയ്ക്ക് മേല്‍ നികുതി അടയ്‌ക്കേണ്ട സാഹചര്യം ഉടന്‍ തന്നെ ഉണ്ടാകുമെന്നും അത് ബാങ്കിംഗ് നിക്ഷേപങ്ങളെ വളരെയധികം ബാധിക്കുമെന്നും ബാങ്കിംഗ് വിദഗ്ധര്‍ പറയുന്നുണ്ട്.


ALSO READ: പത്ത് വയസ് മുതലുള്ള കുട്ടികള്‍ക്ക് സ്വതന്ത്രമായി ബാങ്ക് ഇടപാടുകള്‍ നടത്താമെന്ന് റിസര്‍വ് ബാങ്ക്


ഈ മാസം ആദ്യത്തോടെയാണ് ഈ നിയമാവിഷ്‌കരിച്ചുകൊണ്ട് രാജ്യത്തെ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. നിലവില്‍ എസ്.ബി.ഐ, എച്ച്.ഡി.എ.എഫ്.സി, ആക്‌സിസ്, ഐ.സി.ഐ.സി.ഐ, കൊട്ടക് മഹിന്ദ്ര എന്നീ ബാങ്കുകള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നോട്ടീസിലെ നിര്‍ദ്ദേശപ്രകാരം അഞ്ച് വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെയാണ് നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം.

ഇതുപ്രകാരം 2012 മുതല്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയ നികുതി സംവിധാനം പ്രാബല്യത്തില്‍ വരുന്നതാണ്. നിലവില്‍ വരുന്ന സംവിധാനമനുസരിച്ച് 12 ശതമാനം സേവന നികുതിയും ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിന്നും ഈടാക്കുന്നതാണ്. സേവന നികുതിയോടൊപ്പം 18 ശതമാനം പലിശയും ഇതിന്റെ കൂടെ കൂട്ടിയാണ് സേവന നികുതി കണക്കാക്കുന്നത്. അഞ്ച് വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെ വരുന്നതിനാല്‍ നൂറു ശതമാനം പിഴയും ഈ നികുതിയോടൊപ്പം അടയ്‌ക്കേണ്ടതായി വരുന്നു.

ഇത്തരത്തില്‍ പിരിച്ചെടുക്കുന്ന നികുതി ഏകദേശം 6000 കോടി രൂപ വരെ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ അഞ്ചുവര്‍ഷത്തെ പ്രാബല്യം കൂടി കണക്കാക്കുമ്പോള്‍ 40,000 കോടി രൂപ വരുമെന്നാണ് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ പുറത്തുവിടുന്ന കണക്കുകള്‍ പറയുന്നത്.

സാധാരണയായി അക്കൗണ്ടുകള്‍ ബാങ്ക് നിര്‍ദ്ദേശിക്കുന്ന മിനിമം ബാലന്‍സ് നിലനിര്‍ത്തുന്ന എ.ടി.എം ക്രയവിക്രയങ്ങള്‍, ചെക്ക്ബുക്ക്, ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡ് സേവനങ്ങള്‍ എന്നിവയില്‍ ചിലതില്‍ ബാങ്കുകള്‍ സാധാരാണയായി ചില സൗജന്യ സേവനങ്ങള്‍ നല്‍കാറുണ്ട്. ഈ സേവനങ്ങള്‍ക്കാണ് ഇപ്പോള്‍ നികുതി ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്.


MUST READ: ഇ-ബാങ്കിങ് വഴി പണം അയക്കുമ്പോള്‍ അക്കൗണ്ട് മാറിപ്പോയാല്‍ എന്ത് ചെയ്യണം


അതേസമയം ഈ സേവന നികുതികളെല്ലാം ഉപഭോക്താക്കളുടെ മേല്‍ അടിച്ചേല്‍പ്പിച്ച പുറത്തുവരുന്ന കണക്കുകള്‍ ഊഹക്കണക്കുമാത്രമാണെന്നും ഇത് നടപ്പാക്കേണ്ടതിനെപ്പറ്റി ഒന്നുകൂടി ആലോചിക്കണമെന്ന നിലപാടാണ് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്റെ വിഗ്ദ്ധനായ ഉദ്യോഗസ്ഥന്‍(പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല) ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

ബാങ്ക് നല്‍കുന്ന ഓരോ സേവനത്തിനും വെവ്വേറേ സേവന നികുതി വിഭാഗത്തില്‍പ്പെടുത്തി നികുതി ഈടാക്കുന്ന രീതി ഉപഭോക്താക്കളെയും ബാങ്കിംഗ് സേവനരംഗത്തെ വിശ്വാസ്യതയേയും ബാധിക്കുന്നതായി തിരുവനന്തപുരം സെന്‍ട്രല്‍ ബാങ്ക് ജീവനക്കാരനായ ഉദ്യോഗസ്ഥന്‍ പറയുന്നു.

ബാങ്കിംഗ് രംഗത്തെ സേവന നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനങ്ങള്‍ ഇതിനു മുമ്പ് തന്നെ ഉടലെടുത്തിരുന്നതാണ്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതു മുതല്‍ ഇതു സംബന്ധിച്ച നയരേഖകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയിരുന്നു. അതേസമയം ഇതിനു മുന്നേ എല്ലാ വിധ ബാങ്കിംഗ് സേവനങ്ങളും സാധാരണക്കാരില്‍ എത്തിക്കുന്നതിന്റെ ഭാഗമായി സൗജന്യമാക്കണമെന്ന് കേന്ദ്രത്തിന്റെ മുന്‍കാല പദ്ധതികളില്‍ പറഞ്ഞിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ ഇതിനു വിപരീതമായി ബാങ്ക് നല്‍കുന്ന എല്ലാത്തരം സേവനങ്ങള്‍ക്കും നികുതി എര്‍പ്പെടുത്തണമെന്ന നിലപാട് നിരവധി പ്രതിഷേധങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഗോപിക

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more