നികുതി അടച്ചില്ല: കിങ്ഫിഷറിന്റെ രണ്ടുവിമാനങ്ങള്‍ പിടിച്ചെടുത്തു
India
നികുതി അടച്ചില്ല: കിങ്ഫിഷറിന്റെ രണ്ടുവിമാനങ്ങള്‍ പിടിച്ചെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th December 2012, 12:19 pm

മുംബൈ: കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ രണ്ട് വിമാനങ്ങള്‍ സേവനനികുതി വകുപ്പ് പിടിച്ചെടുത്തു. നികുതി അടയ്ക്കാതിരുന്നതിനെ തുടര്‍ന്നാണ് വിമാനങ്ങള്‍ പിടിച്ചെടുത്തത്.[]

63 കോടി രൂപയുടെ നികുതിയാണ് അടയ്ക്കാതിരുന്നത്. 128 കോടി രൂപയുടെ സേവനനികുതിയില്‍ 63 കോടി രൂപയുടെ നികുതി അടയ്ക്കണമെന്നു സേവനനികുതി വകുപ്പ് കിങ് ഫിഷറിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സമയപരിധി അവസാനിച്ചിട്ടും കിങ്ഫിഷര്‍ നികുതി അടയ്ക്കാന്‍ തയാറായില്ല. ഇതേ തുടര്‍ന്നാണ് വിമാനങ്ങള്‍ ജപ്തി ചെയ്തതെന്ന് സേവന നികുതി വകുപ്പ് അധികൃതര്‍ പറഞ്ഞു.

ജപ്തി നടപടി ഇവിടെ അവസാനിപ്പിക്കില്ലെന്നും കൂടുതല്‍ വിമാനങ്ങള്‍ ജപ്തി ചെയേണ്ടി വന്നേക്കുമെന്നും മുംബൈയിലെ സേവന നികുതി കമ്മീഷണര്‍ സുശീല്‍ സോളങ്കി അറിയിച്ചു.

അതേസമയം ജപ്തി നടപടികളെക്കുറിച്ച് പ്രതികരിക്കാന്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് തയ്യാറായിട്ടില്ല.

കഴിഞ്ഞ മാസം ഒക്ടോബര്‍ 20 നാണ് കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ലൈസന്‍സ് റദ്ദാക്കിയതായി ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

സേവനം സംബന്ധിച്ച് മറുപടി നല്‍കാത്തതും കഴിഞ്ഞ പത്ത് മാസത്തിനിടെ സര്‍വീസുകള്‍ ഇടയ്ക്കിടെ റദ്ദാക്കിയതുമാണ് ലൈന്‍സ് റദ്ദാക്കാന്‍ കാരണമായത്.

അതേസമയം കിട്ടാനുള്ള ശമ്പളം ഉടന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കിങ്ഫിഷര്‍ പൈലറ്റുമാര്‍ ഡി.ജി.സി.എയെ കഴിഞ്ഞ ദിവസം സമീപിച്ചിരുന്നു.

മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള മൂന്ന് മാസത്തെ ശമ്പളം ദീപാവലിയോട് അനുബന്ധിച്ച് മൂന്ന് ഗഡുക്കളായി നല്‍കാമെന്നായിരുന്നു മാനേജ്‌മെന്റ് ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന ഉറപ്പ്.

ഈ ഉറപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു ശമ്പളകുടിശിക ആവശ്യപ്പെട്ട് പൈലറ്റുമാരും എന്‍ജിനീയര്‍മാരും ഒക്‌ടോബറില്‍ നടത്തിയ പണിമുടക്ക് പിന്‍വലിച്ചത്.

എന്നാല്‍ ദീപാവലി ദിനത്തിലും പൈലറ്റുമാര്‍ക്ക് ശമ്പളക്കുടിശിക ലഭ്യമാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല. ശമ്പള വിഷയം തങ്ങളുടെ പരിധിയില്‍ പെടുന്ന വിഷയമല്ലെന്നും കമ്പനി മാനേജ്‌മെന്റും ജീവനക്കാരും ചര്‍ച്ച ചെയ്ത് പരിഹാരം കാണേണ്ട വിഷയമാണിതെന്നുമാണ് ഡി.ജി.സി.എയുടെ നിലപാട്.