ന്യൂദല്‍ഹി: രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ക്ക് കൊവിഷീല്‍ഡ് വാക്‌സിന്‍ നല്‍കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ച വില ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്നതെന്ന് റിപ്പോര്‍ട്ട്. ഒരു ഡോസിന് 600 രൂപയാണ് സ്വകാര്യ ആശുപത്രികളില്‍ നിന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു ഡോസ് വാക്സിന് ഈടാക്കുന്നത്.
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രസെനകയും വികസിപ്പിച്ചെടുത്ത കൊവിഷീല്‍ഡ് വാക്‌സിന്റെ ഒരു ഡോസിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചിരിക്കുന്ന ഈ വില ലോകത്തിലെ തന്നെ ഏറ്റവും വലിയ നിരക്കാണെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒരു ഡോസിന് സ്വകാര്യ ആശുപത്രികളില്‍ നിന്നും ഈടാക്കുന്ന 600 രൂപ എന്നത് ഏകദേശം 8 ഡോളറിന് തുല്യമാണ്. ലോകത്ത് ഈടാക്കുന്ന ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്.
നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് 400 രൂപ നിരക്കില്‍ വാക്സിന്‍ നല്‍കുമെന്നാണ് സെറം അറിയിച്ചിരിക്കുന്നത്. വാക്സിന്‍ സൗജന്യമല്ലെന്ന് സംസ്ഥാനങ്ങള്‍ പ്രഖ്യാപിക്കുന്ന സാഹചര്യം ഉണ്ടായാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിനേഷന്‍ എടുക്കുന്നവരും ഒരു ഡോസിന് 400 രൂപ (5.30 ഡോളറില്‍ കൂടുതല്‍) നല്‍കി വാക്‌സിന്‍ എടുക്കേണ്ടി വരും.
ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ആസ്ട്രാ സെനക്കയും ചേര്‍ന്നു വികസിപ്പിച്ച വാക്സിന്‍ ആണ് കൊവിഷീല്‍ഡ് എന്ന പേരില്‍ ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്നത്.
മെയ് ഒന്നു മുതല്‍ 18 വയസിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ എടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വാക്‌സിന്റെ വില സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചത്. സ്വകാര്യ ആശുപത്രികള്‍ക്ക് അറുന്നൂറു രൂപയ്ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നാനൂറു രൂപയ്ക്കുമാണ് മെയ് ഒന്നു മുതല്‍ വാക്സിന്‍ നല്‍കുക.
അമേരിക്ക, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവ ആസ്ട്രാ സെനക്കയില്‍നിന്നു നേരിട്ടാണ് വാക്സിന്‍ വാങ്ങുന്നത്. ഈ രാജ്യങ്ങളില്‍ നിന്നും ആസ്ട്രാ സെനക്ക വാങ്ങുന്ന വിലയേക്കാള്‍ കൂടുതലാണ് സെറം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുന്ന വാക്‌സിന് ഈടാക്കുന്നതാണെന്ന് വില താരതമ്യപ്പെടുത്തിയുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതായത് സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ നല്‍കാനായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചിരിക്കുന്ന 400 രൂപ എന്നത് യു.എസ്, യു.കെ, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഗവണ്‍മെന്റുകള്‍ നേരിട്ട് അസ്ട്രസെനെക്കയില്‍നിന്ന് വാങ്ങുന്ന വിലയേക്കാള്‍ കൂടുതലാണെന്ന് അര്‍ത്ഥം.
അതേസമയം ഇതിലും കുറഞ്ഞ നിരക്കിലാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് വാക്സിന്‍ വാങ്ങുന്നതിനായി ബംഗ്ലദേശ്, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ കരാറിലേര്‍പ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. മാത്രമല്ല ഈ സര്‍ക്കാരുകളെല്ലാം വാക്‌സിന്‍ സൗജന്യമായാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഒരു ഡോസ് വാക്സിനായി 2.15 മുതല്‍ 3.5 ഡോളറാണ് (ഏകദേശം 160-270 രൂപ) യൂറോപ്യന്‍ യൂണിയന്‍ മുടക്കുന്നത്. മൂന്ന് ഡോളറിനാണ് (ഏകദേശം 226 രൂപ) ബ്രിട്ടന് ഒരു ഡോസ് വാക്സിന്‍ ലഭിക്കുന്നത്.
ഡോസ് ഒന്നിന് നാല് ഡോളര്‍ (ഏകദേശം 300 രൂപ) നിരക്കിലാണ് അമേരിക്കയ്ക്ക് വാക്സിന്‍ നല്‍കാമെന്ന് അറിയിച്ചിരിക്കുന്നത്. ബ്രിട്ടനും അമേരിക്കയും അസ്ട്രസെനകയില്‍നിന്ന് നേരിട്ടാണ് വാക്സിന്‍ വാങ്ങുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഉല്‍പാദകരില്‍ നിന്ന് ബ്രസീല്‍ 3.15 ഡോളറിനാണ് (ഏകദേശം 237 രൂപ) വാക്സിന്‍ വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.
സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് നേരിട്ട് വാക്സിന്‍ വാങ്ങുന്ന ബംഗ്ലാദേശ് ഒരു ഡോസിന് 4 ഡോളറാണ് (ഏകദേശം 300 രൂപ) നല്‍കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദക്ഷിണാഫ്രിക്കയും സൗദി അറേബ്യയും 5.25 ഡോളറാണ് (ഏകദേശം 395 രൂപ) മുടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇവിടെയാണ് ഏകദേശം എട്ട് ഡോളര്‍ കൊടുത്ത് ഇന്ത്യയിലെ സ്വകാര്യ ആശുപത്രികള്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും വാക്‌സിന്‍ വാങ്ങേണ്ടി വരുന്നത്.
പൗരന്മാര്‍ക്കു സൗജന്യമായി വാക്സിന്‍ നല്‍കില്ലെന്ന് കേന്ദ്രം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിവിധ രാജ്യങ്ങളിലെ വാക്‌സിന്‍ വില താരതമ്യം ചെയ്തുകൊണ്ടുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
വില നിശ്ചയിക്കാനുള്ള അധികാരം സ്വകാര്യ കമ്പനിക്ക് നല്‍കിയതും വിവിധ രാജ്യങ്ങളിലെ വിലയിലെ അന്തരവും ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ പ്രതിഷേധം അറിയിച്ചിരുന്നു.
അതേസമയം കൊവിഷീല്‍ഡ് വാക്‌സിന്റെ ഒരു ഡോസിന് 400 രൂപ വരെ ഈടാക്കാനുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കുകയായിരുന്നോ എന്ന ചോദ്യത്തിന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സര്‍ക്കാരുമായുള്ള നിരന്തര ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് 150 രൂപയ്ക്ക് സര്‍ക്കാരിന് വാക്‌സിന്‍ നല്‍കാമെന്ന് തീരുമാനമായതെന്നും തങ്ങളുടെ വിഭവ ശേഷി വര്‍ധിപ്പിക്കാനും കൂടുതല്‍ മാറ്റങ്ങള്‍ വരുത്താനും പാശ്ചാത്യകമ്പനികളുമായി മത്സരിക്കാനും ഈ വില നിര്‍ണയം അനിവാര്യമാണെന്നുമാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാര്‍ പുനെവാലെ എന്‍.ഡി.ടി.വിയോട് പ്രതികരിച്ചത്. ഞങ്ങള്‍ ലാഭം ഉണ്ടാക്കുന്നില്ലെന്ന് പറയുന്നില്ല. എന്നാല്‍ സൂപ്പര്‍ പ്രോഫിറ്റ് ഞങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് പറയാനാവില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
എന്റെ വരുമാനത്തിന്റെ 50 ശതമാനം അസ്ട്രാസെനെക്കയ്ക്ക് റോയല്‍റ്റിയായി ഞാന്‍ നല്‍കേണ്ടതുണ്ട്, അതുകൊണ്ട് തന്നെ 150 രൂപയ്ക്ക് വാക്‌സിന്‍ നല്‍കണമെന്ന് പറയുന്നതില്‍ അടിസ്ഥാനമില്ല. അത് അംഗീകരിക്കാനാവുന്നതല്ല. ഇന്ത്യയിലെ കോവിഷീല്‍ഡിന്റെ വില ഇപ്പോള്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്നും അതിന് കാരണമുണ്ടെന്നും അദ്ദേഹം പറയുന്നു.
തുകയെ സംബന്ധിച്ച തീരുമാനം ഏറെ നാള്‍ മുന്‍പ് എടുത്തതാണ്. ആ സമയത്ത് കുറഞ്ഞ അളവിലുള്ള വാക്‌സിനെ കുറിച്ചുമാത്രമായിരുന്നു ചര്‍ച്ച. മാത്രമല്ല വാക്‌സിന്‍ എത്രത്തോളം വിജയിക്കുമെന്ന കാര്യത്തിലും അന്ന് സംശയമുണ്ടായിരുന്നെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക