ന്യൂദല്‍ഹി: കൊവിഡിനെ പ്രതിരോധിക്കാനുള്ള കൊവിഷീല്‍ഡ് വാക്‌സിന്‍ 73 ദിവസത്തിനകം സൗജന്യമായി ലഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയുടെ കൊവിഡ് വാകസിന്റെ നിര്‍മാണ പങ്കാളിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. 73 ദിവസത്തിനകം വാക്‌സിന്‍ ലഭ്യമാക്കുമെന്ന വാദം പൂര്‍ണമായും തെറ്റാണെന്നും ഊഹാപോഹം മാത്രമാണെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.
നിലവില്‍ കൊവിഡ് വാക്‌സിന്‍ നിര്‍മിക്കാനും അത് ഭാവിയിലെ ഉപയോഗത്തിനായി സൂക്ഷിച്ച് വെക്കാനുമുള്ള അനുമതി മാത്രമേ സര്‍ക്കാര്‍ നല്‍കിയിട്ടുള്ളുവെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത വാക്‌സിന്‍ ആസ്ട്രസെനെകയും സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഈ വാക്‌സിന്‍ 73 ദിവസത്തിനകം ആളുകളിലേക്കെത്തുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയെന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു നേരത്തെ പുറത്ത് വന്നിരുന്നത്.
പരീക്ഷണങ്ങള്‍ പൂര്‍ണമായും വിജയിക്കുകയും തെളിയിക്കപ്പെടുകയും ചെയ്യണം. തുടര്‍ന്ന് ആവശ്യമായ അനുമതി ലഭ്യമാവുമ്പോള്‍ മാത്രമേ മരുന്ന് ആളുകളിലേക്ക് എത്തിക്കുകയുള്ളു.
ആളുകളില്‍ ഫലപ്രദമാണെന്ന് പരിപൂര്‍ണമായും ഉറപ്പ് വരികയും പ്രതിരോധം ഉറപ്പാക്കുകയും ചെയ്യുന്ന ഘട്ടത്തില്‍ മാത്രമേ വാക്‌സിന്‍ വ്യാപകമായി ജനങ്ങളില്‍ എത്തിച്ച് തുടങ്ങൂ എന്നും ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.
നിലവില്‍ രണ്ടും മൂന്നും ഘട്ട കൊവിഡ് പരീക്ഷണങ്ങള്‍ക്കായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലിനിക്കല്‍ ട്രയല്‍സ് രജിസ്ട്രി ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള ആരോഗ്യവാന്മാരായ 1600 പേരില്‍ പരീക്ഷണം നടത്താനാണ് ഇന്‍സ്റ്റിറ്റ്യൂട്ട് തീരുമാനിച്ചിട്ടുള്ളത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlight: Serum Institute Clarifies the reports over free shots of covid vaccine in 73 days