സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഡ് വാക്‌സിന്‍ ആദ്യം ഇന്ത്യാക്കാര്‍ക്ക് നല്‍കും; അദാര്‍ പൂനവാല
Covid19
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഡ് വാക്‌സിന്‍ ആദ്യം ഇന്ത്യാക്കാര്‍ക്ക് നല്‍കും; അദാര്‍ പൂനവാല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th November 2020, 8:50 pm

പൂനെ: സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കൊവിഡ് വാക്സിന്‍ ആദ്യം ഇന്ത്യക്കാര്‍ക്ക് ലഭ്യമാക്കുമെന്നും വാക്‌സിന് അടിയന്തര ലൈസന്‍സ് ലഭ്യമാക്കാന്‍ ശ്രമം നടത്തിവരികയാണെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് തലവന്‍ അദാര്‍ പൂനവാല.

ഓക്സ്ഫഡ് വാക്സിന്‍ നിര്‍മാണത്തിനൊരുങ്ങുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തിയതിനു പിന്നാലെയായിരുന്നു പൂനവാലയുടെ ഈ പ്രസ്താവന.

സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മ്മിക്കുന്ന ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ പ്രത്യേകതകളെപ്പറ്റിയും വാക്‌സിന്‍ വിതരണത്തെപ്പറ്റിയും പ്രധാനമന്ത്രിയോട് വിശദീകരിച്ചതായി പൂനവാല പറഞ്ഞു.

ഇന്ത്യയിലായിരിക്കും വാക്സിന്‍ ആദ്യം വിതരണം നടത്തുക. പിന്നീട് മറ്റു രാജ്യങ്ങളില്‍ വിതരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വലിയതോതില്‍ വാക്സിന്‍ നിര്‍മ്മിക്കുന്നതിനായുള്ള സൗകര്യങ്ങള്‍ ഒരുക്കിയെന്നും വാക്സിന്‍ ഉത്പാദനം സംബന്ധിച്ച വിവരങ്ങള്‍ ഡ്രഗ് കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹം പറഞ്ഞു.

കൊവി-ഷീല്‍ഡ് എന്ന പേരിലായിരിക്കും വാക്സിന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുക.ആദ്യഘട്ടത്തില്‍ ജനുവരി-ഫെബ്രുവരി മാസത്തോടെ 10-15 ദശലക്ഷം ഡോസ് വാക്സിനുകള്‍ ഉത്പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഏപ്രില്‍-മേയ് മാസത്തോടെ നൂറ് ദശലക്ഷത്തിനു മേല്‍ ഡോസുകള്‍ ഉത്പാദിപ്പിക്കാനാകും. ജൂണ്‍ ജൂലായ് മാസത്തോടെ 200-300 ദശലക്ഷം വാക്‌സിനുകളാണ് ഇന്ത്യയ്ക്ക് വേണ്ടിവരികയെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേഷക സംഘവുമായി ചര്‍ച്ചനടത്തിയ വിവരങ്ങള്‍ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. വാക്സിന്‍ ഉത്പാദനത്തിന് രാജ്യത്ത് നടക്കുന്ന തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി മോദി മൂന്ന് സ്ഥാപനങ്ങളാണ് ഇന്ന് സന്ദര്‍ശിച്ചത്.

അഹമ്മദാബാദിലെ സൈഡസ് ബയോടെക് പാര്‍ക്ക്, ഹൈദരാബാദിലെ ഭാരത് ബയോടെക്, പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ മോദി സന്ദര്‍ശനം നടത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Serum Institute Covid Vaccine