ലൂസി കളപ്പുരക്കലിനെതിരെ സന്യാസിനി ജനറാള്‍ എടുത്ത നടപടി നിയമാനുസൃതമാണെന്ന് സീറോ മലബാര്‍ സിനഡ്
കല്‍പ്പറ്റ: സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസിനി ജനറാള്‍ എടുത്ത നടപടി നിയമാനുസൃതമാണെന്ന് സീറോ മലബാര്‍ സിനഡ്.
ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സഭ നിയമാനുസൃതം സ്വീകരിച്ച നടപടിക്കെതിരെ സമരത്തിനിറങ്ങുന്നവര്‍ സഭയുടെ അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വരുമെന്നും സിറോ മലബാര്‍ സിനഡ് അറിയിച്ചു.
മാനന്തവാടി രൂപതയിലെ ക്ലാരിസ്റ്റ് പ്രൊവിന്‍ഷ്യല്‍ ഹൗസിനു മുന്നില്‍ സേവ് അവര്‍ സിസ്റ്റേഴ്സിന്റെ ആഭിമുഖ്യത്തില്‍ നാളെ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള പ്രതിഷേധ സമരത്തില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്ന് സിനഡ് ആവശ്യപ്പെട്ടു.
കന്യാസ്ത്രീ നല്‍കിയ ലൈംഗികാക്രമണ പരാതിയില്‍ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ സിസ്റ്റര്‍ ലൂസി കളപ്പുരക്കലും പങ്കെടുത്തിരുന്നു.
ഇതിനു പിന്നാലെ സിസ്റ്റര്‍ക്കെതിരെ സഭ നടപടിയെടുത്തിരുന്നു. കഴിഞ്ഞയഴ്ച സിസ്റ്ററെ സഭയില്‍ നിന്ന് പുറത്താക്കുന്നതായി അറിയിക്കുകയും ചെയ്തിരുന്നു.
ദാരിദ്ര്യവ്രതം ലംഘിച്ച് കാര്‍ വാങ്ങി, ശമ്പളം മഠത്തിന് കൈമാറിയില്ല, സിനഡ് തീരുമാനം ലംഘിച്ച് മാധ്യമങ്ങളോട് സംസാരിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് സിസ്റ്ററെ പുറത്താക്കിയത്.