തിരുവനന്തപുരത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് നൂറുകണക്കിന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും
COVID-19
തിരുവനന്തപുരത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് നൂറുകണക്കിന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th July 2020, 10:40 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നടന്ന കേരള എന്‍ജീനിയറിംഗ് പ്രവേശന പരീക്ഷയില്‍ ഗുരുതരമായ സുരക്ഷ വീഴ്ച. പലയിടത്തും കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും ഇന്ന് പുറത്തുവന്നു.

സംസ്ഥാനത്ത് ദിനം പ്രതി കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വീഴ്ച സംഭവിച്ചതായി ആരോപണം ഉയരുന്നത്. ഏറ്റവും ആശങ്ക ഉയര്‍ത്തി തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് കേരള എന്‍ട്രന്‍സ് കഴിഞ്ഞ് വരുന്ന വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

കേരളത്തില്‍ പലയിടങ്ങളിലും സമാനമായ രീതിയില്‍ കുട്ടികള്‍ പരീക്ഷ എഴുതാന്‍ എത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത് തിരുവനന്തപുരത്താണ്.

മുമ്പ് ഏപ്രില്‍ 20 ന് ആണ് പരീക്ഷ നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ പിന്നീട് മാറ്റിവെയ്ക്കുകയായിരുന്നു.കൊവിഡ് സുരക്ഷ മുന്‍കരുതലുകള്‍ പാലിച്ചാകും പരീക്ഷ നടത്തുകയെന്നും രണ്ട് ദിവസമായി നടത്തുന്ന പരീക്ഷ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഒരു ദിവസം കൊണ്ട് തന്നെ നടത്താനും സര്‍ക്കാര്‍തീരുമാനിച്ചിരുന്നു.

അതേസമയം നീറ്റ്, ജെഇഇ പരീക്ഷകള്‍ ഇപ്പോള്‍ നടത്താന്‍ കഴിയാത്തതിനാല്‍ സെപ്റ്റംബറിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. കൊവിഡ് ഭീഷണി ഉയര്‍ത്തുന്ന തിരുവനന്തപുരത്ത് നിന്ന് ഇപ്പോള്‍ പുറത്തുവരുന്ന ചിത്രങ്ങളും ദൃശ്യങ്ങളും കനത്ത ആശങ്കയാണ് ഉണ്ടാക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് 722 പേര്‍ക്ക് കൊവിഡ് ബാധിച്ചതില്‍ 337 പേരും തിരുവനന്തപുരത്ത് നിന്നായിരുന്നു. ഇതില്‍ 301 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഉറവിടമറിയാത്ത 16 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നഗരത്തിലെ ഹൈപ്പര്‍ മാര്‍ക്കറ്റിലെ 61 ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 91 പേര്‍ക്കാണ് ഇന്നലെ അവിടെ പരിശോധന നടത്തിയത്.

ഇതേ സ്ഥാപനത്തിലെ 81 സാമ്പിളുകള്‍ ഇന്ന് പരിശോധിച്ചപ്പോള്‍ 17 പേര്‍ക്ക് കൂടി പോസിറ്റീവാണെന്ന് കണ്ടെത്തിയതായും മുഖ്യമന്ത്രി ഇന്ന് പറഞ്ഞിരുന്നു.

ഗുരുതരമായ സാഹചര്യമാണ് തിരുവനന്തപുരത്ത്. ഈ സ്ഥാപനത്തില്‍ നിന്നും ഇനിയും ഫലങ്ങള്‍ വരാനുണ്ട്. ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നും ദിവസേന നൂറ് കണക്കിന് പേരാണ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വന്നുപോയത്.

ഇവരെ കണ്ടെത്തുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. മാത്രമല്ല ഇവിടെ ജോലി ചെയ്യുന്നവര്‍ ഏറെയും തമിഴ്നാട്ടുകാരാണ്. അതുകൊണ്ട് ഏറെ ശ്രദ്ധയോടെ കാര്യങ്ങള്‍ മുന്നോട്ട് നീക്കണം. കൂടുതല്‍ തമിഴ്നാട്ടുകാര്‍ ജോലി ചെയ്യുന്ന മറ്റ് സ്ഥാപനങ്ങളും ഉണ്ട്. നിലവില്‍ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പരിശോധന വര്‍ധിപ്പിച്ചുണ്ട്’.

ഈ ദിവസങ്ങളില്‍ ഈ കടയില്‍ പോയി തുണി വാങ്ങിയവര്‍ ഉടന്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ ബന്ധപ്പെടണം. പരിശോധനയക്ക് സ്വയമേ മുന്നോട്ട് വന്നാല്‍ മാത്രമേ രോഗവ്യാപനം തടയാനാകു.

അതേസമയം ആളുകള്‍ യാതൊരുവിധ നിയന്ത്രണവും പാലിക്കാത്ത സാഹചര്യമാണ് തിരുവനന്തപുരത്ത് നിലനില്‍ക്കുന്നത്. ഇത് മുന്‍നിര്‍ത്തി പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ