ദല്‍ഹിയില്‍ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തം; ഗുരുതര വീഴ്ചകൾ കണ്ടെത്തി പൊലീസ്
national news
ദല്‍ഹിയില്‍ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തം; ഗുരുതര വീഴ്ചകൾ കണ്ടെത്തി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th May 2024, 8:53 am

ന്യൂദല്‍ഹി: ദല്‍ഹിയില്‍ കുട്ടികളുടെ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ ഗുരുതര വീഴ്ചകള്‍. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് ആശുപത്രിക്ക് നല്‍കിയ ലൈസന്‍സ് മാര്‍ച്ച് 31ന് കാലഹരണപ്പെട്ടതായി പൊലീസ് കണ്ടെത്തി.

ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ക്ക് വേണ്ടത്ര മെഡിക്കല്‍ യോഗ്യതകള്‍ ഇല്ലെന്നും പൊലീസ് പറഞ്ഞു. നവജാത ശിശുക്കളെ ചികിത്സിക്കാനുള്ള യോഗ്യത ഡോ. ആശിഷിന് ഇല്ലായെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്വേഷണത്തെ തുടര്‍ന്ന് ഡോ. ആശിഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ആശുപത്രിയില്‍ എമര്‍ജന്‍സി എക്സിറ്റുകള്‍ ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തുകയുണ്ടായി. തീയണക്കാന്‍ ഉള്ള സംവിധാനങ്ങള്‍ ആശുപത്രിയില്‍ പ്രവര്‍ത്തനസജ്ജമല്ലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

വിവേക് വിഹാറിലെ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഞായറാഴ്ച വൈകുന്നേരത്തോടെ ആശുപത്രി ഉടമ ഖിച്ചിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തീപിടിത്തമുണ്ടായതിന് പിന്നാലെ നവീന്‍ ഒളിവിലായിരുന്നു.

അപകടത്തിന് കാരണക്കാരായവരെ വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഞായറാഴ്ച പ്രതികരിച്ചിരുന്നു. തീപിടിത്തത്തില്‍ ആരോഗ്യ സെക്രട്ടറിയില്‍ നിന്ന് ദല്‍ഹി സര്‍ക്കാരും ചീഫ് സെക്രട്ടറിയില്‍ നിന്ന് ലെഫ്റ്റനന്റ് ഗവര്‍ണറും റിപ്പോര്‍ട്ട് തേടിയിരുന്നു.

നവജാത ശിശുക്കളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ ദല്‍ഹി സര്‍ക്കാര്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

ആശുപത്രിയിലുണ്ടായ അപകടത്തില്‍ ഏഴ് നവജാത ശിശുക്കളാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോട് കൂടിയാണ് കെട്ടിടത്തില്‍ തീപിടിത്തം ഉണ്ടായത്. മറ്റ് അഞ്ച് കുട്ടികള്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. കുഞ്ഞുങ്ങള്‍ ഗുരുതരാവസ്ഥ മറികടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: Serious failures in the fire at the children’s hospital in Delhi