| Thursday, 30th November 2023, 6:34 pm

ഇസ്രഈല്‍ അന്താരാഷ്ട നിയമങ്ങള്‍ പാലിക്കുന്നുണ്ടോ? കടുത്ത സംശയമുന്നയിച്ച് സ്പാനിഷ് പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാഡ്രിഡ്: ഗസക്കെതിരായ യുദ്ധത്തില്‍ ഇസ്രഈല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്നതില്‍ സംശയം പ്രകടിപ്പിച്ച് സ്‌പെയ്ന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്.

‘ഞങ്ങള്‍ കാണുന്ന ഫുട്ടേജുകളും വര്‍ധിച്ചുവരുന്ന കുട്ടികളുടെ മരണവും ഇസ്രഈല്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്നതില്‍ എനിക്ക് ഗുരതരമായ സംശയമുണര്‍ത്തുന്നുണ്ട്. ഗസയില്‍ നടക്കുന്നതൊന്നും അംഗീകരിക്കാനാകില്ല,’ സ്പാനിഷ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബ്രോഡ്കാസ്റ്റര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സാഞ്ചസ് പറഞ്ഞു.

ആയിരക്കണക്കിന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെ നിരപരാധികളായ സാധാരണക്കാരെ കൊന്നൊടുക്കുന്ന ഇസ്രഈലിന്റെ നടപടിയെ സാഞ്ചസ് കഴിഞ്ഞ ആഴ്ച അപലപിച്ചിരുന്നു.

‘അക്രമങ്ങള്‍ കൂടുതല്‍ അക്രമങ്ങളിലേക്കേ നയിക്കൂ,’ ഈജിപ്തിലെ റഫ ക്രോസിങ് സന്ദര്‍ശനവേളയില്‍ അദ്ദേഹം പറഞ്ഞു. കൂടാതെ പൂര്‍ണമായ വെടിനിര്‍ത്തലിനും അദേഹം ആവശ്യപ്പെട്ടിരുന്നു.

സെപെയ്ന്‍ ഗസയിലെ ഇസ്രഈല്‍ ആക്രമണങ്ങളെ അപലപിച്ചതും ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യൂറോപ്പിനോടാവശ്യപ്പെട്ടതും ഇസ്രഈലിനെ ചൊടിപ്പിച്ചിരുന്നു.

ഇത്തരം പരാമര്‍ശങ്ങള്‍ ഭീകരതയ്ക്ക് ഉത്തേജനം നല്‍കുന്നതാണെന്ന് സാഞ്ചസിന്റെ അഭിപ്രായത്തോട് ഇസ്രഈല്‍ വിദേശകാര്യ മന്ത്രി എലി കോഹന്‍ പ്രതികരിച്ചിരുന്നു. തുടര്‍ന്ന് കോഹന്‍ സ്‌പെയ്ന്‍ അംബാസിഡറെ വിളിച്ച് തന്റെ പ്രതിഷേധം രേഖപ്പെടുത്തിരുന്നു.

വ്യാഴാഴ്ച ഇസ്രഈലും ഹമാസും തമ്മിലുള്ള ഉടമ്പടി പ്രകാരം വെടി നിര്‍ത്തല്‍ ഏഴാം ദിവസത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

content highlight : Serious doubt in Israel complying with international law: Spain’s Sanchez

We use cookies to give you the best possible experience. Learn more