| Sunday, 31st July 2022, 3:04 pm

5.6 കോടി രൂപയോളം വായ്പ നല്‍കി തട്ടിപ്പ് നടത്തി; ബി.ജെ.പി ഭരിക്കുന്ന സഹകരണ ബാങ്കിനെതിരെ ഗുരുതര പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: ബി.ജെ.പി ഭരിക്കുന്ന സഹകരണ ബാങ്കില്‍ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടന്നെന്ന് പരാതി. കാസര്‍ഗോഡ് പുത്തിഗൈ മുഗു സഹകരണ ബാങ്കിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ബാങ്ക് ഇടപാടുകാരുടെ രേഖകള്‍ അനധികൃതമായി ഉപയോഗിച്ച് വായ്പ തട്ടിയെടുത്തെന്നാണ് പരാതി.

കഴിഞ്ഞ 35 വര്‍ഷമായി ബി.ജെ.പി നേതൃത്വത്തിലുള്ള ഭരണസമിതി ഭരിക്കുന്ന ബാങ്കാണിത്. 5.6 കോടി രൂപയോളം ക്രമരഹിതമായി വായ്പ നല്‍കി തട്ടിപ്പ് നടത്തിയെന്നാണ് ബാങ്കിനെതിരെയുള്ള ആരോപണം. വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പരാതിക്കാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സഹകരണ മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. മുഗു സ്വദേശി അഷ്റഫിന്റെ പിതാവ് 2006ല്‍ വീടിന്റെ ആധാരം പണയംവെച്ച് ഒന്നരലക്ഷം രൂപ വായ്പയെടുത്തിരുന്നു. 2014ല്‍ പിതാവ് മരിച്ച ശേഷം വായ്പ തിരിച്ചടക്കാനെത്തിയ അഷ്റഫിനോട് ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടത് 24 ലക്ഷം രൂപയായിരുന്നു.

അവസാനം 13 ലക്ഷം രൂപ അടച്ചാല്‍ ആധാരം തിരികെ തരാമെന്ന വ്യവസ്ഥയില്‍ അഷ്റഫ് പണമടച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആറ് ലക്ഷം രൂപ കൂടി തന്നാലേ ആധാരം തിരികെ തരൂ എന്ന നിലപാടിലാണ് ബാങ്കെന്ന് അഷ്റഫ് പരാതി പറയുന്നു.

ഇതേപോലെ മുഗു സ്വദേശി സന്തോഷ് കുമാര്‍ ഭാര്യയുടെ പേരില്‍ 8,90,000 രൂപ വായ്പയെടുത്തിരുന്നു. പിന്നീട് രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഭാര്യയുടെ പേരില്‍ 22 ലക്ഷം രൂപ വായ്പയെടുത്തത് മനസ്സിലായതെന്നും സന്തോഷ് കുമാര്‍ പറയുന്നു. എന്നാല്‍, ചട്ടങ്ങള്‍ പാലിച്ചാണ് വായ്പ നല്‍കുന്നതെന്നാണ് ബാങ്ക് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

CONTENT HIGHLIGHTS: Serious complaint against BJP-ruled Co-operative Bank in kasaragod

We use cookies to give you the best possible experience. Learn more