ദല്‍ഹി: ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസ്സില്‍ ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഉമര്‍ ഖാലിദിനും ജെ.എന്‍.യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ദല്‍ഹി പൊലീസിന്റെ പുതിയ അനുബന്ധ കുറ്റപ്പത്രം. ഉമര്‍ ഖാലിദ് തീവ്ര മുസ്‌ലിം സംഘടനകളെയും അതിതീവ്ര ഇടത് അരാജകവാദികളെയും കൂട്ടുപിടിച്ച് ഗൂഢാലോചന നടത്തിയെന്നാണ് കുറ്റപ്പത്രത്തില്‍ പൊലീസ് പറയുന്നത്.
ഷര്‍ജീല്‍ ഇമാമിനെ പ്രഹരശേഷിയുള്ള സൂത്രധാരനെന്നും കുറപത്രത്തില്‍ പൊലീസ് വിശേഷിപ്പിച്ചിട്ടുണ്ട്. ദല്‍ഹി കലാപത്തിലെ വിശാല ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് കുറ്റപത്രങ്ങള്‍ നേരത്തെ തന്നെ പൊലീസ് സമര്‍പ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, ഫെയിസ് ഖാന്‍ എന്നിവരടങ്ങിയ മൂന്നു പേരെ പ്രതികളാക്കി 930 പേജ് വരുന്ന പുതിയ അനുബന്ധ കുറ്റപ്പത്രവും പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്.
നിരീശ്വരവാദി എന്ന ഉമര്‍ഖാലിദിന്റെ മുഖം കപടമാണെന്നും തീവ്ര മുസ്‌ലിം നിലപാടുള്ള വ്യക്തിയാണ് ഉമറെന്നും കുറ്റപത്രത്തില്‍ പറയുന്നു. അക്രമരാഷ്ട്രീയത്തെ കൂട്ടുപിടിച്ച് മുസ്‌ലിം രാഷ്ട്ര നിര്‍മ്മാണത്തിന് ശ്രമിച്ചു. മുസ്‌ലിം ആഭിമുഖ്യ ഗ്രൂപ്പുകള്‍, തീവ്ര സംഘടനകള്‍, ഇടത് അരാജകവാദികള്‍ എന്നിവരെ കൂട്ടുപിടിച്ച് കലാപത്തിന് ഗൂഢാലോചന നടത്തി എന്നീ കുറ്റങ്ങളും പൊലീസ് ഉമര്‍ ഖാലിദിന് നേരെ
ആരോപിക്കുന്നുണ്ട്.
ഷഹീന്‍ബാഗ് സമരമടക്കം പലയിടങ്ങളിലും പൗരത്വ ഭേദതഗതിക്കെതിരെയുള്ള സമരങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഷര്‍ജീല്‍ ഇമാം ആണെന്നും കുറ്റപത്രത്തില്‍ പോലീസ് ആരോപിക്കുന്നു.
ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും പുറമെ ദല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ജാമിഅ മിലിയ വിദ്യാര്‍ത്ഥികളായ സഫൂറ സര്‍ഗാര്‍, മീരാന്‍ ഹൈദര്‍, ആസിഫ് ഇഖ്ബാല്‍ തന്‍ഹ, ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗം ഷിഫാ ഉര്‍ റഹ്മാന്‍, യുനൈറ്റഡ് എഗയിന്‍സ്റ്റ് ഹേറ്റിന്റെ പ്രവര്‍ത്തകന്‍ ഖാലിദ് സൈഫി, കോണ്‍ഗ്രസിന്റെ വനിത നേതാവ് ഇസ്രത് ജഹാന്‍, പിഞ്ച്റ തോഡ് എന്ന വനിതാ കൂട്ടായ്മയുടെ പ്രവര്‍ത്തകരായ ദേവാംഗന കലിത, നടാഷ നര്‍വല്‍, ഗുല്‍ഷിഫാന്‍ ഫാത്തിമ, അലിഗഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഉസ്മാനി തുടങ്ങി നിരവധി പേരെ പല ഘട്ടങ്ങളിലായി ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക