| Saturday, 27th May 2023, 9:57 am

മുഖ്യമന്ത്രിയെ തെറിവിളിക്കുന്ന ആളാണ്, പെണ്‍കുട്ടിയുടെ മുഖത്തേക്ക് കോസ്റ്റ്യൂം വലിച്ചെറിഞ്ഞു, സ്‌ക്രിപ്റ്റ് വലിച്ചെറിഞ്ഞു: ജോയ് മാത്യുവിനെതിരെ ഗുരുതര ആരോപണങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടനും സംവിധായകനുമായ ജോയ് മാത്യുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബൈനറി സിനിമയുടെ സംവിധായകനും നിര്‍മാതാവുമടക്കമുള്ള അണിയറ പ്രവര്‍ത്തകര്‍. ലൊക്കേഷനില്‍ വെച്ച് സിനിമയില്‍ വര്‍ക്ക് ചെയ്ത ഒരു പെണ്‍കുട്ടിയുടെ മുഖത്തേക്ക് കോസ്റ്റ്യൂം വലിച്ചെറിഞ്ഞുവെന്നും സ്‌ക്രിപ്റ്റ് കീറിയെറിഞ്ഞു എന്നും അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മെയ് 26നാണ്‌ ജോയ് മാത്യു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ബൈനറി റീലിസ് ചെയ്തത്. മുഖ്യമന്ത്രിക്കെതിരെ തെറിപറയുന്ന ആളായിട്ടും, സ്വന്തം സിനിമയോട് ജോയ് മാത്യു നീതി പുലര്‍ത്തിയില്ലെന്നും സിനിമയുടെ സംവിധായകന്‍ ജാസിക് അലിയും സിനിമയുടെ മ്യൂസിക് ഡയറക്ടറും സഹനിര്‍മാതാവുമായ രാജേഷ് ബാബുവും പറഞ്ഞു.

‘സിനിമയുടെ സെക്കന്റ് ഷെഡ്യൂളില്‍ സിനിമ മുടങ്ങുന്ന ഒരു സാഹചര്യമുണ്ടായിരുന്നു. വീണ്ടും സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കി ജോയ് മാത്യുവിനെയാണ് ആദ്യം കണ്ടത്. കാരണം അദ്ദേഹമായിരുന്നു കഥയെ കണക്ട് ചെയ്തിരുന്ന ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. സ്‌ക്രിപ്റ്റ് കൊടുത്തപ്പോള്‍ അദ്ദേഹം ഓകെ പറഞ്ഞു. പിന്നീട് ലൊക്കേഷനില്‍ വന്ന് അദ്ദേഹം സ്‌ക്രിപ്റ്റ് വലിച്ചെറിയുകയാണ് ചെയ്തത്. തനിക്കിത് ചെയ്യാന്‍ കഴിയില്ലെന്നും, സ്‌ക്രിപ്റ്റ് മാറ്റിയെഴുതണമെന്നും പറഞ്ഞു. അത് അസാദ്ധ്യമായ കാര്യമായിരുന്നു. കാരണം മാസങ്ങള്‍ ഇരുന്ന് എഴുതിയ ഒരു സ്‌ക്രിപ്റ്റ് പെട്ടെന്ന് മാറ്റിയെഴുതണമെന്ന് പറഞ്ഞാല്‍ അത് നടക്കുമായിരുന്നില്ല.

എന്നിട്ടും അനീഷും കൈലാസും ചേര്‍ന്നാണ് സ്‌ക്രിപ്റ്റ് മാറ്റിയെഴുതിയത്. മൂന്ന് ദിവസം വരാമെന്ന് പറഞ്ഞ ജോയ് മാത്യു ഒരു ദിവസത്തിന്റെ പകുതി മാത്രമാണ് വന്നത്. അതുമൂലം ഒരു പാട് പ്രതിസന്ധികളുണ്ടായി.കോസ്റ്റ്യൂം ഡിസൈനറായ ഒരു പെണ്‍കുട്ടിയുടെ മുഖത്തേക്ക് കോസ്റ്റ്യൂം വലിച്ചെറിയുകയും ചെയ്തു അദ്ദേഹം. സാമ്പാറിന്റെ തുള്ളിയുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹമത് ചെയ്തത്. ക്യാമറയെ നോക്കി ഈ ക്യാമറയില്‍ സിനിമയെടുക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ആര്‍ട്ടിസ്റ്റിന് ഇങ്ങനെയൊക്കെ ചെയ്യാനും പറയാനും പറ്റുമോ എന്നെനിക്കറിയില്ല,’ നിര്‍മാതാവ് രാജേഷ് ബാബു പറഞ്ഞു.

‘ആവശ്യമായ ആര്‍ടിസ്റ്റുകളെ ഉപയോഗപ്പെടുത്തിയാണ് ഈ സിനിമ പൂര്‍ത്തിയാക്കിയിരിക്കുന്നത്. എന്നാല്‍ അവര്‍ പോലും ഈ സിനിമ പ്രൊമോട്ട് ചെയ്യാന്‍ വന്നില്ല. ഒരു തരത്തിലും അവര്‍ സഹകരിച്ചില്ല. സമൂഹം നേരിടുന്ന ഒരു പ്രശ്‌നത്തെ കുറിച്ചാണ് ഈ സിനിമ ചര്‍ച്ച ചെയ്തത്. ഒരു പുതുമുഖ സംവിധായകനെ സപ്പോര്‍ട്ട് ചെയ്യാന്‍ ഈ ആര്‍ടിസ്റ്റുകളൊന്നും തയ്യാറായില്ല. മുഖ്യമന്ത്രിയെ വരെ തെറിവിളിക്കുന്ന ആളാണ് ജോയ് മാത്യു. അദ്ദേഹം പോലും സംവിധായകനായ എന്റെ വാക്കുകള്‍ക്ക് വിലകല്‍പിച്ചില്ല,’ സംവിധായകന്‍ ജാസിക് അലി പറഞ്ഞു.

content highlights; Serious allegations against Joy Mathew

We use cookies to give you the best possible experience. Learn more