പാരീസ്: മുന്‍ ചാമ്പ്യന്‍ സെറീന വില്യംസിന് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് ഒന്നാം റൗണ്ടില്‍ അപ്രതീക്ഷിത തോല്‍വി. ഇന്നലെ നടന്ന ഒന്നാം റൗണ്ട് മത്സരത്തില്‍ ഫ്രാന്‍സിന്റെ 111 ാം റാങ്കുകാരി വര്‍ജീനിയ റാസാനോയാണ് സെറീനയെ അട്ടിമറിച്ചത് (സ്‌കോര്‍: 4-6, 7-6(7-5), 6-3).
ഗ്രാന്‍സ്ലാം കരിയറില്‍ 1998 നു ശേഷം ആദ്യമായാണു സെറീന ഒന്നാംറൗണ്ടില്‍ പുറത്താകുന്നത്. 1998 ലെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സഹോദരി വീനസിനോടാണ് സെറീന അവസാനം തോറ്റത്.
ഒന്നാം റൗണ്ടിലെ തോല്‍വി സെറീനയുടെ ലണ്ടന്‍ ഒളിമ്പിക്‌സ് സാധ്യതകളെ പ്രതികൂലമായി ബാധിക്കും. ഹോളണ്ടിന്റെ അറാന്‍ട്ര റുസാണു രണ്ടാം റൗണ്ടില്‍ റാസാനോയെ നേരിടുക. ടോപ് സീഡ് ബെലാറസിന്റെ വിക്‌ടോറിയ അസാറങ്ക മൂന്നാം റൗണ്ടില്‍ കടന്നു.
ഇന്നലെ നടന്ന രണ്ടാം റൗണ്ട് മത്സരത്തില്‍ റൊമാനിയയുടെ അഡ്രിയാന്‍ ഒന്‍ഗറിനെ 6-3, 6-2, 6-7, 6-3 എന്ന സ്‌കോറിനാണു ഫെഡറര്‍ തോല്‍പ്പിച്ചത്. യു.എസിന്റെ ജിമ്മി കോണേഴ്‌സിന്റെ റെക്കോഡാണ് ഈ ജയത്തോടെ ഫെഡറര്‍ മറികടന്നത്. ബ്രിട്ടന്റെ നാലാം സീഡ് ആന്‍ഡി മുറേ രണ്ടാം റൗണ്ടില്‍ കടന്നിട്ടുണ്ട്. ജപ്പാന്റെ താറ്റ്‌സുമ ഇറ്റോയെ 6-1, 7-5, 60- എന്ന സ്‌കോറിനാണ് മുറേ തോല്‍പ്പിച്ചത്.
ഇന്നലെ നടന്ന രണ്ടാം റൗണ്ടില്‍ ജര്‍മനിയുടെ ദിനാഷ സെന്‍മേയറെ 6-1, 6-1 എന്ന സ്‌കോറിനു തോല്‍പ്പിച്ചാണ് അസാറങ്ക മൂന്നാം റൗണ്ടിലെത്തിയത്. കാനഡയുടെ അലക്‌സാന്ദ്ര വോസ്‌നിയാകും ചൈനയുടെ സെംഗ് ജീയും തമ്മില്‍ നടക്കുന്ന രണ്ടാം റൗണ്ട് മത്സരത്തിലെ വിജയിയെയാണ് അസാറങ്ക മൂന്നാം റൗണ്ടില്‍ നേരിടുക.
മുന്‍ ചാമ്പ്യന്‍ റാഫേല്‍ നദാലും രണ്ടാം റൗണ്ട് ഉറപ്പാക്കി. ഇറ്റലിയുടെ സിമോണ്‍ ബോലെയിയെയാണ് നദാല്‍ കീഴടക്കിയത്. ഇത്തവണ കിരീടം നേടിയാല്‍ ഏഴു തവണ ഫ്രഞ്ച് ഓപ്പണ്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡ് നദാലിനു സ്വന്തമാകും. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ബ്യോണ്‍ ബോര്‍ഗ് നേടിയ ആറ് കിരീടമെന്ന റെക്കോഡിനൊപ്പമാണു നദാലിപ്പോള്‍.