| Monday, 25th March 2024, 7:37 am

ആലിയ ഭട്ടിനെ പോലെയെല്ലാം ഉയർന്നാൽ മാത്രമേ ആ സാധ്യതകൾ തുറക്കപ്പെടുകയുള്ളൂ: സെറിൻ ഷിഹാബ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈയിടെ മലയാളത്തിൽ ഇറങ്ങി പ്രേമേയം കൊണ്ടും അവതരണരീതി കൊണ്ട് വ്യത്യസ്തമായ അനുഭവം സമ്മാനിച്ച ചിത്രമായിരുന്നു ആട്ടം.

നവാഗതനായ ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ചിത്രത്തിൽ വിനയ് ഫോർട്ട്‌, സെറിൻ ഷിഹാബ്, കലാഭവൻ ഷാജോൺ തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തിയത്. നടിയായ സെറിൻ ഷിഹാബിന്റെ പ്രകടനം വലിയ ശ്രദ്ധ നേടിയിരുന്നു.

ഇന്ത്യൻ സിനിമയിൽ സ്ത്രീ കഥാപാത്രങ്ങളെ വേണ്ട രീതിയിൽ ഉപയോഗിക്കുന്നത് മലയാള സിനിമയാണെന്ന് സെറിൻ പറയുന്നു. ഹിന്ദിയിലെല്ലാം വലിയ അളവുകോലുകൾ ഉണ്ടെന്നും ആലിയ ഭട്ടിനെ പോലെയൊക്കെ വളർന്നാൽ മാത്രമേ ചോദ്യങ്ങളും അവസരങ്ങളുമെല്ലാം ചോദിക്കാൻ കഴിയുള്ളൂവെന്നും താരം പറഞ്ഞു. ദേശാഭിമാനി ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു സെറിൻ.

‘ഗ്ലാമർ താത്പര്യങ്ങൾക്ക് അപ്പുറത്ത് സ്ത്രീ കഥാപാത്രങ്ങളുടെ നിലവാരവും ആഴവും കണ്ടെത്താനും അത് വേണ്ട രീതിയിൽ ഉപയോഗിക്കാനും ഏറ്റവും ആത്മാർഥമായി ശ്രമിക്കുന്നത് മലയാള സിനിമയെന്നാണ് എന്റെ അനുഭവം. മലയാളത്തിൽ ചെയ്തിട്ടുള്ള സിനിമകളിൽ എല്ലാം എന്റെ കഥാപാത്രത്തിന് അതിൻ്റെ വലുപ്പം എന്നതിലുപരിയായി ഒരു മൂല്യവും പ്രാധാന്യവും ഉണ്ടായിരുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്.

ഹിന്ദി സിനിമാ മേഖല എന്നത് മറ്റൊരു തലമാണ്. അവിടെ താരങ്ങളൊക്കെ വലിയ അളവുകോലുകളിലാണ് നിർണയിക്കപ്പെടുന്നത്. അതുപോലുള്ള വൻകിട മേഖലകളിൽ എന്നെപ്പോലൊരാൾ ചെയ്യുന്ന കഥാപാത്രത്തിൻ്റെ വ്യക്തിപരമായ സംഭാവനകളെക്കുറിച്ചും അതിൻ്റെ പ്രസക്തിയെക്കുറിച്ചുമൊക്കെ എടുത്തു ചോദിക്കാനും സംസാരിക്കാനുമുള്ള അവസരങ്ങൾ ഉണ്ടാകണമെന്നില്ല.

ആലിയ ഭട്ടിനെയൊക്കെപ്പോലെ വലിയ താരപദവിയുള്ള ഒരു സ്ത്രീ എന്ന തലത്തിലേക്ക് ഉയർന്നാൽ മാത്രമേ അതിനുള്ള സാധ്യതകൾ നമുക്കു മുന്നിലേക്ക് തുറക്കൂ. എല്ലാവരെയും ഒരുപോലെ കണ്ട് ഓരോ കഥാപാത്രത്തിനും അവരുടേതായ പ്രാധാന്യം കൊടുത്തുകൊണ്ട് താരതമ്യേന അത്തരം കാര്യങ്ങളിൽ നീതിപുലർത്തുന്നത് മലയാള സിനിമാ മേഖലതന്നെയാണ്,’സെറിൻ ഷിഹാബ് പറയുന്നു.

Content Highlight: Serin Shihab Talk About Malayalam Film Industry

We use cookies to give you the best possible experience. Learn more