| Friday, 4th March 2022, 6:14 pm

വെള്ളിയാഴ്ചകള്‍, ഷിയാ പള്ളികള്‍; പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ആവര്‍ത്തിക്കുന്ന ഭീകരാക്രമണങ്ങള്‍ !

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലമാബാദ്: പാകിസ്ഥാനിലെ പെഷവാറില്‍ ഷിയാ പള്ളിയിലുണ്ടായ സ്‌ഫോടനത്തിന്റെ ഞെട്ടലിലാണ് ലോകം. ഉച്ചയ്ക്ക് വിശ്വാസികള്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയപ്പോഴാണ് സ്‌ഫോടനമുണ്ടായത്.

ഇതുവരെ 30ലധികം ആളുകള്‍ കൊല്ലപ്പെട്ടു എന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതിനാല്‍ തന്നെ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

വെള്ളിയാഴ്ചകളില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനയ്‌ക്കെത്തുമ്പോഴാണ് അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും തുടരെ സ്‌ഫോടനമുണ്ടാവുന്നത്. ഷിയാ പള്ളികളിലാണ് ഇത്തരത്തില്‍ കൂടുതലും സ്‌ഫോടനങ്ങളുണ്ടാവുന്നത് എന്നതും വസ്തുതയാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ തന്നെ നിരവധി സ്‌ഫോടനങ്ങളാണ് വെള്ളിയാഴ്ചകളില്‍ മാത്രം പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഉണ്ടായിട്ടുള്ളത്.

വടക്കന്‍ അഫ്ഗാനിസ്ഥാനിലാണ് ഇതിന് സമാനമായ സ്‌ഫോടനം ഇതിന് മുന്‍പ് ഉണ്ടായത്. ഫെബ്രുവരി 11ന് പള്ളിമുറ്റത്ത് നടന്ന സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

2021 നവംബര്‍ 12നും ഇത്തരത്തില്‍ അഫ്ഗാനില്‍ സ്‌ഫോടനമുണ്ടായിരുന്നു. നംഗഹാര്‍ പ്രവിശ്യയിലെ ഷിയ പള്ളിയില്‍ നടന്ന സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

2021 ഒക്ടോബറില്‍ മാത്രം ഇത്തരത്തിലുള്ള മൂന്നിലധികം സ്‌ഫോടനങ്ങള്‍ നടന്നിരുന്നു. ഒക്ടോബര്‍ 15ന് അഫ്ഗാനിലെ കാണ്ഡഹാര്‍ മേഖലയിലെ പള്ളിയില്‍ നടന്ന സ്‌ഫോടനത്തില്‍ 37 പേര്‍ മരിക്കുകയും 70 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച പള്ളിയില്‍ പ്രാര്‍ത്ഥന നടന്നുകൊണ്ടിരിക്കെ ചാവേറായെത്തിയ ആള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

ഒക്ടോബര്‍ 8ന് അഫ്ഗാനിലെ കുന്ദുസ് പ്രവിശ്യയിലെ ഷിയ പള്ളിയില്‍ നടന്ന സ്‌ഫോടനത്തില്‍ 46 പേരായിരുന്നു കൊല്ലപ്പെട്ടത്. ഇസ്‌ലാമിക് സ്റ്റേറ്റ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തുവന്നിരുന്നു. ഒക്ടോബറില്‍ തന്നെ നടന്ന മറ്റൊരു ഷിയൈ പള്ളിയില്‍ നടന്ന സ്‌ഫോടനത്തില്‍ 55 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ആഗസ്റ്റ് 19നായിരുന്നു പാകിസ്ഥാനിലെ ഷിയാ പള്ളിയില്‍ ഇതിന് മുന്‍പ് ആക്രമണം ഉണ്ടായത്. സ്‌ഫോടനത്തില്‍ 3 പേര്‍ മരിക്കുകയും 59 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മെയ് 14ന് അഫ്ഗാനിലെ കാബൂളിലെ ഷിയാ പള്ളിയില്‍ നടന്ന സ്‌ഫോടനത്തില്‍ 12 പേരായിരുന്നു കൊല്ലപ്പെട്ടത്. തൊട്ടു മുന്‍പത്തെ ആഴ്ചയും കാബൂളില്‍ സ്‌ഫോടനം നടന്നിരുന്നു.

അതേസമയം, പെഷവാറില്‍ നടന്ന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരു എറ്റെടുത്തിട്ടില്ല. സ്‌ഫോടനത്തെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അപലപിച്ചു.

സുന്നി മുസ്‌ലിങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പാകിസ്ഥാനില്‍ ന്യൂനപക്ഷമായ ഷിയാ മുസ്‌ലിങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളും പള്ളിയില്‍ നടക്കുന്ന സ്‌ഫോടനങ്ങളും തുടര്‍ക്കഥയാണ്.

Content Highlight:  series of bombings at Shia mosques on Fridays

We use cookies to give you the best possible experience. Learn more