പിണറായിയിലെ കൂട്ടക്കൊല; സൗമ്യക്ക് വിഷം വാങ്ങി നല്‍കിയത് ഓട്ടോ ഡ്രൈവര്‍
Crime
പിണറായിയിലെ കൂട്ടക്കൊല; സൗമ്യക്ക് വിഷം വാങ്ങി നല്‍കിയത് ഓട്ടോ ഡ്രൈവര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th April 2018, 11:09 am

കണ്ണൂര്‍: പിണറായിയില്‍ മാതാപിതാക്കളെയും മകളെയും വിഷം നല്‍കി കൊന്ന സംഭവത്തില്‍ പ്രതിയായ സൗമ്യക്ക് വിഷം വാങ്ങി നല്‍കിയത് ഓട്ടോ ഡ്രൈവര്‍. ഇയാളെ പൊലീസ് ചോദ്യം ചെയ്തു.

എന്നാല്‍ ഇയാള്‍ക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടായിരുന്നോ എന്നും കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്നും തുടര്‍ന്നുള്ള അന്വേഷണത്തിലേ വ്യക്തമാവൂ. ഓട്ടോ ഡ്രൈവറെയും സൗമ്യയുമായി ബന്ധമുള്ള മൂന്ന് യുവാക്കളെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.


Read  | ബലാത്സംഗകേസ്: അസാറാം ബാപ്പു കുറ്റക്കാരന്‍: രണ്ട് പേരെ കുറ്റവിമുക്തരാക്കി


കൊലപാതകങ്ങള്‍ നടത്തിയത് അവിഹിത ബന്ധങ്ങള്‍ക്കുള്ള തടസ്സം നീക്കാനാണ്. മക്കളും രക്ഷിതാക്കളും ഒരുമിച്ച് താമസിക്കുമ്പോള്‍ തന്റെ സ്വതന്ത്ര സഞ്ചാരത്തിന് തടസ്സമാകുമെന്നുള്ളതുകൊണ്ടാണ് കൊലപാതങ്ങള്‍ നടത്തിയതെന്നും സൗമ്യ മൊഴി നല്‍കിയിരുന്നു.

എലിവിഷം നല്‍കിയാണ് മൂന്നുപേരെയും കൊലപ്പെടുത്തിയത് മകള്‍ക്ക് ചോറിലും അമ്മയ്ക്ക് മീന്‍കറിയിലും അച്ഛന് രസത്തിലും വിഷം നല്‍കിയാണ് കൊന്നത്. തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൗമ്യയെ അവിടെനിന്നാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് ചെയ്തത്.


Read | ‘മോദിയേയും യോഗിയേയും പോലുള്ള ഉത്തരേന്ത്യന്‍ ഇറക്കുമതിക്കായി അവര്‍ കാത്തിരിക്കുകയാണ്’; ബി.ജെ.പിയെ പരിഹസിച്ച് സിദ്ധരാമയ്യ


സ്വാഭാവിക മരണമായി നാട്ടുകാര്‍ക്ക് തോന്നാന്‍ വേണ്ടിയാണ് ഇടവേളകളില്‍ കൊലപാതങ്ങള്‍ നടത്തിയതെന്നും സൗമ്യ പറഞ്ഞു.

സൗമ്യയുടെ അച്ഛന്‍ കുഞ്ഞിക്കണ്ണന്‍,അമ്മ കമല, എന്നിവരും സൗമ്യയുടെ മക്കളായ ഐശ്വര്യ, കീര്‍ത്തന എന്നിവരുമാണ് ദുരൂഹസാഹചര്യങ്ങളില്‍ മരിച്ചത്. 2012 സെപ്റ്റംബര്‍ ഒമ്പതിനാണ് കീര്‍ത്തന മരിച്ചത്. ആറുവര്‍ഷങ്ങള്‍ക്കു ശേഷം ജനുവരി 31ന് ഐശ്വര്യയും മരിച്ചു. കമല മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നുമായിരുന്നു മരിച്ചത്.

എട്ടുവയസുകാരി ഐശ്വര്യയുടെ മൃതദേഹവും പുറത്തെടുത്ത് പരിശോധിച്ച സാഹചര്യത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ഇതോടെ മാതാപിതാക്കളുടെയും മക്കളുടെയും മരണം ആസൂത്രിതമായ പരമ്പര കൊലപാതകമാണെന്ന് ഇതോടെ വ്യക്തമാവുകയായിരുന്നു.