| Sunday, 25th November 2018, 12:25 pm

കവിളില്‍ ചുവന്ന അടയാളവുമായി സിരി എ താരങ്ങള്‍ കളിക്കളത്തില്‍; ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെയുള്ള അവബോധം ലക്ഷ്യം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്നലെ നടന്ന യുവന്റസ് സ്പല്‍ മത്സരത്തില്‍ താരങ്ങളും റഫറിയും മുഖത്ത് ചുവന്ന പെയിന്റടിച്ചാണ് കളിക്കാനെത്തിയത്. സീരി-എയിലെ മറ്റു മത്സരങ്ങളിലും കളിക്കാരെത്തിയത് ചുവന്ന പെയിന്റടിച്ചാണ്. സീരി എ താരങ്ങള്‍ എന്തിനാണ് ഇങ്ങനെ ചെയ്തതെന്നാണ് സോഷ്യല്‍ മീഡിയ പിന്നീട് ചര്‍ച്ച ചെയ്തത്.

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ അവബോധം വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് സീരി-എ താരങ്ങള്‍ കവിളില്‍ ചുവന്ന മാര്‍ക്കുമായി കളിക്കാനെത്തിയത്.

ഇത്തരം പീഡനങ്ങള്‍ക്കെതിരെ ഇറ്റലിയില്‍ പ്രവൃത്തിക്കുന്ന മനുഷ്യവകാശ സംഘടനായ “വി വേള്‍ഡ് ഒണ്‍ലസു”മായി ചേര്‍ന്നാണ് സീരി-എ ക്യാംപയിന്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി ഈ ആഴ്ച ലീഗില്‍ നടക്കുന്ന എല്ലാ മത്സരങ്ങളിലും കളിക്കാരും റഫറിമാരും മുഖത്ത് ചുവന്ന ചായം പൂശും.

ഇന്നലെ നടന്ന മത്സരത്തില്‍ യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇന്റര്‍മിലാന്‍ നായകന്‍ ഇക്കാര്‍ഡിയും എ.സി.മിലാന്‍ ഗോള്‍ കീപ്പര്‍ ജിജി ഡോണറുമയും ചുവന്ന മാര്‍ക്ക് പൂശിയാണ് മത്സരത്തിന് എത്തിയത്.

ക്യാംപയിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രിലില്‍ സിരി-എ താരങ്ങള്‍ ഭാര്യമാര്‍ക്കും പെണ്‍ സുഹൃത്തുക്കള്‍ക്കുമൊപ്പം #unrossoallaviolenza (a red card against violence) എന്ന ഹാഷ്ടാഗില്‍ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more