| Friday, 14th August 2020, 5:13 pm

ഇസ്രഈല്‍-സൗദി സൗഹൃദപാത; ആ സീരിയലുകള്‍ നല്‍കിയത് സൂചനകളായിരുന്നോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക ചലനങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന യു.എ.ഇ- ഇസ്രഈല്‍ അനുനയം ഇതിനകം വന്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇസ്രഈലുമായി ഔദ്യോഗിക രമ്യതയിലെത്തുന്ന ആദ്യ ഗള്‍ഫ് രാജ്യമായിരിക്കുകയാണ് യു.എ.ഇ. വിഷയത്തില്‍ ഫലസ്തീനും, ഇറാനും, തുര്‍ക്കിയുമടക്കം യു.എ.ഇക്കെതിരെ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്.

മറു ഭാഗത്ത് ഈജിപ്ത്, ജോര്‍ദാന്‍, ബഹ്‌റിന്‍ എന്നീ രാജ്യങ്ങള്‍ അനുകൂല പ്രതികരണമാണ് നടത്തിയത്. ഇതിനിടയില്‍ ഒമാന്‍, ബഹ്‌റിന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ കൂടി ഇസ്രഈലുമായി രമ്യതയിലെത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.

ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നതിനിടെ സൗദി അറേബ്യ പാലിക്കുന്ന മൗനം ശ്രദ്ധേയമാവുന്നുണ്ട്. ഇസ്രഈല്‍- അറബ് രമ്യതയ്ക്ക് സൗദി ചരടുവലി നടത്തുന്നുണ്ടെന്ന് നേരത്തെ വിവിധ വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ മാറ്റി വെച്ചാലും സൗദി- ഇസ്രഈല്‍ സൗഹൃദത്തിന് കളമൊരുങ്ങുന്നതിന്റെ സൂചന ഈ അടുത്ത കാലങ്ങളില്‍ തന്നെ പ്രകടമാണ്.

വിവാദമായ ആ സൗദി സീരിയലുകള്‍

റമദാന്‍ മാസത്തോടനുബന്ധിച്ച് സൗദി അറേബ്യയില്‍ സംപ്രേഷണം ചെയ്ത എക്സിറ്റ് 7 എന്ന സീരിയല്‍ ഉണ്ടാക്കിയ വിവാദം ഇതിന്റെ സൂചനായിരുന്നു. ഇസ്രഈല്‍ സൗദി സൗഹൃദം ഈ സീരിയലില്‍ പരാമര്‍ശിച്ചിരുന്നു. ഇതിനൊപ്പം ഫലസ്തീന്‍ ജനതയെ ഈ സീരിയലില്‍ തഴയുന്ന പരാമര്‍ശവും ഉണ്ടായിരുന്നു.

സൗദിയില്‍ നടക്കുന്ന സാമൂഹിക മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന ഒരു പിതാവിലൂടെയാണ് കഥ മുന്നോട്ട് പോവുന്നത്. ഇതിനിടയില്‍ തന്റെ മകന്‍ ഒരു ഇസ്രഈലിയുമായി ഓണ്‍ലൈന്‍ ഗെയിമിലൂടെ സൗഹൃദത്തിലാവുന്നത് ഇയാള്‍ മനസ്സിലാക്കുന്നു. ഇക്കാര്യം ഇദ്ദേഹത്തിന്റെ കുടുംബത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നു. കുടുംബത്തിലെ ചിലര്‍ ഇതില്‍ ഞെട്ടിയപ്പോള്‍ ഇദ്ദേത്തിന്റെ അമ്മായി അച്ഛന്‍ അതില്‍ ഒരു കുഴപ്പവും കാണുന്നില്ല.

നിങ്ങള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ഇസ്രഈല്‍ അവിടെ തന്നെയുണ്ട് എന്നാണ് ഇദ്ദേഹം പറയുന്നത്. ഒപ്പം ഇസ്രഈല്‍ ജനങ്ങളുമായി ബിസിനസിലേര്‍പ്പെടാന്‍ താന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതായും സൗദിയെ എപ്പോഴും കുറ്റപ്പെടുത്തുന്ന ഫലസ്തീനികളാണ് രാജ്യത്തിന്റെ ശത്രുക്കളെന്നും ഈ കഥാപാത്രം പറയുന്നു.

ഒരു കലാസൃഷ്ടിയെ എങ്ങനെ രാഷ്ട്രീയ പരമായ വിവാദത്തില്‍ ഉള്‍പ്പെടുത്തും എന്ന് അന്ന് ചോദ്യമുയര്‍ന്നിരുന്നു. ഈ സീരിയല്‍ സപ്രേഷണം ചെയ്തത് സര്‍ക്കാര്‍ ഉടമസ്ഥയുള്ള എം.ബി.സി ചാനലിലായിരുന്നു എന്നാണ് അന്ന് വിമര്‍ശകര്‍ നല്‍കിയ ഉത്തരം. ഇസ്രഈലുമായി അടുക്കാനുള്ള സൗദിയുടെ ശ്രമങ്ങള്‍ക്ക് പൊതു ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടാനുള്ള ശ്രമത്തിന്റെ ആദ്യപടിയാണിതെന്നാണ് അന്ന് ഉയര്‍ന്നു വന്ന വിമര്‍ശനം.

സമാനമായി ഉം ഹരോം എന്ന സൗദി സീരിയലും വിവാദത്തിലായിരുന്നു.

1940 കളിലെ പേര് പറയാത്ത ഒരു പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യത്തെ ചുറ്റിയാണ് ഉം അരൗണിന്റെ കഥ. മുസ്ലിം മതസ്ഥരും ജൂതരും, ക്രിസ്ത്യന്‍ വിഭാഗക്കാരും സമാധാനത്തോടെ ജീവിക്കുന്ന ഒരു സമൂഹത്തെ കാണിക്കുന്ന സീരിയലില്‍ ജൂതരും മുസ്ലിങ്ങളും തമ്മിലുള്ള പ്രണയവും വിഷയമാവുന്നു. സീരിയല്‍ സൗദിയില്‍ വലിയ തരത്തില്‍ ജനപ്രീതി നേടുകയും ചെയ്തിരുന്നു.

സൗദി സര്‍ക്കാരിന് ഉടമസ്ഥതയില്‍ പങ്കുള്ള ചാനലായ എം.ബി.എസി തന്നെയാണ് ഈ സീരിയല്‍ സംപ്രേഷണം ചെയ്തത്.
ഈ സീരിയലിനെ പരാമര്‍ശിച്ചു കൊണ്ട് സൗദിയുടെ അറബ് ന്യൂസിന്റെ ഒപ്പെഡ് പേജില്‍ വേള്‍ഡ് ജ്യൂയിഷ് കോണ്‍ഗ്രസ് പ്രസിഡന്റ് റൊണാള്‍ഡ് എസ്. ലോഡര്‍ എഴുതിയ ലേഖനത്തില്‍ പറയുന്നതിങ്ങനെയാണ്.

‘ മുമ്പെങ്ങും ആരും സാധ്യമാണെന്ന് കരുതിയിട്ടില്ലാത്ത ഒരു വിപ്ലവം അറബ് ലോകത്ത് നടക്കുന്നു. ഇസ്രഈലിനെതിരെ മിക്കവാറും എല്ലാ അറബ് രാജ്യങ്ങളും നടത്തിയ ആക്രമണങ്ങള്‍ അലിഞ്ഞില്ലാതാവുകയാണ്, ആളുകളില്‍ കാണുന്നതിനായി രാത്രിയില്‍ കാണിക്കുന്ന ഈ ടെലിവിഷന്‍ വിനോദം അതിന്റെ സൂചനയാണ്,’

ഇസ്രഈലുമായി അടുക്കുമെന്നതിന്റെ പരസ്യ സൂചന കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ 2018 ല്‍ തന്നെ തന്നിരുന്നു. 2018 ല്‍ യു.എസ് മാഗസിനായ ദ അറ്റ്‌ലാന്റിക്കിനു നല്‍കിയ അഭിമുഖത്തില്‍ ഇസ്രഈല്‍ ജനതയ്ക്ക് അവരുടെ മണ്ണില്‍ സമാധാനത്തോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞിരുന്നു.

ഫലസ്തീന്‍ ജനതയോടുള്ള സൗദി നയത്തില്‍ മാറ്റം വരുന്നതിന്റെ സൂചനയാണെന്ന് ആരോപിച്ച് അന്ന് ഫലസ്തീനില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

ഇറാന്‍ പൊതു ശത്രുവായി നിലനില്‍ക്കുന്ന സാഹചര്യത്തിലും ഇരു രാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യം രൂക്ഷമാവുന്ന സാഹചര്യത്തിലും ഇസ്രഈലും സൗദിയും തമ്മില്‍ അടുക്കാനുള്ള സാധ്യതകള്‍ ഏറുകയാണെന്ന് നേരത്തെ നീരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ലെബനനിലെ ഹിസ്‌ബൊള്ള സാന്നിധ്യം, യു.എസുമായുള്ള സൗഹൃദം എന്നിവ ഇരു രാജ്യങ്ങളുടെയും പരിഗണനയില്‍ വരുന്ന വിഷയമാണ്. ഇതാണ് ഇരു രാജ്യങ്ങളെയും ഒരുമിപ്പിക്കുന്നതിലെ പ്രധാന കാരണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more