പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക ചലനങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന യു.എ.ഇ- ഇസ്രഈല്‍ അനുനയം ഇതിനകം വന്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇസ്രഈലുമായി ഔദ്യോഗിക രമ്യതയിലെത്തുന്ന ആദ്യ ഗള്‍ഫ് രാജ്യമായിരിക്കുകയാണ് യു.എ.ഇ. വിഷയത്തില്‍ ഫലസ്തീനും, ഇറാനും, തുര്‍ക്കിയുമടക്കം യു.എ.ഇക്കെതിരെ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്.
മറു ഭാഗത്ത് ഈജിപ്ത്, ജോര്‍ദാന്‍, ബഹ്‌റിന്‍ എന്നീ രാജ്യങ്ങള്‍ അനുകൂല പ്രതികരണമാണ് നടത്തിയത്. ഇതിനിടയില്‍ ഒമാന്‍, ബഹ്‌റിന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ കൂടി ഇസ്രഈലുമായി രമ്യതയിലെത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.
ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നതിനിടെ സൗദി അറേബ്യ പാലിക്കുന്ന മൗനം ശ്രദ്ധേയമാവുന്നുണ്ട്. ഇസ്രഈല്‍- അറബ് രമ്യതയ്ക്ക് സൗദി ചരടുവലി നടത്തുന്നുണ്ടെന്ന് നേരത്തെ വിവിധ വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ മാറ്റി വെച്ചാലും സൗദി- ഇസ്രഈല്‍ സൗഹൃദത്തിന് കളമൊരുങ്ങുന്നതിന്റെ സൂചന ഈ അടുത്ത കാലങ്ങളില്‍ തന്നെ പ്രകടമാണ്.
വിവാദമായ ആ സൗദി സീരിയലുകള്‍
റമദാന്‍ മാസത്തോടനുബന്ധിച്ച് സൗദി അറേബ്യയില്‍ സംപ്രേഷണം ചെയ്ത എക്സിറ്റ് 7 എന്ന സീരിയല്‍ ഉണ്ടാക്കിയ വിവാദം ഇതിന്റെ സൂചനായിരുന്നു. ഇസ്രഈല്‍ സൗദി സൗഹൃദം ഈ സീരിയലില്‍ പരാമര്‍ശിച്ചിരുന്നു. ഇതിനൊപ്പം ഫലസ്തീന്‍ ജനതയെ ഈ സീരിയലില്‍ തഴയുന്ന പരാമര്‍ശവും ഉണ്ടായിരുന്നു.
സൗദിയില്‍ നടക്കുന്ന സാമൂഹിക മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന ഒരു പിതാവിലൂടെയാണ് കഥ മുന്നോട്ട് പോവുന്നത്. ഇതിനിടയില്‍ തന്റെ മകന്‍ ഒരു ഇസ്രഈലിയുമായി ഓണ്‍ലൈന്‍ ഗെയിമിലൂടെ സൗഹൃദത്തിലാവുന്നത് ഇയാള്‍ മനസ്സിലാക്കുന്നു. ഇക്കാര്യം ഇദ്ദേഹത്തിന്റെ കുടുംബത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നു. കുടുംബത്തിലെ ചിലര്‍ ഇതില്‍ ഞെട്ടിയപ്പോള്‍ ഇദ്ദേത്തിന്റെ അമ്മായി അച്ഛന്‍ അതില്‍ ഒരു കുഴപ്പവും കാണുന്നില്ല.
നിങ്ങള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ഇസ്രഈല്‍ അവിടെ തന്നെയുണ്ട് എന്നാണ് ഇദ്ദേഹം പറയുന്നത്. ഒപ്പം ഇസ്രഈല്‍ ജനങ്ങളുമായി ബിസിനസിലേര്‍പ്പെടാന്‍ താന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതായും സൗദിയെ എപ്പോഴും കുറ്റപ്പെടുത്തുന്ന ഫലസ്തീനികളാണ് രാജ്യത്തിന്റെ ശത്രുക്കളെന്നും ഈ കഥാപാത്രം പറയുന്നു.
ഒരു കലാസൃഷ്ടിയെ എങ്ങനെ രാഷ്ട്രീയ പരമായ വിവാദത്തില്‍ ഉള്‍പ്പെടുത്തും എന്ന് അന്ന് ചോദ്യമുയര്‍ന്നിരുന്നു. ഈ സീരിയല്‍ സപ്രേഷണം ചെയ്തത് സര്‍ക്കാര്‍ ഉടമസ്ഥയുള്ള എം.ബി.സി ചാനലിലായിരുന്നു എന്നാണ് അന്ന് വിമര്‍ശകര്‍ നല്‍കിയ ഉത്തരം. ഇസ്രഈലുമായി അടുക്കാനുള്ള സൗദിയുടെ ശ്രമങ്ങള്‍ക്ക് പൊതു ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടാനുള്ള ശ്രമത്തിന്റെ ആദ്യപടിയാണിതെന്നാണ് അന്ന് ഉയര്‍ന്നു വന്ന വിമര്‍ശനം.