കോഴിക്കോട്: ബിരിയാണി കിട്ടാത്തതിനെത്തുടര്‍ന്ന് വെയ്റ്ററെ തല്ലിയെന്ന വാര്‍ത്തയില്‍ പ്രചരിക്കുന്നത് അര്‍ദ്ധസത്യം മാത്രമാണെന്ന് നടി അനു ജൂബി. കഴിഞ്ഞ ദിവസം സംഭവത്തെത്തുടര്‍ന്ന് അനുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സംഭവത്തിലെ മുഴുവന്‍ കാര്യങ്ങളും പുറത്ത് വന്നിട്ടില്ലെന്ന് താരം ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു.
പിറന്നാളാഘോഷവുമായി ബന്ധപ്പെട്ട് കോഴിക്കോട് റഹ്മത്തില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു അനുവും കൂട്ടുകാരും. സീറ്റില്ലാത്തതിനാല്‍ അനുവും കൂട്ടൂകാരിയും അകത്ത് കസേരയില്‍ ഇരിക്കുകയും മറ്റുള്ളവര്‍ പുറത്തുനില്‍ക്കുകയുമായിരുന്നു. ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്ലെന്ന് അരമണിക്കൂര്‍ കഴിഞ്ഞ് ഹോട്ടല്‍ ജീവനക്കാരന്‍ വന്നു പറഞ്ഞപ്പോള്‍ ഇത് നേരത്തെ പറയാമായിരുന്നില്ലേ എന്ന് ചോദിച്ചെന്ന് താരം പറയുന്നു.
Also Read: ഒരു മിനുറ്റിന് ഒരു രൂപ; സൈനികരുടെ സാറ്റലൈറ്റ് ഫോണ്‍ കോള്‍ നിരക്ക് കുറച്ച് സര്‍ക്കാര്‍
എന്നാല്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് കയര്‍ത്തു സംസാരിച്ച് മോശമായി പെരുമാറിയ ഹോട്ടല്‍ ജീവനക്കാരനെ കൂട്ടുകാര്‍ പിടിച്ച് മാനേജരുടെ അടുത്തേക്ക് കൊണ്ടുപോയി. ആ സമയത്ത് തന്റെ സമീപം നിന്ന മറ്റൊരാള്‍ “നീ എന്തു ചരക്കാണെടീ” എന്നു പറഞ്ഞ് അധിക്ഷേപിച്ചപ്പോഴാണ് താന്‍ പ്രതികരിച്ചതെന്നും താരം പറയുന്നു. അത്തരത്തിലൊരു ഡയലോഗ് കേട്ടപ്പോള്‍ നിന്റെ അമ്മയോട് പോയി പറഞ്ഞാ മതിയെന്നു താന്‍ പറഞ്ഞെന്നും അനു സമ്മതിക്കുന്നു.
ഇങ്ങനെയൊരു കാര്യം കേട്ടാല്‍ ഏതൊരു പെണ്ണും പ്രതികരിക്കുന്നതുപോലെയാണ് താന്‍ പെരുമാറിയതെന്ന് അനു വ്യക്തമാക്കി. ഈ പ്രശ്‌നത്തില്‍ ഇടപെട്ട സുഹൃത്തിനെ അയാള്‍ മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് താരം കൂട്ടിച്ചേര്‍ത്തു. ഇതുമായി ബന്ധപ്പെട്ട പരാതി കൊടുക്കാന്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ അവിടെ വച്ചും മോശം അനുഭവമാണ് നേരിടേണ്ടി വന്നതെന്നും താരം പറഞ്ഞു.
താന്‍ മര്‍ദ്ദിച്ചുവെന്ന പരാതിയുമായി പൊലീസ് സ്റ്റേനിലെത്തിയ ആള്‍ സി.പി.ഐ.എം നേതാവിന്റെ മകനാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞാണ് മനസിലായതെന്നും അനു ജൂബി പറഞ്ഞു. താന്‍ മദ്യപിച്ചെന്നു പറയുന്ന പൊലീസുകാര്‍ മെഡിക്കല്‍ ടെസ്റ്റ് എടുക്കാന്‍ പോലും തയ്യാറായില്ലെന്നും താരം പറയുന്നു.
പരാതിക്കാരുടെ മുഖത്തുനോക്കി കേട്ടാലറക്കുന്ന രീതിയില്‍ അസഭ്യം പറയുന്നതാണോ ജനമൈത്രി പൊലീസ് സ്റ്റേഷന്‍ എന്നും താരം ചോദിക്കുന്നു. സംഭവത്തില്‍ നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും താരം വ്യക്തമാക്കി.
മട്ടന്‍ ബിരിയാണി ആവശ്യപ്പെട്ടപ്പോള്‍ ഇല്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് വെയ്റ്ററെ മര്‍ദ്ദിച്ചെന്നായിരുന്നു അനുവിനെതിരെ ആരോപിച്ചിരുന്നത്. താരവും കൂട്ടുകാരും മദ്യലഹരിയിലാണെന്നും ആരോപണമുണ്ടായിരുന്നു. എന്നാല്‍ ഇത് ശരിയല്ലെന്നും സംഭവത്തിന്റെ ഒരു വശം മാത്രമാണ് പ്രചരിച്ചതെന്നും താരം പറയുന്നു.