| Monday, 20th March 2023, 4:42 pm

അന്തിമ തീരുമാനം അവരുടേത്; ഞങ്ങളിവിടെ മെസിക്ക് വേണ്ടി കാത്തിരിക്കുകയാണ്: ബാഴ്‌സലോണ സൂപ്പര്‍താരം

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചുവരണമെന്ന് സൂപ്പര്‍താരം സെര്‍ജി റോബേര്‍ട്ടോ. ബാഴ്‌സലോണയില്‍ മെസിയുടെ മുന്‍ സഹതാരമായിരുന്ന റോബേര്‍ട്ടോ താരത്തോടൊപ്പം ക്ലബ്ബില്‍ ഒരിക്കല്‍ കൂടി കളിക്കണമെന്ന ആഗ്രഹം അറിയിക്കുകയായിരുന്നു.

ഇവിടെ എല്ലാവരും മെസിയെ രണ്ട് കയ്യും നീട്ടി സ്വീകരിക്കാന്‍ തയ്യാറായിരിക്കുകയാണെന്നാണ് റോബേര്‍ട്ടോ പറഞ്ഞത്.

താരം ക്ലബ്ബിലേക്ക് തിരിച്ചുവരുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പ്രസിഡന്റും കോച്ചുമൊക്കെയാണെന്നും എന്നാല്‍ ക്ലബ്ബിലെ കളിക്കാര്‍ എന്ന നിലയില്‍ മെസി തിരിച്ചുവരാന്‍ തങ്ങള്‍ ഒത്തിരി ആഗ്രഹിക്കുന്നുണ്ടെന്നും റോബേര്‍ട്ടോ പറഞ്ഞു. മുണ്ടോ ഡിപോര്‍ട്ടീവയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘ആരാണിവിടെ മെസിയുടെ തിരിച്ചുവരവ് ആഗ്രഹിക്കാത്തത്. താരം തിരിച്ചുവരുമ്പോള്‍ രണ്ട് കയ്യും നീട്ടി സ്വീകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് മെസിയും ബാഴസലോണ പ്രസിഡന്റുമൊക്കെയാണ്. പക്ഷെ കളിക്കാരെന്ന നിലയില്‍ മെസി ബാഴ്‌സയിലേക്ക് തിരിച്ചുവരാന്‍ ഞങ്ങള്‍ ഒത്തിരി ആഗ്രഹിക്കുന്നുണ്ട്,’ റോബേര്‍ട്ടോ പറഞ്ഞു.

പി.എസ്.ജിയില്‍ മെസിയുടെ കരാര്‍ വരുന്ന ജൂണില്‍ അവസാനിക്കാനിരിക്കേ താരം സ്‌പെയ്‌നിലേക്കോ ഇന്റര്‍മിയാമിയിലേക്കോ ചേക്കേറാനാണ് പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലും താരത്തെ സ്വന്തമാക്കാന്‍ രംഗത്തുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസം എല്‍ ക്ലാസിക്കോയില്‍ നടന്ന മത്സരത്തില്‍ റയലിനെ തോല്‍പിച്ച് ബാഴ്സലോണ വിജയിച്ചിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്സയുടെ ജയം. മത്സരത്തിന്റെ ഒമ്പതാം മിനിട്ടില്‍ റൊണാള്‍ഡ് അരൗഹോയുടെ ഗോളിലൂടെ റയല്‍ മാഡ്രിഡ് ലീഡ് നേടുകയായിരുന്നു.

എന്നാല്‍ 45ാം മിനിട്ടില്‍ സെര്‍ജി റോബേര്‍ട്ടോയുടെ ഗോളിലൂടെ ബാഴ്സലോണ സമനില പിടിച്ചു. ഇഞ്ച്വറി ടൈമില്‍ ഫ്രാങ്ക് കെസിയുടെ ഗോള്‍ ആണ് ബാഴ്സയെ ജയത്തിലേക്ക് നയിച്ചത്. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് തിളങ്ങാന്‍ സെര്‍ജിയോ റോബേര്‍ട്ടോക്ക് സാധിച്ചിരുന്നു.

26 കളിയില്‍ നിന്ന് 68 പോയിന്റുമായി ബാഴ്സയാണ് ലീഗില്‍ ഒന്നാമത്. റയലുമായുള്ള പോയിന്റ് വ്യത്യാസം 12 പോയിന്റായി ഉയര്‍ത്താനും ബാഴ്‌സയ്ക്കായി.

Content Highlights: Sergio Roberto wants Lionel Messi back in Barcelona

We use cookies to give you the best possible experience. Learn more