| Saturday, 6th May 2023, 3:36 pm

വിരമിക്കുന്നതിന് മുമ്പ് മെസിക്കൊപ്പം ബാഴ്‌സയില്‍ ഒരിക്കല്‍ കൂടി കളിക്കണം: ബാഴ്‌സലോണ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ലയണല്‍ മെസിയുടെ തിരിച്ചുവരവിനായി ബാഴ്‌സലോണ കാത്തിരിക്കുകയാണെന്ന് സെര്‍ജി റോബര്‍ട്ടോ. മെസിക്കൊപ്പം ഒരിക്കല്‍ കൂടി കളിക്കാന്‍ അതിയായ ആഗ്രഹമുണ്ടെന്നും റോബര്‍ട്ടോ പറഞ്ഞു. എന്നാല്‍ താരം ക്ലബ്ബിലേക്ക് തിരിച്ചുവരുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പ്രസിഡന്റും കോച്ചുമൊക്കെയാണെന്നും റോബര്‍ട്ടോ പറഞ്ഞു. മുണ്ടോ ഡിപോര്‍ട്ടീവയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘ആരാണിവിടെ മെസിയുടെ തിരിച്ചുവരവ് ആഗ്രഹിക്കാത്തത്. താരം തിരിച്ചുവരുമ്പോള്‍ രണ്ട് കയ്യും നീട്ടി സ്വീകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് മെസിയും ബാഴസലോണ പ്രസിഡന്റുമൊക്കെയാണ്. പക്ഷെ കളിക്കാരെന്ന നിലയില്‍ മെസി ബാഴ്‌സയിലേക്ക് തിരിച്ചുവരാന്‍ ഞങ്ങള്‍ ഒത്തിരി ആഗ്രഹിക്കുന്നുണ്ട്,’ റോബേര്‍ട്ടോ പറഞ്ഞു.

വരുന്ന ജൂണിലാണ് പി.എസ്.ജിയുമായുള്ള മെസിയുടെ കരാര്‍ അവസാനിക്കുക. എന്നാല്‍ ക്ലബ്ബിന്റെ അനുമതിയില്ലാതെ മെസി രാജ്യം വിട്ടത് പി.എസ്.ജിയെ ചൊടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടാഴ്ചത്തേക്ക് മത്സരങ്ങളില്‍ നിന്ന് മെസിയെ വിലക്കുകയും അത്രയും ദിവസത്തെ വേതനം റദ്ദാക്കുകയുമാണ് പി.എസ്.ജി ചെയ്തത്.

തൊട്ടുപിന്നാലെ മെസി പി.എസ്.ജി വിടുകയാണെന്ന വാര്‍ത്തയാണ് പുറത്തുവന്നത്. മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി താരം ക്ലബ്ബില്‍ നിന്ന് പിരിയുകയാണെന്ന കാര്യം പി.എസ്.ജിയെ അറിയിച്ചിട്ടുണ്ടെന്ന് പ്രശസ്ത സ്‌പോര്‍ട്‌സ് ജേണലിസ്റ്റും ഫുട്‌ബോള്‍ എക്‌സ്പര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

വിവാദങ്ങള്‍ക്കൊടുവില്‍ മൗനം വെടിഞ്ഞ മെസി രംഗത്തെത്തിയിരുന്നു. പി.എസ്.ജിയുടെ അനുമതിയില്ലാതെ സൗദി അറേബ്യ സന്ദര്‍ശിച്ചതിന് സഹതാരങ്ങളോട് ക്ഷമാപണം നടത്തിക്കൊണ്ട് മെസി കഴിഞ്ഞ ദിവസം ഒരു വീഡിയോ പങ്കുവെച്ചിരുന്നു. തനിക്ക് ഒഴിച്ചുകൂടാനാവാത്ത യാത്രയായിരുന്നു അതെന്നും മറ്റ മാര്‍ഗമൊന്നും ഇല്ലാത്തതിനാലാണ് അങ്ങനെ ചെയ്തതെന്നും മെസി വീഡിയോയില്‍ പറഞ്ഞു. പ്രായശ്ചിത്തമെന്നോണം ക്ലബ്ബ് പറയുന്നതെന്തും അനുസരിക്കാന്‍ താന്‍ തയ്യാറാണെന്നും മെസി പറഞ്ഞു.

എന്നാല്‍ താരം ബാഴ്‌സലോണയിലേക്ക് തിരികെ പോകുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ബാഴ്‌സലോണക്ക് പുറമെ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലും മെസിയെ സ്വന്തമാക്കാന്‍ രംഗത്തുണ്ട്. 400 മില്യണ്‍ യൂറോയുടെ ഓഫറാണ് മെസിക്ക് മുന്നില്‍ അല്‍ ഹിലാല്‍ വെച്ചിരിക്കുന്നത്.

എന്നിരുന്നാലും മെസി യൂറോപ്പ് വിടില്ലെന്നും ബാഴ്‌സലോണയിലേക്ക് തിരികെയെത്തുമെന്നുമാണ് ആരാധകര്‍ ഒന്നടങ്കം വിശ്വസിക്കുന്നത്.

Content Highlights: Sergio Roberto says he wants play with Messi in Barcelona again

We use cookies to give you the best possible experience. Learn more