സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ടീമിലെത്തിച്ചതിന് പിന്നാലെ പി.എസ്.ജിയുടെ സെര്‍ജിയോ റാമോസിനെ ക്ലബ്ബിലെത്തിക്കാനൊരുങ്ങി അല്‍ നസര്‍. പി.എസ്.ജിയുമായുള്ള റാമോസിന്റ് കരാര്‍ ഈ സീസണോടെ അവസാനിക്കും.
താരത്തിന്റെ കരാര്‍ പുതുക്കാന്‍ ക്ലബ്ബ് തയ്യാറായിരുന്നില്ല. കഴിഞ്ഞ സീസണില്‍ പരിക്ക് മൂലം റാമോസ് കുറഞ്ഞ മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. ഈ സീസണില്‍ താരത്തിന് അവസരങ്ങള്‍ ലഭിച്ചെങ്കിലും ക്ലബ്ബ് ഓഫറുകള്‍ ഒന്നും മുന്നോട്ട് വെക്കാത്തതിനാലാണ് പി.എസ്.ജി വിടുന്നതിനെ പറ്റി റാമോസ് തീരുമാനമെടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
റൊണാള്‍ഡോയുടെ പ്രവേശനത്തിന് ശേഷം ക്ലബ്ബിന്റെ ഓഹരിയിലും ബ്രാന്‍ഡ് മൂല്യത്തിലുമുണ്ടായ വര്‍ധനയില്‍ അമ്പരന്നിരിക്കുകയാണ് അല്‍ നസര്‍.
എണ്ണയില്‍ നിന്നുള്ള വരുമാനത്തിന് പുറമേ ടൂറിസത്തിലും, ഫുട്‌ബോളിലും നിക്ഷേപം നടത്താനുള്ള സൗദിയുടെ തീരുമാനത്തിന്ശേഷം യൂറോപ്പില്‍ നിന്നും ഇനിയും സൂപ്പര്‍ താരങ്ങളെ ടീമിലെത്തിക്കാനുള്ള നെട്ടോട്ടത്തിലാണ് അല്‍ നസറും അല്‍ ഹിലാലുമടക്കമുള്ള വമ്പന്‍ ക്ലബ്ബുകള്‍. തുടര്‍ന്ന് സെര്‍ജിയോ റാമോസ് അടക്കമുള്ള വമ്പന്‍ താരങ്ങളെ ക്ലബ്ബിലെത്തിക്കാന്‍ അല്‍ നസര്‍ ശ്രമങ്ങള്‍ നടത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
പി.എസ്.ജിയില്‍ നിന്നും റാമോസിന് ലഭിക്കുന്ന പ്രതിഫലത്തിന്റെ ഇരട്ടിയാണ് ഇപ്പോള്‍ അല്‍ നസര്‍ താരത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും കൂടാതെ പ്രതിഫലത്തിന് പുറമേ തങ്ങളുടെ പരസ്യങ്ങള്‍ ചെയ്യുന്നതിനും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി അധികം തുക റാമോസിന് നല്‍കാമെന്ന് അല്‍ നസര്‍ വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
റാമോസിനെ കൂടാതെ ബാഴ്‌സലോണയുടെ ഇതിഹാസ താരമായ സെര്‍ജിയോ ബുസ്‌ക്കറ്റ്‌സിനെയും 13 മില്യണ്‍ യൂറോ പ്രതിഫലം നല്‍കി അല്‍ നസര്‍ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നതായി നേരത്തെ ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Content Highlights: Sergio Ramos will sign with Al Nassr, report