'കരിയറിൽ അസൂയ തോന്നിയ താരം അദ്ദേഹമാണ്'; ഇതിഹാസത്തെ കുറിച്ച് സെർജിയോ റാമോസ്
Football
'കരിയറിൽ അസൂയ തോന്നിയ താരം അദ്ദേഹമാണ്'; ഇതിഹാസത്തെ കുറിച്ച് സെർജിയോ റാമോസ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 23rd April 2023, 12:53 pm

കഴിഞ്ഞ ഫെബ്രുവരിയിലാണ് പി.എസ്.ജി സൂപ്പർതാരം സെർജിയോ റാമോസ് സ്പാനിഷ് ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. സ്പെയിനിനായി 18 വർഷം ബൂട്ടുകെട്ടിയ റാമോസ് ടീമിന്റെ ക്യാപ്റ്റനായും തിളങ്ങിയിട്ടുണ്ട്. ദേശീയ ജേഴ്സിയിൽ 180 മത്സരങ്ങളാണ് താരം കളിച്ചത്. 2010ൽ ലോകകപ്പ് നേടിയ സ്പാനിഷ് ടീമിൽ റാമോസ് അംഗമായിരുന്നു.

അർജന്റൈൻ ഇതിഹാസം ലയണൽ മെസിയെ കുറിച്ച് റാമോസ് പറഞ്ഞ വാചകങ്ങൾ ഒരിക്കൽ കൂടി തരംഗമാവുകയാണിപ്പോൾ. മെസിയാണ് കരിയറിൽ തനിക്ക് അസൂയ തോന്നിയിട്ടുള്ള താരമെന്നും അദ്ദേഹത്തോട് ആരാധനയുണ്ടെന്നുമാണ് റാമോസ് പറഞ്ഞത്.

ഫുട്ബോളിൽ പ്രായം ഒരു പ്രശ്നമല്ലെന്നും അത് പ്രകടനത്തെ ബാധിക്കില്ലെന്നും മെസി കാട്ടിത്തന്നിട്ടുണ്ടെന്നും തന്റെ കാര്യത്തിൽ ഭാഗ്യം തുണച്ചില്ലെന്നും റാമോസ് പറഞ്ഞു. മെസിക്ക് പുറമെ ലൂക്ക മോഡ്രിച്ച് പെപ്പെ എന്നീ താരങ്ങളെ കുറിച്ചും റാമോസ് സംസാരിച്ചിരുന്നു.

റാമോസ് റയൽ മാഡ്രിഡിൽ കളിച്ചിരുന്ന സമയത്ത് മെസി എതിർ ടീമായ ബാഴ്‌സലോണയിൽ ബൂട്ടുകെട്ടുന്നുണ്ടായിരുന്നു. കളത്തിൽ ശത്രുക്കളായി തുടർന്ന ഇരുവരുടെയും പിണക്കം ചങ്ങാത്തമായി മാറിയത് ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയിൽ എത്തിയപ്പോഴായിരുന്നു. നിലവിൽ പി.എസ്.ജിക്കായാണ് ഇരുവരും ബൂട്ടുകെട്ടുന്നത്. പ്രായത്തെ മറികടക്കുന്ന പ്രകടനം കാഴ്ചവെച്ച് ആരാധകരുടെ പ്രീതി പിടിച്ചുപറ്റുകയാണ് പാരീസിൽ ഇരുവരും.

അതേസമയം, പി.എസ്.ജിയിൽ മെസിയുടെയും റാമോസിന്റെയും ഭാവി അനിശ്ചിതത്വത്തിലാണ്. ഈ വർഷം ക്ലബ്ബുമായുള്ള ഇരുവരുടയെും കരാർ അവസാനിക്കാനിരിക്കെ താരങ്ങൾ പാരീസിൽ തുടരുമോ എന്നുള്ള കാര്യത്തിൽ ഇനിയും വ്യക്തതയായിട്ടില്ല. രണ്ട് പേരെയും ക്ലബ്ബിൽ നിലനിർത്താൻ പി.എസ്.ജി ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും കരാർ പുതുക്കാൻ ഇരുവരും തയ്യാറായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം, ഫ്രഞ്ച് ലീഗ് വണ്ണിൽ എയ്‌ഞ്ചേഴ്‌സിനെതിരെ നടന്ന മത്സരത്തിൽ പി.എസ്.ജി വിജയിച്ചിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു പി.എസ്.ജി.യുടെ ജയം. കിലിയൻ എംബാപ്പെയാണ് പി.എസ്.ജിക്കായി രണ്ട് ഗോളുകൾ നേടിയത്. മത്സരത്തിന്റെ ഒമ്പതാം മിനിട്ടിൽ മെസിയുടെ തകർപ്പൻ അസിസ്റ്റിലൂടെയാണ് എംബാപ്പെ പന്ത് വലയിലെത്തിച്ചത്.

ഇതോടെ ഫ്രഞ്ച് ലീഗിൽ 15 ഗോളുകളും 15 അസിസ്റ്റുകളും പൂർത്തിയാക്കുന്ന താരമെന്ന ഖ്യാതി മെസി സ്വന്തമാക്കി. ലീഗ് വണ്ണിന്റെ ചരിത്രത്തിൽ മൂന്നാമത്തെ താരമാണ് ഒരു സീസണിൽ 15 ഗോളുകളും 15 അസിസ്റ്റുകളും പൂർത്തിയാക്കുന്നത്. ഹസാർഡും എംബാപ്പെയുമാണ് ഈ നേട്ടം പേരിലാക്കിയ മറ്റ് രണ്ട് താരങ്ങൾ.

ഇതിനുപുറമെ യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ കളിക്കുന്ന താരങ്ങളിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ വഹിച്ച താരമെന്ന റെക്കോഡും മെസി സ്വന്തമാക്കിയിരിക്കുകയാണ്.

ലീഗ് വണ്ണിൽ 32 മത്സരങ്ങളിൽ 24 ജയവും 75 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി. ഏപ്രിൽ 30ന് ലോറിയെന്റിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.

Content Highlights: Sergio Ramos praises the skills and performances of Lionel Messi