ആദ്യം എതിരാളിയായി വന്ന് കളത്തില്‍ കീഴടക്കി, പിന്നീട് സൗഹൃദത്താല്‍ ഹൃദയവും കവര്‍ന്നു: ഇതിഹാസത്തെ കുറിച്ച് റാമോസ്
Football
ആദ്യം എതിരാളിയായി വന്ന് കളത്തില്‍ കീഴടക്കി, പിന്നീട് സൗഹൃദത്താല്‍ ഹൃദയവും കവര്‍ന്നു: ഇതിഹാസത്തെ കുറിച്ച് റാമോസ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 30th May 2023, 1:42 pm

കഴിഞ്ഞ ഫെബ്രുവരിയിലാണ് പി.എസ്.ജി സൂപ്പര്‍താരം സെര്‍ജിയോ റാമോസ് സ്പാനിഷ് ദേശീയ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. സ്പെയിനിനായി 18 വര്‍ഷം ബൂട്ടുകെട്ടിയ റാമോസ് ടീമിന്റെ ക്യാപ്റ്റനായും തിളങ്ങിയിട്ടുണ്ട്. ദേശീയ ജേഴ്സിയില്‍ 180 മത്സരങ്ങളാണ് താരം കളിച്ചത്. 2010ല്‍ ലോകകപ്പ് നേടിയ സ്പാനിഷ് ടീമില്‍ റാമോസ് അംഗമായിരുന്നു.

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെ കുറിച്ച് റാമോസ് പറഞ്ഞ വാചകങ്ങള്‍ ശ്രദ്ധ നേടുകയാണിപ്പോള്‍. മെസിയാണ് കരിയറില്‍ തനിക്ക് അസൂയ തോന്നിയിട്ടുള്ള താരമെന്നും അദ്ദേഹത്തോട് ആരാധനയുണ്ടെന്നുമാണ് റാമോസ് പറഞ്ഞത്.

ഫുട്ബോളില്‍ പ്രായം ഒരു പ്രശ്നമല്ലെന്നും അത് പ്രകടനത്തെ ബാധിക്കില്ലെന്ന് മെസി കാട്ടിത്തന്നിട്ടുണ്ടെന്നും തന്റെ കാര്യത്തില്‍ ഭാഗ്യം തുണച്ചില്ലെന്നും റാമോസ് പറഞ്ഞു.

റാമോസ് റയല്‍ മാഡ്രിഡില്‍ കളിച്ചിരുന്ന സമയത്ത് മെസി എതിര്‍ ടീമായ ബാഴ്‌സലോണയില്‍ ബൂട്ടുകെട്ടുന്നുണ്ടായിരുന്നു. കളത്തില്‍ ശത്രുക്കളായി തുടര്‍ന്ന ഇരുവരുടെയും പിണക്കം ചങ്ങാത്തമായി മാറിയത് ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയില്‍ എത്തിയപ്പോഴായിരുന്നു. നിലവില്‍ പി.എസ്.ജിക്കായാണ് ഇരുവരും ബൂട്ടുകെട്ടുന്നത്. പ്രായത്തെ മറികടക്കുന്ന പ്രകടനം കാഴ്ചവെച്ച് ആരാധകരുടെ പ്രീതി പിടിച്ചുപറ്റുകയാണ് പാരീസില്‍ ഇരുവരും.

അതേസമയം, പി.എസ്.ജിയില്‍ മെസിയുടെയും റാമോസിന്റെയും ഭാവി അനിശ്ചിതത്വത്തിലാണ്. ഈ വര്‍ഷം ക്ലബ്ബുമായുള്ള ഇരുവരുടയെും കരാര്‍ അവസാനിക്കാനിരിക്കെ താരങ്ങള്‍ പാരീസില്‍ തുടരുമോ എന്നുള്ള കാര്യത്തില്‍ ഇനിയും വ്യക്തതയായിട്ടില്ല. രണ്ട് പേരെയും ക്ലബ്ബില്‍ നിലനിര്‍ത്താന്‍ പി.എസ്.ജി ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും കരാര്‍ പുതുക്കാന്‍ ഇരുവരും തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Content Highlights: Sergio Ramos praises Lionel Messi